
ലെബനനിലെ പലസ്തീനിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഐൻ എൽ‑ഹിൽവേയിലെ ക്യാമ്പിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുമായുള്ള വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ലെബനനിൽ ഇസ്രയേല്‍ നടത്തിയ ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നായിരുന്നു നടന്നത്. തെക്കൻ തുറമുഖ നഗരമായ സിഡോണിനടുത്തുള്ള ഹമാസ് പരിശീലന കേന്ദ്രമായിരുന്നു ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വാദം. പ്രദേശം കേന്ദ്രീകരിച്ച് ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നതായും സൈന്യം ആരോപിച്ചു.
ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ക്യാമ്പിനുള്ളിലെ ഖാലിദ് ബിൻ അൽ‑വാലിദ് പള്ളിക്ക് സമീപത്തെ കാർ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടത്തിയതായി സർക്കാർ നടത്തുന്ന ദേശീയ വാർത്താ ഏജൻസി അറിയിച്ചു. തുടർന്ന്, പള്ളിയെയും സമീപത്തുള്ള ഖാലിദ് ബിൻ അൽ‑വാലിദ് സെന്ററിനെയും ലക്ഷ്യമാക്കി മൂന്ന് മിസൈലുകളും പതിച്ചു. ഹമാസുമായുള്ള യുദ്ധത്തിന് പിന്നാലെയാണ് ലെബനനുമായുള്ള ഏറ്റുമുട്ടല്‍ ഇസ്രയേല്‍ ശക്തമാക്കിയത്. ഒരു വര്‍ഷത്തിന് മുമ്പ് നടന്ന ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെയും ഹമാസിന്റെയും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. 2024 ജനുവരി നാലിന് ബെയ്റൂട്ടിലുണ്ടായ ആക്രമണത്തില്‍ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം തലവനും സൈനിക വിഭാഗത്തിന്റെ സ്ഥാപകനുമായ സാല അരൗരി കൊല്ലപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.