
ബഹുനില കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയും, ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ചും ഗാസ സിറ്റിയെ പിടിച്ചടക്കാനുള്ള നീക്കം ശക്തമാക്കി ഇസ്രയേല്‍. 24മണിക്കൂറിനിടെ ഗാസ സിറ്റിയില്‍ 68പേര്‍ കൊല്ലപ്പെട്ടു. 362 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 23 പേര്‍ ഭക്ഷണവും സഹായവും തേടി എത്തിയവരാണ്. ഇവരില്‍ 143 പേര്‍ക്ക് പരിക്കേറ്റു ഗാസ നഗരം ഒഴിപ്പിച്ച് ആളുകളെ തുറന്ന കോൺസൺട്രേഷൻ ക്യാമ്പ് പോലെ ഒരുക്കിയ പ്രദേശത്തേക്ക് കൂട്ടത്തോടെ മാറ്റുകയാണ്.നഗരത്തിലെ താമസക്കാർ നിയുക്ത മാനുഷിക മേഖലയിലേക്ക് മാറണം എന്നാണ് ഉത്തരവ്.
ഗാസസിറ്റിയിൽ നിന്ന് തെക്കൻ നഗരമായ ഖാൻ യൂനിസിലെ തീരദേശ പ്രദേശമായ അൽ-മവാസിയിലേക്ക് മാറണമെന്നാണ് ഇസ്രയേൽ പ്രതിരോധ സേനയുടെ നിർദേശം. ഗാസയുടെ ഏകദേശം 75 ശതമാനം ഭാഗവും ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ആക്രമണവും കുടിയൊഴിപ്പിക്കലും ശക്തമായതോടെ അവശേഷിക്കുന്ന ജനങ്ങളുടെ പട്ടിണിയും ദുരിതവും ഇരട്ടിച്ചു. ഗാസയിൽ ഓരോ മണിക്കൂറിലും ഒരു കുഞ്ഞു വീതം കൊല്ലപ്പെടുകയാണെന്ന് സേവ് ദ ചിൽഡ്രൻ എന്ന സന്നദ്ധ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. 2023 ഒക്‌ടോബറിനുശേഷം 20000 കുട്ടികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കുട്ടികളിൽ 1009 പേർ ഒരു വയസിന് താഴെയുള്ളവരായിരുന്നു.
ഗാസയിൽ അടിയന്തരമായി വെടിനിർത്തി തടസ്സമില്ലാതെ സഹായങ്ങൾ എത്തിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെര്‍സോഗിനോട് ആവശ്യപ്പെട്ടു. വത്തിക്കാന്‍ സിറ്റിയിൽ മാർപാപ്പയുമായി കൂടിക്കാഴ്‌ചയ്‌ക്ക് എത്തിയതായിരുന്നു ഇസ്രയേൽ പ്രസിഡന്റ്. യുദ്ധം അവസാനിപ്പിക്കാനുള്ള ഏക പോംവഴി ദ്വിരാഷ്ട്ര പരിഹാരമാണെന്ന് മാർപാപ്പ ആവര്‍ത്തിച്ചു. ക്രൈസ്‌തവരുടെ കൃഷിസ്ഥലങ്ങൾ ജൂത കുടിയേറ്റക്കാർ നശിപ്പിക്കുന്നതിലും പ്രദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിലും ഗാസയിലെയും അധിനിവേശ വെസ്‌റ്റ്‌ബാങ്കിലെയും ക്രൈസ്‌തവ പുരോഹിതർ പ്രതിഷേധിച്ചിരുന്നു. വത്തിക്കാനും ഇത്തരം സംഭവങ്ങളെ അപലപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.