20 January 2026, Tuesday

Related news

January 16, 2026
January 13, 2026
December 31, 2025
December 29, 2025
December 28, 2025
December 26, 2025
December 18, 2025
December 7, 2025
December 5, 2025
December 5, 2025

ഇസ്രയേലിന്റെ ക്രൂരത അവസാനിച്ചില്ല; പലസ്തീനികള്‍ ഭൂഗര്‍ഭ ജയിലില്‍

ഭൂരിഭാഗം പേര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല 
Janayugom Webdesk
ടെല്‍ അവീവ്
November 8, 2025 9:25 pm

ഗാസയില്‍ നിന്നുള്ള നിരവധി പലസ്തീനികളെ ഇസ്രയേല്‍ ഭൂഗര്‍ഭ ജയിലില്‍ തടവിലാക്കിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. വെളിച്ചം കടക്കാത്ത കുടുസു മുറികളില്‍ തടവുകാരെ പട്ടിണിക്കിട്ടിരിക്കുകയാണെന്നാണ് പബ്ലിക് കമ്മിറ്റി എഗൈൻസ്റ്റ് ടോർച്ചർ ഇൻ ഇസ്രയേലിലെ (പിസിഎടിഐ) അഭിഭാഷകര്‍ പറയുന്നത്. കുറ്റം ചുമത്താതെയോ വിചാരണ കൂടാതെയോ തടവിൽ കഴിയുന്നവരാണ് ഭൂഗര്‍ഭ തടങ്കല്‍ കേന്ദ്രമായ റാക്കെഫെറ്റ് സമുച്ചയത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. റംലയിലെ ഒരു വലിയ ജയിൽ സമുച്ചയത്തിന്റെ ഭാഗമാണിത്. മറ്റ് ഇസ്രയേല്‍ ജയിലുകളില്‍ നടക്കുന്ന പതിവ് മര്‍ദനങ്ങളും പീഡന മുറകളും ഭൂഗര്‍ഭ ജയിലുകളിലുമുണ്ട്. ജനാലകളില്ലാത്തതും വായുസഞ്ചാരമില്ലാത്തതുമായ സെല്ലുകളില്‍ മൂന്നോ നാലോ തടവുകാരുള്ളത്. സെല്ലിന് പുറത്ത് വളരെ പരിമിതമായ സമയമേ അവർക്ക് ലഭിക്കുന്നുള്ളൂ. ചിലപ്പോൾ ഒരു ദിവസം രണ്ടുതവണ അഞ്ച് മിനിറ്റ് മാത്രം. പുലർച്ചെ, സാധാരണയായി പുലർച്ചെ നാല് മണിക്ക് മെത്തകൾ എടുത്തുകൊണ്ടുപോകും. ​രാത്രി വൈകി മാത്രമേ തിരികെ കൊണ്ടുവരൂ. സെല്ലുകൾ, അഭിഭാഷകരുടെ മീറ്റിങ് റൂം എന്നിവയെല്ലാം ഭൂമിക്കടിയിലാണ്. അതിനാല്‍ തടവുകാര്‍ പ്രകൃതിദത്തമായ വെളിച്ചമില്ലാതെയാണ് ജീവിക്കുന്നത്.
ഇസ്രയേലിലെ ഏറ്റവും അപകടകാരികളായ സംഘടിത കുറ്റകൃത്യ പ്രതികളെ പാർപ്പിക്കുന്നതിനായി 1980 കളുടെ തുടക്കത്തിലാണ് റാക്കെഫെറ്റ് ജയില്‍ തുറന്നത്. എന്നാല്‍ ഏതാനു വര്‍ഷങ്ങള്‍ക്ക് ശേഷം അടച്ചുപൂട്ടി. 2023 ഒക്ടോബർ ഏഴിനു ശേഷം തീവ്ര വലതുപക്ഷ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ‑ഗ്വിര്‍ ഇത് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഉത്തരവിട്ടു. തുടക്കത്തിൽ, കനത്ത സുരക്ഷ ആവശ്യമുള്ള ജീവനക്കാരെയാണ് റാക്കെറെറ്റ് ജയിലില്‍ താമസിപ്പിച്ചിരുന്നത്. 