ഗാസയില്‍ ഏഴ് ദിവസം നീണ്ടുനിന്ന വെടിനിര്‍ത്തല്‍ അവസാനിച്ചു. ഹമാസിനെതിരെ നടത്തിവന്നിരുന്ന സെെനിക നീക്കം പുനരാരാംഭിച്ചതായി ഇസ്രയേല്‍ പ്രഖ്യാപിച്ചു. തങ്ങളുടെ മേഖലയിലേക്ക് കടന്നുകയറി ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിശദീകരിച്ചാണ് ഇസ്രയേല്‍ നടപടി. ഗാസയില്‍ നിന്നും റോക്കറ്റുകള്‍ പതിച്ചെന്നും ഇസ്രയേല്‍ ആരോപിച്ചു. ബന്ദികളായ എല്ലാ സ്ത്രീകളെയും മോചിപ്പിക്കുമെന്ന വാക്ക് ഹമാസ് പാലിച്ചില്ലെന്നും ഇസ്രയേൽ കുറ്റപ്പെടുത്തി.
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ നീട്ടാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. നാല് ദിവസത്തേയ്ക്കായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്നീട് ഏഴ് ദിവസത്തേയ്ക്ക് നീട്ടുകയായിരുന്നു. ഖത്തറില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായിട്ടായിരുന്നു വെടിനിര്‍ത്തല്‍ മൂന്ന് തവണ നീട്ടിയത്. ആക്രമണം പുനരാരംഭിച്ചെന്ന പ്രഖ്യാപനത്തിന് പിന്നാലെ വടക്കന്‍ ഗാസയില്‍ വ്യോമാക്രമണം ആരംഭിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. വെടിനിർത്തൽ നീട്ടാൻ ഖത്തറിന്റെയും ഈജിപ്തിന്റെയും ശ്രമം തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇസ്രയേൽ ഇന്നലെ രാവിലെ വ്യോമാക്രമണം പുനരാരംഭിച്ചത്. ഗാസ മുനമ്പില്‍ ഇസ്രയേലി ടാങ്കറുകള്‍ നസേറത്തിലെയും ബുറേജിയിലേയും അഭയാര്‍ത്ഥി ക്യാമ്പുകളുടെ സമീപത്ത് ഷെല്ലാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തില്‍ കുട്ടികൾ അടക്കം 21 പലസ്തീനികൾ കൊല്ലപ്പെട്ടു.
വ്യാഴാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ 110 പേരെ മോചിപ്പിച്ചിരുന്നു. ഇസ്രയേല്‍ 240 പേരെയാണ് ഇക്കാലയളവില്‍ മോചിപ്പിച്ചത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേല്‍ മേഖലയിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 1200 പേരാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 14,800 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പലസ്തീന്‍ അധികൃതര്‍ പങ്കുവയ്ക്കുന്ന വിവരം. ഇതില്‍ ആറായിരത്തോളം കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
English Summary:Israel-Hamas conflict; The ceasefire is over
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.