വടക്കൻ ഗാസയിൽ ഇസ്രയേലിന്റെ ആക്രമണത്തിൽ ബന്ദിയായ യുവതി കൊല്ലപ്പെട്ടതായി ഹമാസ്. ബന്ദികളിൽ ചിലരുടെ അവസ്ഥ എന്തെന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കൊലപാതകത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനാണെന്നും ഹമാസ് ആരോപിച്ചു. കൊല്ലപ്പെട്ട ബന്ദിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയതായി ഇസ്രയേൽ സൈനിക വക്താവ് പ്രതികരിച്ചു. എന്നാല്‍ യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ബന്ദിമോചനം ആവശ്യപ്പെട്ട് നെതന്യാഹു സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഒരു ബന്ദി കൂടി മരണപ്പെട്ട വാര്‍ത്ത പുറത്ത് വരുന്നത്.
ഹമാസ് 251പേരെ ബന്ദികളാക്കിയതില്‍ 97 പേര്‍ ഇപ്പോഴും ഗാസയില്‍ തടവിലാണ്. ഇതില്‍ 34 പേര്‍ മരിച്ചുവെന്ന് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ ഒരാഴ്ച നീണ്ടുന്നിന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 240 പലസ്തീന്‍ തടവുകാരെ വിട്ട് നല്‍കിയതിന്റ ഭാഗമായി 80 ഇസ്രയേലി പൗരന്മാര്‍ ഉള്‍പ്പെടെ 105 ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു.
ഒക്ടോബര്‍ ഏഴ് മുതലുള്ള എല്ലാ ശനിയാഴ്ച വൈകുന്നേരങ്ങളിലും ബന്ദിമോചനം ആവശ്യപ്പെട്ട് ഇസ്രയേലിലുടനീളം പ്രതിഷേധക്കാര്‍ ഒത്തുകൂടാറുണ്ടായിരുന്നു. എന്നാല്‍ ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പൂര്‍ണമായും പിന്‍മാറാതെ ബന്ദി മോചനം സാധ്യമാവില്ലെന്ന് ഹമാസും യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് നെതന്യാഹുവും നിലപാട് സ്വീകരിച്ചതോടെ നീണ്ടുപോവുകയായിരുന്നു.
അതേസമയം, സുരക്ഷാ മന്ത്രിസഭയുടെ യോഗ തീരുമാനങ്ങൾ ഉൾപ്പെടെ സുപ്രധാന വിവരങ്ങൾ ചിലർ ചോർത്തിയെന്ന് ആരോപിച്ച് നെതന്യാഹു രംഗത്തുവന്നു. തന്നെ താറടിക്കാൻ നടന്ന ശ്രമങ്ങൾ ഇസ്രയേലിന്റെ സുരക്ഷക്കാണ് ഭീഷണിയായതെന്നും നെതന്യാഹു പറഞ്ഞു. രഹസ്യ രേഖ ചോർത്തൽ സംഭവത്തിൽ അറസ്റ്റിലായ തന്റെ സഹായി നിരപരാധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, നെതന്യാഹുവിന്റെ വാദങ്ങൾ പരിഹാസ്യമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് യായിർ ലാപിഡിന്റെ പ്രതികരണം.
അതിനിടെ, ഗാസയിൽ രണ്ടു ദിവസത്തിനിടെ 128 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്റെ വംശഹത്യയില്‍ ഇതുവരെ 44,176 പേരാണ് കൊല്ലപ്പെട്ടത്. 1,04,567 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വടക്കൻ ഗാസയിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ പട്ടിണി മരണം വ്യാപകമാകുമെന്ന് യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി. യുദ്ധക്കുറ്റം ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് മറികടക്കാൻ യുഎസുമായി നെതന്യാഹു ആശയവിനിമയം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.