20 June 2024, Thursday

Related news

June 16, 2024
June 15, 2024
June 11, 2024
June 3, 2024
June 3, 2024
June 2, 2024
June 2, 2024
May 24, 2024
May 8, 2024
May 4, 2024

ഗാസയിലെ 76 ശതമാനം സ്കൂളുകളും ഇസ്രയേല്‍ നശിപ്പിച്ചു

Janayugom Webdesk
ഗാസ സിറ്റി
June 15, 2024 10:25 pm

ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയിലെ 76 ശതമാനത്തിലധികം സ്കൂളുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. മേയ് മാസത്തിലെ ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് യുഎന്നിന്റെ വിശകലനം. സ്കൂളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ക്രമാതീതമായ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗാസയിൽ അഭയകേന്ദ്രങ്ങളായി ഉപയോഗിക്കുന്ന സ്കൂൾ കെട്ടിടങ്ങളിൽ 69 ശതമാനവും ആക്രമിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. 296 സ്കൂളുകളില്‍ 96 ശതമാനത്തിലധികവും ഇസ്രയേൽ സൈനിക ഒഴിപ്പിക്കൽ ഉത്തരവുകൾക്ക് വിധേയമായ പ്രദേശങ്ങളിലാണ്. 

ഗാസയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണം സുസ്ഥിരമായ സാമൂഹിക വളർച്ചയ്ക്കും വികസനത്തിനും തടസം സൃഷ്ടിക്കുകയെന്ന ഉദേശ്യത്തോടു കൂടിയുള്ളതാണ്. വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്നതിലൂടെ പലസ്തീനികളുടെ പ്രതീക്ഷകളെയാണ് ഇസ്രയേല്‍ തകര്‍ക്കുന്നതെന്ന് യുഎന്‍ ചൂണ്ടിക്കാണിക്കുന്നു. ഗാസയിലെ 10 സ്കൂളുകളിൽ എട്ടെണ്ണത്തിനും കേടുപാടുകള്‍ സംഭവിക്കുകയോ പൂര്‍ണമായും നശിപ്പിക്കപ്പെടുകയോ ചെയ്തതായി ഏപ്രിലിൽ യുണിസെഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം 6,20,000 വിദ്യാർത്ഥികളുടെ പഠനമാണ് അനിശ്ചിതത്വത്തിലായത്. 

കെട്ടിടങ്ങളുടെ നാശത്തിന് പുറമേ ആക്രമണങ്ങളിൽ ആയിരക്കണക്കിന് അധ്യാപകരും കൊല്ലപ്പെട്ടിട്ടുണ്ട്. സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ പൂർണമായും സ്തംഭിച്ചു. ഗാസ നഗരത്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇസ്രാ സർവകലാശാല ഇസ്രയേൽ സൈന്യം തകർത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാമ്പസ് നശിപ്പിക്കുന്നതിന് മുമ്പ് മാസങ്ങളോളം സൈനിക താവളമായും തടങ്കൽ കേന്ദ്രമായും ഇസ്രയേൽ ഉപയോഗിച്ചിരുന്നുവെന്ന് സർവകലാശാല അധികൃതർ വെളിപ്പെടുത്തിയിരുന്നു.
മേഖലയിലെ ആകെ ജനസംഖ്യയുടെ പകുതിയോളം പേരും 18 വയസിന് താഴെയുള്ളവരാണ്. ഗാസയിലെ ഭൂരിഭാഗം കുട്ടികളും ഭീതിയിലാണ് കഴിയുന്നത്. പഠിക്കാൻ കഴിയണമെങ്കിൽ, സുരക്ഷിതമായ സ്ഥലത്ത് ആയിരിക്കണം. ചെറിയ കുട്ടികൾക്ക് പോഷകാഹാരക്കുറവ് മൂലം ആജീവനാന്ത വൈജ്ഞാനിക വൈകല്യങ്ങൾ ഉണ്ടാകാം. അതേസമയം കൗമാരക്കാർക്ക് തങ്ങൾ അനുഭവിച്ച അനീതിക്കെതിരെ അക്രമാസക്തമായി പ്രതികരിക്കാനുള്ള മനോഭാവമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ചൈൽഡ് സൈ­ക്യാട്രിസ്റ്റ് ഓഡ്രി മക്‌മഹോൺ പറഞ്ഞു. 

Eng­lish Summary:Israel destroyed 76 per­cent of Gaza­’s schools
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.