
തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍. തെക്കൻ ലെബനനിൽ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ എലൈറ്റ് റദ്‍വാന്‍ ഫോഴ്സിലെ നാല് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേലിന്റെ ഭീഷണി. കഫാർ റെമാൻ പട്ടണത്തിൽ നടന്ന ആക്രമണം റദ്‍വാന്‍ ഫോഴ്സ് മേധാവിയെ ലക്ഷ്യം വച്ചായിരുന്നു. പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആയുധങ്ങൾ കൈമാറുന്നതിലും തെക്കൻ ലെബനനിൽ
“ഭീകര അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നുവെന്ന് ഇസ്രയേല്‍ പറയുന്നു.
2024 നവംബര്‍ മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടായിരുന്നിട്ടും തെക്കന്‍ ലെബനനിലെ അഞ്ച് പ്രദേശങ്ങളില്‍ ഇസ്രയേല്‍ സെെന്യത്തെ നിലനിര്‍ത്തുകയും പതിവായി ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഹിസ്ബുള്ളയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ലെബനന്‍ സര്‍ക്കാര്‍ വെെകിപ്പിക്കുകയാണെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സിന്റെ ആരോപണം. ഹിസ്ബുള്ളയെ നിരായുധീകരിക്കാനും തെക്കൻ ലെബനനിൽ നിന്ന് അതിനെ നീക്കം ചെയ്യാനുമുള്ള ലെബനൻ സർക്കാരിന്റെ പ്രതിബദ്ധത നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു വർഷത്തിലേറെയായി ഇസ്രയേലുമായുള്ള സംഘര്‍ഷം മൂലം ഹിസ്ബുള്ള വളരെ ദുർബലമായിരുന്നെങ്കിലും ആയുധധാരികളായും സാമ്പത്തികമായും സ്ഥിരതയുള്ളവരായി തുടരുന്നു. 2024 സെപ്റ്റംബറിൽ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‍റല്ലെയയും മറ്റ് നിരവധി മുതിര്‍ന്ന നേതാക്കളെയും ഇസ്രയേല്‍ കൊലപ്പെടുത്തിയിരുന്നു. നവംബറിൽ യുഎസ് മധ്യസ്ഥതയിൽ ഒപ്പുവച്ച വെടിനിർത്തൽ വ്യവസ്ഥകൾ പ്രകാരം, ദേശീയ സുരക്ഷാ സേനയ്ക്ക് മാത്രമേ ആയുധങ്ങൾ വഹിക്കാൻ അനുവാദമുള്ളൂ.
ഫലത്തിൽ ഹിസ്ബുള്ളയുടെ പൂർണമായ നിരായുധീകരണം ആവശ്യപ്പെടുന്ന വ്യവസ്ഥയായിരുന്നു ഇത്. വെടിനിര്‍ത്തലിന് പ്രതിജ്ഞാബദ്ധരാണെങ്കിലും നിരായുധീകരണ വ്യവസ്ഥ തെക്കൻ ലെബനന് മാത്രമേ ബാധകമാകൂ എന്ന് ഹിസ്ബുള്ള വാദിക്കുന്നു. ഇസ്രയേല്‍ തങ്ങള്‍ക്കെതിരെ നീങ്ങിയാല്‍ വീണ്ടും സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഹിസ്ബുള്ള സൂചന നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.