19 January 2026, Monday

Related news

November 23, 2025
November 19, 2025
November 8, 2025
November 8, 2025
November 4, 2025
October 11, 2025
October 6, 2025
October 2, 2025
September 30, 2025
September 28, 2025

പലസ്തീനെ തുടച്ചുനീക്കാന്‍ ഇസ്രയേല്‍ ശ്രമം: ഷാവേഷ്

Janayugom Webdesk
കോഴിക്കോട്
October 2, 2025 10:51 pm

പലസ്തീനെ ചരിത്രത്തില്‍ നിന്നും തുടച്ചുനീക്കാനാണ് ഇസ്രായേലിന്റേയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റേയും ശ്രമമെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ ഡോ. അബ്ദുള്ള എം അബു ഷാവേഷ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന വംശഹത്യക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ കോഴിക്കോട്ട് മുതലക്കുളത്ത് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീന് ആയിരക്കണക്കിന് വർഷത്തെ ചരിത്രമുണ്ട്. ജൂതരുടെ പഴയ നിയമത്തിൽ പലസ്തീനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ജൂതരുടെ പുണ്യഗ്രന്ഥത്തിൽ പോലും ചരിത്രത്തിൽ പലസ്തീന്റെ പ്രാധാന്യത്തെയാണ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്നും അ­ദ്ദേഹം പറഞ്ഞു. അതിർത്തികൾക്കപ്പുറത്ത് മനുഷ്യത്വത്തിന്റെ ശബ്ദം കേരളത്തിൽ നിന്ന് ഉയരുന്നതിൽ സന്തോഷമുണ്ട്. കേരളത്തിന് ഒരു ചരിത്രമുണ്ട്. അത് അടിച്ചമർത്തപ്പെട്ടവർക്ക് ഒപ്പം നിൽക്കുന്ന ചരിത്രമാണ്. പലസ്തീനികൾക്കൊപ്പം നിൽക്കുന്ന ചരിത്രമാണ്. ഞങ്ങൾക്ക് ചരിത്രമാണ് എല്ലാം. പക്ഷേ മറവിരോഗം ബാധിച്ചവർക്ക് ഒന്നും ഓർമയുണ്ടാവില്ല. പലസ്തീൻ ജനത പോരാട്ടം തുടരുകയാണ്. ഈ നിമിഷം തന്റെ കുടുംബം അഭയാർത്ഥി ക്യാമ്പിലാണ്. ആയിരക്കണക്കിന് മനുഷ്യരാണ് ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഐക്യദാർഢ്യം ഉണ്ടാവുന്നതിൽ ആശ്വാസമുണ്ട്. 66,000 ത്തോളം പലസ്തീൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്. 12,000 മുതൽ 15,000 വരെ ആളുകളെ കാണാതായി. അവർ എവിടെയാണെന്ന് ആർക്കും അറിയില്ല. ബോംബിംഗിൽ അവരെല്ലാം ചിതറിപ്പോയോ എന്നും വ്യക്തതയില്ല. ഓരോ മനുഷ്യർക്കും വേണ്ടി എഴുപത് കിലോ വീതം സ്ഫോടക വസ്തുക്കളാണ് വിനിയോഗിച്ചത്. യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാന്‍ പരിശ്രമിച്ച 252 മാധ്യമ പ്രവർത്തകരാണ് കൊലചെയ്യപ്പെട്ടതത്. മുഖ്യധാരാ മാധ്യമങ്ങൾ പലപ്പോഴും പലസ്തീന്റെ വാക്കുകൾക്ക് ഇടം നൽകുന്നില്ല. അവർ ഇസ്രയേലിനോടും അമേരിക്കയോടും വിധേയത്വം പുലർത്തുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ മലയാളികൾ സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളെ പിന്തുണയ്ക്കണം. മൊബൈൽ ഫോണും ലാപ്ടോപ്പും തങ്ങൾക്കായി ഉപയോഗപ്പെടുത്തണം. നെതന്യാഹുവിന്റെ സമൂഹ മാധ്യമ പോസ്റ്റുകൾക്കിടയിൽ നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയണം. ഇന്ത്യയോട് വലിയ ആദരവുണ്ട്. പലസ്തീൻ പോരാട്ടത്തെ ആദ്യം പിന്തുണച്ച രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യയിൽ നിന്ന് കൂടുതൽ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ജില്ലാ സെക്രട്ടറി എം മെഹബൂബ് അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി സന്തോഷ് കുമാർ എംപി, ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് സ്വാഗതം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, പ്രൊഫ. എം പി അബ്ദുൾ വഹാബ്, സാബു ജോർജ്, അഡ്വ. മുഹമ്മദ് ഇഖ്ബാൽ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, മുന്‍ എംപി എളമരം കരീം, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ കെ ബാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.