മിസൈൽ ആക്രമണത്തിന് മറുപടിയായി ഇറാന്റെ ആണവകേന്ദ്രങ്ങളും എണ്ണ ശാലകളും ആക്രമിക്കാൻ പദ്ധതിയിട്ട് ഇസ്രായേൽ . ഇറാൻ മിസൈൽവർഷം നടത്തിയതിലൂടെ വലിയ തെറ്റാണ് ചെയ്തതെന്നും കനത്തവില നൽകേണ്ടി വരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി എന്നാൽ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ തുനിഞ്ഞാൽ പിന്തുണയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഇസ്രയേലിൽ 180 മിസൈലുകൾ ഇറാൻ വർഷിച്ചതിനു ശേഷം അത്തരം പ്രതികാര നടപടിയെ പിന്തുണക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമേൽ പുതിയ ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി ടെലിഫോണിൽ സംസാരിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ ജി7 നേതാക്കൾ അപലപിച്ചതായും ഇസ്രയേലിനും അവിടുത്തെ ജനങ്ങൾക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും ബൈഡൻ ആവർത്തിച്ചതായും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
അതേസമയം ലബനനിലെ അതിർത്തി ഗ്രാമങ്ങളിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിൽ നേർക്കുനേർ പോരാട്ടം ശക്തമായി തുടരുകയാണ്. ഏറ്റുമുട്ടലിൽ 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. തെക്കൻ ലബനനിലെ അതിർത്തി ഗ്രാമങ്ങളിൽ നുഴഞ്ഞുകയറിയ ഇസ്രയേൽ സൈന്യവുമായി ഹിസ്ബുള്ള സായുധസംഘം ഏറ്റുമുട്ടിയതായി ഹിസ്ബുള്ള അറിയിച്ചു. ലബനനിലെ പോരാട്ടത്തിൽ രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ലബനീസ് അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.