ഗാസയിലെ ഹമാസ് പോരാളികളും ഇസ്രയേൽ പ്രതിരോധസേനയും തമ്മിൽ കഴിഞ്ഞ അഞ്ചുദിവസമായി തുടരുന്ന പോരാട്ടം സമ്പൂർണ യുദ്ധമായി മാറിക്കഴിഞ്ഞു. ഇരുഭാഗത്തുമായി രണ്ടായിരത്തിലധികംപേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രയേലി സേന തുടർന്നുവരുന്ന പ്രത്യാക്രമണത്തിൽ ആയിരക്കണക്കിന് പലസ്തീനികൾക്ക് പരിക്കേറ്റതായും രണ്ടുലക്ഷത്തിലധികം പേർ അഭയാർത്ഥികളാക്കപ്പെട്ടതായുമാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഹമാസ് പോരാളികൾ രണ്ട് ഡസനിൽപ്പരം അതിർത്തിപോസ്റ്റുകൾ കടന്ന് തെക്കൻ ഇസ്രയേലിൽ സാധാരണ പൗരന്മാർക്കെതിരെ നടത്തിയ ആക്രമണത്തിൽ തൊള്ളായിരത്തോളം ഇസ്രയേലികളും ഇതരരാജ്യങ്ങളിലെ പൗരന്മാരും കൊലചെയ്യപ്പെട്ടു. നൂറോളം സ്ത്രീകളും കുട്ടികളും മുതിർന്നവരും ഹമാസ് പോരാളികളുടെ ബന്ദികളാക്കപ്പെട്ടു. സൈനികപ്രകോപനമൊന്നും കൂടാതെയാണ് ഹമാസ് ആക്രമണം അഴിച്ചുവിട്ടത്. സ്ഫോടനാത്മകമായ അന്തരീക്ഷം നിലനിൽക്കുന്ന, ലോകത്തിലെതന്നെ സംഘർഷഭരിതമായ ഒരുമേഖലയിൽ ഹമാസ് നടത്തിയ കടന്നാക്രമണം അപലപനീയമാണ്. എന്നാൽ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനും ഉടൻ വെടിനിർത്തുന്നതിനും അനുകൂലമായ സമീപനമല്ല ഇന്ത്യയടക്കം ലോകശക്തികൾ പലതും അവലംബിക്കുന്നത്. യുഎസും പാശ്ചാത്യശക്തികളും പരമ്പരാഗതമായി അവലംബിച്ചുപോന്ന നിലപാടുകൾ കടുപ്പിക്കുകയല്ലാതെ സമാധാനശ്രമങ്ങൾക്ക് മുൻകയ്യെടുക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന്റെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായി ഇസ്രയേൽ ഭരണകൂടത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഹമാസ് പോരാളികളെ ഭീകരവാദികളായി മുദ്രകുത്തുകയുമാണ് ഉണ്ടായത്. അത് സാമ്രാജ്യ അധിനിവേശത്തിന് ദീർഘകാലം ഇരകളാവുകയും കോളനിവാഴ്ചയ്ക്കെതിരെയും അടിച്ചമർത്തലുകളെയും ധീരോദാത്തമായി ചെറുത്ത് സ്വാതന്ത്ര്യം നേടിയെടുത്ത ഒരു രാഷ്ട്രത്തിനും ജനതയ്ക്കും അംഗീകരിക്കാവുന്ന നിലപാടല്ല.
