14 January 2026, Wednesday

Related news

January 12, 2026
January 12, 2026
December 15, 2025
November 28, 2025
November 8, 2025
November 3, 2025
November 1, 2025
October 31, 2025
October 5, 2025
October 4, 2025

നാശം വിതച്ച് ഇസ്രയേല്‍ ; കൂട്ടപ്പലായനം

Janayugom Webdesk
ടെല്‍ അവീവ്
October 10, 2023 11:14 pm

ഗാസാ മുനമ്പില്‍ സര്‍വനാശം വിതച്ച് ഇസ്രയേല്‍. സംഘര്‍ഷവും ഉപരോധവും ശക്തമായ പ്രദേശത്ത് ജീവിതവും സുരക്ഷിതത്വവും നഷ്ടപ്പെട്ട ജനങ്ങള്‍ പലായനം തുടങ്ങി. രണ്ടു ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. അതിനിടെ ഹമാസ് ധനമന്ത്രി ജാവേദ് അബു ഷമാലയെ വധിച്ചതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊവാവ് ഗല്ലന്റ് അറിയിച്ചു. ഹമാസിന്റെ മുതിര്‍ന്ന നേതാവ് സക്കറിയ അബു മാമറിനി കൊല്ലപ്പെട്ടതായും ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയിലും ഇസ്രയേലിലും യുദ്ധക്കുറ്റകൃത്യങ്ങൾ നടക്കുന്നതിന് കൃത്യമായ തെളിവുകൾ ലഭിച്ചതായി ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി. നാല് ഫ്രഞ്ച് പൗരന്മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 13 പേരെ കാണാനില്ല.

വ്യോമാക്രമണത്തില്‍ ഗാസയിലെ വീടുകള്‍, യുഎന്നിന്റേത് ഉള്‍പ്പെടെ കെട്ടിടങ്ങള്‍, സ്കൂളുകള്‍ തുടങ്ങിയവ തകര്‍ന്നതായി യുഎന്‍ മനുഷ്യാവകാശവിഭാഗം മേധാവി അറിയിച്ചു. സംഘര്‍ഷം നാലാം ദിനം പിന്നിടുമ്പോള്‍ ഒളിക്കാന്‍ ഒരിടവും ബാക്കിയില്ലാത്തവിധം ഹമാസിനെ തകര്‍ത്തുവെന്നാണ് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗരി പറഞ്ഞത്. ഓരോ നാല് മണിക്കൂര്‍ കൂടുമ്പോഴും ഗാസമുനമ്പിന് മുകളില്‍ മിസൈല്‍ വര്‍ഷിച്ചാണ് ഇസ്രയേല്‍ പകപോക്കുന്നത്. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 770 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 4000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെസ്റ്റ്ബാങ്കില്‍ മാത്രം 18 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നും 100 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുഭാഗത്തുമായി മരണസംഖ്യ 3000 കവിഞ്ഞു. ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം തിരിച്ചുപിടിക്കുകയും പ്രദേശത്ത് കുഴിബോംബുകള്‍ സ്ഥാപിക്കുന്നത് തുടരുകയാണെന്നും ഇസ്രയേല്‍ വക്താവ് പറ‌ഞ്ഞു.

തിങ്കളാഴ്ചയ്ക്ക് ശേഷം ഹമാസുകാര്‍ അതിര്‍ത്തി കടന്നിട്ടില്ലെന്നും ഡാനിയേല്‍ പറഞ്ഞു. യുഎസിന്റെ മധ്യേഷന്‍ നയങ്ങളുടെ പരാജയമാണ് ഇസ്രയേല്‍ ഗാസ സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പറഞ്ഞു. പലസ്തീന് രാഷ്ട്ര പദവി നല്‍കുകയെന്നത് അത്യന്താപേക്ഷിതമാണെന്നും പുടിന്‍ പറഞ്ഞു. സംഘര്‍ഷത്തിന് പിന്നാലെ പലസ്തീനുള്ള യൂറോപ്യന്‍ യൂണിയന്‍ സഹായം നിര്‍ത്തിവച്ചതിനെ സ്പെയിന്‍ അപലപിച്ചു. ഇസ്രയേല്‍ ഗാസയ്ക്ക് മേല്‍ മാത്രമാണ് ആക്രമണം നടത്തുന്നതെന്നും അറബ് ലോകത്തിനോ മറ്റ് പലസ്തീനികള്‍ക്കോ നേരെ ആക്രമണമുണ്ടാകില്ലെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ജയിംസ് ക്ലെവര്‍ലി പറ‌ഞ്ഞു.

ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നില്‍ പങ്കില്ല, എന്നാല്‍ ആക്രമണം നടത്തിയവരെ ഇറാന്‍ അഭിനന്ദിക്കുന്നതായി ആയത്തുള്ള അലി ഖമേനി പറഞ്ഞു. സയണിസ്റ്റ് ഭരണകൂടത്തിന്റെ പ്രവര്‍ത്തികളാണ് ഈ ദുരന്തംവരുത്തിവച്ചതെന്നും ഖമേനി പറഞ്ഞു. യുദ്ധം പടരാനിടയായാൽ സാമ്പത്തിക ആഘാതമുണ്ടാകുമെന്ന് ലോക ബാങ്ക് മുന്നറിയപ്പ് നല്‍കി. ഓസ്ട്രേലിയയും സിപ്രസും ഇസ്രയേലില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങി. 30,000 തായ് പൗരന്മാരാണ് ഇസ്രയേലില്‍ ജോലി ചെയ്യുന്നത്. അതിനിടെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിനൊപ്പം തന്നെയെന്ന് ആവര്‍ത്തിച്ച് മോഡി. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിവരിച്ചുവെന്നും ഇസ്രയേലിനൊപ്പമാണ് തങ്ങളെന്ന് അറിയിച്ചെന്നും മോഡി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. രാജ്യത്തിന്റെ നിഷ്പക്ഷ വിദേശ നയത്തില്‍ നിന്നുള്ള വ്യതിയാനം ഇന്നലെയും അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു. സംഘര്‍ഷം ആരംഭിച്ച ദിവസം മോഡി സ്വീകരിച്ച ഏകപക്ഷീയ നിലപാട് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Eng­lish Sum­ma­ry: Israel-Hamas war
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.