15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 14, 2024
November 14, 2024
November 11, 2024
November 10, 2024
November 9, 2024
November 8, 2024
November 6, 2024
October 31, 2024
October 31, 2024

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം; മരണം 1000 കടന്നു

Janayugom Webdesk
October 8, 2023 10:55 pm

ജറുസലേം: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ മരണം ആയിരം കടന്നു. ഹമാസ് നടത്തിയ ആക്രമണത്തില്‍ 40 സെെനികര്‍ ഉള്‍പ്പെടെ 600 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ആയിരം പേര്‍ക്ക് പരിക്കേറ്റു. പ്രത്യാക്രമണത്തില്‍ ഗാസയില്‍ 400 പേര്‍ കൊല്ലപ്പെടുകയും 1700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഗാസാ മുനമ്പ് കേന്ദ്രീകരിച്ചുള്ള പ്രത്യാക്രമണത്തില്‍ 17 ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. മേഖലയില്‍ പലയിടത്തും വ്യോമാക്രമണങ്ങള്‍ ഉണ്ടായതായി ആഗോളമാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ധന വിതരണം, വൈദ്യുതി ബന്ധം തുടങ്ങിയ സൗകര്യങ്ങള്‍ ഇസ്രയേല്‍ വിച്ഛേദിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഗാസാ മുനമ്പിലെ ഏഴ് വ്യത്യസ്ത പ്രദേശങ്ങളിലെ താമസക്കാരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചു.

ഇസ്രയേല്‍ യുദ്ധത്തിലാണെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഗാസയില്‍ പ്രത്യാക്രമണം ശക്തമാക്കിയത്. ഗാസയിലേക്കുള്ള ചരക്ക് നീക്കം പൂര്‍ണമായും തടയുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഗാസയോടു ചേർന്ന തെക്കൻ ഇസ്രയേലിലെ കഫർ അസ, സ്ദെറോത്, സുഫ, നഹൽ ഓസ്, മാഗെൻ, ബീയിറൈ എന്നീ പട്ടണങ്ങളിലടക്കം 25 കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സേനയുമായി ഏറ്റുമുട്ടല്‍ തുടരുന്നതായി ഹമാസ് അറിയിച്ചു. ഇറാന്റെ പിന്തുണയോടെയാണ് ഇസ്രയേലിനെതിരായ അപ്രതീക്ഷിത ആക്രമണം സാധ്യമാക്കിയതെന്ന് ഹമാസ് വക്താവ് ബിബിസിയോട് പ്രതികരിച്ചു. 5,000 റോക്കറ്റുകൾ തൊടുത്തതായി ഹമാസ് അറിയിച്ചെങ്കിലും 2,200 റോക്കറ്റുകൾ പതിച്ചതായാണ് ഇസ്രയേലിന്റെ സ്ഥിരീകരണം. ഹമാസ് ഇന്റലിജന്‍സ് മേധാവിയുടെ വീടിനുനേരെ ബോംബാക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

നിരവധി ഇസ്രയേല്‍ സെെനികരെയും പൗരന്മാരെയും ഹമാസ് ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ദക്ഷിണ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രത്തിൽ നിന്ന് ഇസ്രയേലിലെ മൂന്നിടങ്ങളിലേക്ക് ശക്തമായ ഷെല്ലാക്രമണം നടന്നു. ലെബനന്‍ അതിര്‍ത്തിയിലെ പോസ്റ്റ് തകര്‍ത്ത് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തി. സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി നാളെ യോഗം ചേരും.

ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കണം: സിപിഐ

ന്യൂഡല്‍ഹി: പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം രക്തരൂക്ഷിതമായ യുദ്ധത്തിലേക്ക് നീങ്ങുകയും ഇരുപക്ഷത്തുമായി നിരവധി പേരുടെ മരണത്തിന് കാരണമാകുകയും ചെയ്തതില്‍ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ഉത്കണ്ഠ രേഖപ്പെടുത്തി. ഇനിയും വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടാതിരിക്കുവാന്‍ ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.
1967ന് മുമ്പുള്ള അതിര്‍ത്തികളും ജറുസലേം തലസ്ഥാനവുമായുള്ള ദ്വിരാഷ്ട്രപരിഹാരത്തെ പിന്തുണച്ച്, ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ ആഗോളസമൂഹം നടത്തണം. ഐക്യരാഷ്ട്രസഭ അംഗീകരിച്ച ദ്വിരാഷ്ട്രപരിഹാരം എന്ന നയം ഇന്ത്യ അസന്ദിഗ്ധമായി ഉയര്‍ത്തിപ്പിടിക്കണമെന്നും സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.

ജാഗ്രത തുടരണമെന്ന് ഇന്ത്യ

സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് പൗരന്മാര്‍ക്ക് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. പ്രദേശിക ഭരണകൂടം നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Eng­lish Summary:Israel-Hamas con­flict; The death toll has crossed 1,000
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.