
ഗാസ നഗരം കീഴടക്കാനുള്ള പദ്ധതിക്ക് പ്രതിരോധ മന്ത്രി അംഗീകാരം നല്‍കിയതോടെ റിസർവ് സെെനികരെ തിരികെ വിളിക്കാനൊരുങ്ങി ഇസ്രയേല്‍. ഗാസയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചില പ്രദേശങ്ങളിൽ പ്രവർത്തനം ആരംഭിക്കാനുള്ള പദ്ധതികൾക്ക് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അംഗീകാരം നൽകിയതായും 60,000 റിസർവ് സെെനികരെ വിന്യസിക്കുമെന്നും 20,000 പേരുടെ സേവനം കൂടി ദീർഘിപ്പിക്കുമെന്നും സൈന്യം അറിയിച്ചു.
ഗാസയിൽ മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാകുമെന്ന് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് ഈ പ്രഖ്യാപനം. ഗാസ നഗരത്തിലും പരിസരത്തും കൃത്യമായതും പ്രത്യേക ലക്ഷ്യം നിശ്ചയിച്ചിട്ടുള്ളതുമായ പ്രവർത്തനം ഉൾപ്പെടുന്നതാണ് പുതിയ ഘട്ട പോരാട്ടമെന്ന് സെെന്യം അറിയിച്ചു. പ്രാരംഭ ഘട്ടമായി സെയ്‌തൂൺ, ജബാലിയ എന്നീ മേഖലകളില്‍ സൈന്യം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഗാസയിലെ ഏറ്റവും വലിയ നഗരം പിടിച്ചെടുക്കാനുള്ള ഇസ്രയേൽ പദ്ധതി നടപ്പിലാക്കുന്നതോടെ ലക്ഷക്കണക്കിന് ആളുകളെ തെക്കൻ പ്രദേശങ്ങളിലെ കോൺസെൻട്രേഷൻ മേഖലകളിലേക്ക് മാറ്റാൻ കഴിയും.
അധിനിവേശ വെസ്റ്റ് ബാങ്കിലെ വിവാദ കുടിയേറ്റ പദ്ധതിക്കും ഇസ്രയേൽ അന്തിമ അനുമതി നൽകി. വെസ്റ്റ് ബാങ്കിനെ രണ്ടായി വിഭജിക്കുന്ന പദ്ധതി പലസ്തീൻ രാഷ്ട്രത്തിനായുള്ള ശ്രമങ്ങള്‍ വിഫലമാക്കുമെന്ന് പലസ്തീനികളും അവകാശ ഗ്രൂപ്പുകളും പറയുന്നു. ജറുസലേമിന് കിഴക്കുള്ള തുറന്ന ഭൂപ്രദേശമായ ഇ വണ്ണിലെ കുടിയേറ്റ വികസനം രണ്ട് പതിറ്റാണ്ടിലേറെയായി പരിഗണനയിലാണെങ്കിലും മുൻ ഭരണകൂടങ്ങളുടെ കാലത്ത് യുഎസ് സമ്മർദം കാരണം അത് മരവിപ്പിക്കപ്പെട്ടു. പദ്ധതിക്കെതിരായ അവസാന ഹർജികൾ നിരസിച്ചതിനെത്തുടർന്നാണ് പ്ലാനിങ് ആന്റ് ബില്‍ഡിങ് കമ്മിറ്റിയിൽ നിന്ന് അന്തിമ അംഗീകാരം ലഭിച്ചത്.
പ്രക്രിയ വേഗത്തിൽ നീങ്ങുകയാണെങ്കിൽ, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളും ഏകദേശം ഒരു വർഷത്തിനുള്ളിൽ വീടുകളുടെ നിർമ്മാണവും ആരംഭിക്കും. മാലെ അദുമിമിന്റെ അധിവാസ കേന്ദ്രം വികസിപ്പിക്കുന്നതിനായി ഏകദേശം 3,500 അപ്പാർട്ടുമെന്റുകൾ പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് നേരത്തെ പറഞ്ഞിരുന്നു. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച പാശ്ചാത്യ രാജ്യങ്ങൾക്കുള്ള മറുപടിയെന്ന നിലയിലാണ് സ്മോട്രിച്ച് ഇതിനെ വിശേഷിപ്പിച്ചത്.
വെടിനിര്‍ത്തലിനുള്ള നിര്‍ദേശം ഹമാസ് അംഗീകരിച്ച സാഹചര്യത്തില്‍തന്നെ രണ്ട് പദ്ധതികളുമായി മുന്നോട്ടുപോകാനുള്ള ഇസ്രയേലിന്റെ ശ്രമം സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് കരുതുന്നത്. ഗാസ സിറ്റിയിൽ പുതിയ വലിയ തോതിലുള്ള ആക്രമണത്തിനും വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റങ്ങൾ വൻതോതിൽ വികസിപ്പിക്കാനുമുള്ള നീക്കത്തോടെ മധ്യപൂർവദേശത്ത് സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇസ്രയേൽ ഇല്ലാതാക്കുകയാണെന്ന് ജോർദാൻ ചൂണ്ടിക്കാട്ടി. നിർദിഷ്ട പദ്ധതി ദുരന്തത്തിലേക്ക് നയിക്കുമെന്നും മേഖലയെ സ്ഥിരമായ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു. ജര്‍മ്മനിയും ഇസ്രയേല്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തി. ഗാസ നഗരം പിടിച്ചെടുക്കുന്നതിനായുള്ള സെെനിക വിപുലീകരണത്തിനിടെ ഒരു ഭാഗിക കരാറിൽ താല്പര്യമില്ലെന്നാണ് ഇസ്രയേലിന്റെ ഇതുവരെയുള്ള നിലപാട്. എങ്കിലും വെടിനിര്‍ത്തല്‍ കരാറില്‍ മധ്യസ്ഥര്‍ക്ക് നാളെ മറുപടി നല്‍കുമെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്. ഹമാസ് അംഗീകരിച്ച ഗാസയിലെ ഏറ്റവും പുതിയ വെടിനിർത്തൽ നിർദേശം ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവച്ച പദ്ധതിക്ക് സമാനമാണ്. വിറ്റ്കോഫിന്റെ പദ്ധതി നേരത്തെ ഇസ്രയേല്‍ അംഗീകരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.