12 December 2025, Friday

Related news

December 5, 2025
November 25, 2025
October 11, 2025
October 3, 2025
July 20, 2025
July 3, 2025
April 8, 2025
January 29, 2025
November 26, 2024
October 28, 2024

ലെബനനിലെ ഇസ്രയേൽ ആക്രമണം: സിപിഐ അപലപിച്ചു

Janayugom Webdesk
ന്യൂഡൽഹി
September 29, 2024 10:43 pm

ലെബനനിലെ ഇസ്രയേൽ ആക്രമണത്തെയും ഹിസ്ബുള്ള നേതാവ് ഹസൻ നസ്റല്ലയെ കൊലപ്പെടുത്തിയതിനെയും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അപലപിച്ചു. ഇതിനകം തന്നെ അസ്ഥിരമായ ഒരു പ്രദേശത്ത് അതിക്രമങ്ങൾ വർധിപ്പിക്കുന്നതിന് മാത്രമേ ഈ നടപടി സഹായിക്കൂ എന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. 2023 ഒക്ടോബർ ഏഴ് മുതൽ, 16,000ത്തിലധികം കുട്ടികൾ ഉൾപ്പെടെ 43,000ലധികം പലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടു. ഏകദേശം 20 ലക്ഷം ഗാസക്കാർ പലായനം ചെയ്തു. ഒരു പ്രതിരോധ പ്രസ്ഥാനമെന്ന നിലയിൽ ഹിസ്ബുള്ള, പലസ്തീന്റെ ന്യായമായ ലക്ഷ്യത്തെ പിന്തുണയ്ക്കുകയും ലെബനനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ ചെറുക്കുകയും ചെയ്യുന്നു. നസ്റല്ലയുടെ കൊലപാതകം പ്രത്യാക്രമണങ്ങൾക്ക് പ്രേരണ നൽകാനും ഹിസ്ബുള്ള, ഇസ്രയേൽ, അയൽ രാജ്യങ്ങൾ എന്നിവയ്ക്കിടയിൽ കൂടുതൽ സംഘർഷങ്ങൾ വർധിപ്പിക്കാനും സാധ്യതയുണ്ട്. ഇത് മേഖലയെ നിസംശയമായും അസ്ഥിരപ്പെടുത്തുകയും സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.

ലെബനനിലെയും ഗാസയിലെയും ജനങ്ങൾക്കെതിരായ അപകടകരമായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. യുഎൻ നിര്‍ദേശിച്ച ദ്വിരാഷ്ട്ര പരിഹാരത്തിന് മാത്രമേ മേഖലയിൽ സമാധാനം കൊണ്ടുവരാൻ കഴിയൂ. 1967ന് മുമ്പുള്ള അതിർത്തികളും കിഴക്കൻ ജെറുസലേം തലസ്ഥാനവുമുള്ള ഒരു സ്വതന്ത്ര പലസ്തീനിയൻ മാതൃരാജ്യത്തിനായുള്ള ചർച്ചകളും നയതന്ത്രസമീപനങ്ങളും മാത്രമാണ് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള ഏക പ്രായോഗിക മാർഗം. 

പലസ്തീനിലെയും ലെബനനിലെയും ജനങ്ങളോട് അചഞ്ചലമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്, യുഎസ് ഇസ്രയേലി അനുകൂല നിലപാടുകൾ സ്വീകരിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇസ്രയേലി ആക്രമണത്തെ ചെറുക്കുന്നതിനും പലസ്തീനിലെയും ലെബനനിലെയും ജനങ്ങളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും ഇടതുപക്ഷ പാർട്ടികളുമായി ചേർന്ന് ഒക്ടോബർ ഏഴിന് പ്രകടനങ്ങൾ സംഘടിപ്പിക്കാൻ സിപിഐ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.