നിയന്ത്രണ മേഖല വ്യാപിപ്പിക്കുന്നതിനായി ഗാസയുടെ 50 ശതമാനം ഇസ്രയേല്‍ കെെവശപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പലസ്തീനികളെ മുനമ്പിന്റെ ചെറിയൊരു ഭാഗത്തേക്ക് മാറ്റാനാണ് ഇസ്രയേലിന്റെ പദ്ധതി. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ പ്രദേശം ഗാസ അതിര്‍ത്തിയാണ്. ആ മേഖലയിലുള്ള പലസ്തീനികളുടെ വീടുകളും കൃഷിയിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും വാസയോഗ്യമല്ലാതായിത്തീർന്നിരിക്കുന്നുവെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകള്‍ പറയുന്നു. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനെ സമ്മര്‍ദത്തിലാക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം.
എന്നാൽ മുനമ്പിന്റെ വടക്കും തെക്കും വേർതിരിക്കുന്ന ഇടനാഴി ഉൾപ്പെടെ, ഇസ്രയേലിന്റെ കൈവശമുള്ള ഭൂമി ഗാസയില്‍ ദീർഘകാല നിയന്ത്രണം നിലനിര്‍ത്താന്‍ ഉപയോഗിക്കാമെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകളും വിദഗ്ധരും പറയുന്നു. ഹമാസ് പരാജയപ്പെട്ടാലും ഗാസയിൽ സുരക്ഷാ നിയന്ത്രണം നിലനിർത്തുമെന്നും പലസ്തീനികളെ നാടുകടത്തുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, നിയന്ത്രണ മേഖലകളില്‍ എത്ര സെെനികരെ വിന്യസിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. യുദ്ധത്തിന്റെ ആദ്യ നാളുകളിൽ, ഇസ്രയേൽ സൈന്യം അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് പലസ്തീനികളെ നിർബന്ധിച്ച് ഒഴിപ്പിക്കുകയും ഒരു കിലോമീറ്ററിലധികം ദൂരത്തില്‍ ബഫർ സോൺ സൃഷ്ടിക്കുന്നതിനായി ഭൂമി നശിപ്പിക്കുകയും ചെയ്തുവെന്ന് ബ്രേക്കിങ് ദി സൈലൻസ് റിപ്പോർട്ട് ചെയ്തു. ഗാസ നഗരം ഉൾപ്പെടെയുള്ള വടക്കൻ പ്രദേശത്തെ മുനമ്പിനെ ബാക്കി ഭാഗങ്ങളിൽ നിന്ന് വേര്‍തിരിക്കുന്ന നെറ്റ്സാരിം ഇടനാഴി സൈന്യം പിടിച്ചെടുത്തിരുന്നു.
ജനുവരിയിൽ താൽക്കാലിക വെടിനിർത്തൽ അവസാനിച്ചതിനുശേഷം 12ലധികം പുതിയ സൈനിക ഔട്ട്‌പോസ്റ്റുകളും സ്ഥാപിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. റാഫ നഗരത്തെ ബാക്കി മുനമ്പില്‍ നിന്ന് വേർപെടുത്തിക്കൊണ്ട് തെക്കൻ ഗാസയ്ക്ക് കുറുകെ മറ്റൊരു ഇടനാഴി സ്ഥാപിക്കാനുള്ള പദ്ധതികൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കൃഷിഭൂമി നിരപ്പാക്കാനും ജലസേചന സംവിധാനങ്ങൾ നശിപ്പിക്കാനും സ്കൂളുകളും ഫാക്ടറികളും ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ പൊളിക്കാനും സൈന്യത്തിന് ഉത്തരവുകൾ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.