1985ൽ ഇത് അടച്ചുപൂട്ടിയപ്പോൾ 15 പുരുഷ തടവുകാര്‍ മാത്രമേ ജയിലിലുണ്ടായിരുന്നുള്ളു. എന്നാല്‍ സമീപ മാസങ്ങളിൽ ഏകദേശം 100 പേരെ അവിടെ തടവിലാക്കിയിട്ടുണ്ടെന്ന് പിസിഎടിഐക്ക് ലഭിച്ച ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
യുദ്ധകാലത്ത് ഗാസയിൽ തടവുകാരായി പിടിക്കപ്പെട്ട പലസ്തീനികളിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഇസ്രയേലിന്റ ക്ലാസിഫൈഡ് ഡാറ്റ സൂചിപ്പിക്കുന്നു. ഭാവിയിലെ ചര്‍ച്ചകളില്‍ വിലപേശല്‍ മാര്‍ഗങ്ങളായി മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത് നിയമാനുസൃതമാണെന്ന് 2019ൽ ഇസ്രയേല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഗാസയില്‍ നിന്നുള്ള ജീവിച്ചിരിക്കുന്ന തടവുകാരുടെ കാര്യത്തിലും ഇത് തന്നെയാണ് ചെയ്യുന്നതെന്ന് അവകാശ സംഘടനകൾ ആരോപിച്ചു. എല്ലാ ജയിലുകളിലും പലസ്തീനികളുടെ അവസ്ഥ ഭയാനകമാണെന്ന് പിസിഎടിഐ എക്സിക്യൂട്ടീവ് ഡയറക്ടർ ടാൽ സ്റ്റെയ്‌നർ പറഞ്ഞു. മാസങ്ങളോളം ആളുകളെ പകൽ വെളിച്ചമില്ലാതെ പാര്‍പ്പിക്കുന്നത് മാനസികാരോഗ്യത്തിന് “അങ്ങേയറ്റം പ്രത്യാഘാതങ്ങൾ” ഉണ്ടാക്കുമെന്ന് സ്റ്റെയ്‌നർ ചൂണ്ടിക്കാട്ടി. ഇത് ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്നു. ഉറക്കത്തിന് ആവശ്യമായ സർക്കാഡിയൻ മുതൽ വിറ്റാമിൻ ഡി ഉത്പാദനം വരെയുള്ള അടിസ്ഥാന ജൈവിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നു.
യുദ്ധം ഔദ്യോഗികമായി അവസാനിച്ചെങ്കിലും ഗാസയില്‍ നിന്നുള്ള പലസ്തീനികള്‍ ഇപ്പോഴും മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ തടവിലാണെന്ന് പിസിഎടിഐ ചൂണ്ടിക്കാട്ടുന്നു. ഹമാസ് അംഗങ്ങളെയും ലെബനനിൽ നിന്ന് പിടികൂടിയ ഹിസ്ബുള്ള പ്രവര്‍ത്തരെയും പാര്‍പ്പിക്കുന്നതിനായി റാക്കെഫെറ്റ് പുനര്‍ നിര്‍മ്മിക്കുമെന്ന് ബെൻ‑ഗ്വിർ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഹീബ്രുവിൽ “സൈക്ലമെൻ പുഷ്പം” എന്നർത്ഥം വരുന്ന റാക്കെഫെറ്റിൽ തടവിലാക്കപ്പെട്ട തടവുകാരുടെ നിലയെയും ഐഡന്റിറ്റിയെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇസ്രയേലി ജയിൽ സർവീസ് (ഐപിഎസ്) വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.