മതനിരപേക്ഷ പലസ്തീൻ വിമോചനസംഘടനയ്ക്കെതിരെ (പിഎൽഒ) ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ പിന്തുണയോടെയാണ് ഇസ്ലാമിക തീവ്രസ്വഭാവമുള്ള ഹമാസ് രൂപംകൊണ്ടതും ശക്തിപ്രാപിച്ചതും. ഇന്ന് അവർ ഇസ്രയേലിനെതിരെ ഗാസാമുനമ്പിൽ പൊരുതുന്ന മുഖ്യശക്തിയായി മാറിയിരിക്കുന്നു. ഇസ്രയേലി അധിനിവേശത്തിനെതിരായ പലസ്തീൻ ജനതയുടെ ഒന്നും രണ്ടും ഇന്‍ഡിഫാദയോടെ ഹമാസിനെ തകർക്കുക, ഇസ്രയേലി പ്രതിരോധതന്ത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു. 41 കിലോമീറ്റർ നീളവും ആറ് മുതൽ 12 വരെ കിലോമീറ്റർ വീതിയും 365 കിലോമീറ്റർ മാത്രം വിസ്തീർണവുമുള്ള മുനമ്പിൽ 23 ലക്ഷത്തിൽപ്പരം ജനങ്ങളാണ് തിങ്ങിനിറഞ്ഞിരിക്കുന്നത്. പടിഞ്ഞാറ് മധ്യധരണ്യാഴിയും മറ്റു മൂന്നുഭാഗങ്ങളും മതിലുകളും വേലിക്കെട്ടുകളുംകൊണ്ട് വേർതിരിക്കപ്പെട്ട ഗാസ അക്ഷരാർത്ഥത്തിൽ ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലായാണ് കണക്കാക്കപ്പെടുന്നത്. പലസ്തീനികളുടെ അധീനതയിലുള്ള ഗാസ ജൂതകുടിയേറ്റത്തിന്റെയും ഇസ്രയേലി പ്രധിരോധസേനയുടെ നിരന്തരമായ അതിക്രമങ്ങളുടെയും ഇരയാണ്. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി സമസ്ത അടിസ്ഥാന ആവശ്യങ്ങൾക്കും ലോകത്തിനുമുമ്പിൽ യാചിക്കേണ്ട നരകതുല്യ ജീവിതം നയിക്കാൻ വിധിക്കപ്പെട്ട ഒരു ജനതയാണ് ഗാസയിലെ പലസ്തീനികൾ. ഇസ്രയേൽ രാഷ്ട്രവും തീവ്ര ജൂതവിഭാഗങ്ങളും ആ ജനതയോട് കടുത്ത വർണവിവേചന നയമാണ് അവലംബിക്കുന്നത്.
ലോകത്തെവിടെയും വർണവിവേചനത്തിനും അധിനിവേശത്തിനും അടിച്ചമർത്തലുകൾക്കും എതിരായ നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യ അതിന്റെ നിലപാട് മാറ്റുകയും പ്രതിലോമ നയങ്ങൾ പിന്തുടരുന്ന തീവ്ര വലതുപക്ഷ നെതന്യാഹു ഭരണകൂടത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നത് ജനാധിപത്യ മനഃസാക്ഷിയെ ഞെട്ടിപ്പിച്ചിരിക്കുന്നു. ദക്ഷിണഗോള രാഷ്ട്രങ്ങളുടെ നേതാവായി ഭാവിക്കുന്ന ഇന്ത്യൻ ഭരണകൂടവും നരേന്ദ്രമോഡിയും ആഫ്രിക്കയിലും ഏഷ്യയിലും തെക്കേഅമേരിക്കയിലുമുള്ള സുഹൃദ്‌രാഷ്ട്രങ്ങളെ അവഗണിച്ചാണ് ഇപ്പോൾ യുഎസ് ഉൾപ്പടെയുള്ള പാശ്ചാത്യ സമ്പന്നരാഷ്ട്രങ്ങളോടൊപ്പം ചേർന്നിരിക്കുന്നത്. മോഡിഭരണകൂടത്തിന്റെ ഈ നടപടി രാജ്യത്തെ സിംഹഭാഗം ജനങ്ങളുടെയും അഭിപ്രായത്തെയൊ നിലപാടുകളെയൊ അല്ല പ്രതിഫലിപ്പിക്കുന്നത്. സിപിഐ, സിപിഐ(എം) തുടങ്ങിയ പ്രമുഖ ഇടത് പാർട്ടികളും മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾത്തന്നെ ഹമാസ് നടത്തിയ കടന്നാക്രമണത്തെ അപലപിക്കാനും വിമുഖത കാട്ടിയില്ല. ഗാസയിലെയും ഇസ്രയേലിലെയും ജനങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല ഇത്. റഷ്യ‑ഉക്രെയ്ൻ യുദ്ധത്തിന്റെ കെടുതികൾ നേരിടുന്ന ലോകജനതയ്ക്ക് താങ്ങാനാവാത്ത ദുരിതമായിരിക്കും പുതിയ യുദ്ധം. വെടിനിർത്തലിനും പലസ്തീൻ ജനതയുടെ വിമോചനത്തിനും ഉതകുന്ന നിലപാടും ഇടപെടലുമായിരിക്കണം ഇന്ത്യയുടേത്. അതായിരിക്കും ഇന്ത്യയുടെ വിശാല താല്പര്യങ്ങൾക്കും ഉചിതം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.