6 December 2025, Saturday

Related news

December 5, 2025
December 5, 2025
December 3, 2025
November 25, 2025
November 21, 2025
November 21, 2025
November 18, 2025
November 17, 2025
November 15, 2025
November 8, 2025

ലെബനനിൽ ഇസ്രയേലിന്റെ പുതിയ ആക്രമണ പരമ്പര

Janayugom Webdesk
ബെയ്റൂട്ട്
December 5, 2025 9:42 pm

തെക്കന്‍ ലെബനനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഹിസ്ബുള്ളയുടെ ആയുധ സംഭരണശാലകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നാണ് ഇസ്രയേല്‍ സെെന്യത്തിന്റെ വിശദീകരണം. തെക്കൻ ലെബനനിലെ മഹ്‌റൂണയിലെയും ജെബയിലെയും കെട്ടിടങ്ങൾ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ശേഷമായിരുന്നു നടപടി. ലിയോ പതിനാലാമൻ മാർപ്പാപ്പ സന്ദര്‍ശനം നടത്തുന്നതിനാല്‍ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പോപ്പ് ലെബനന്‍ വിട്ടതിനു പിന്നാലെ ആക്രമണങ്ങള്‍ തീവ്രമാക്കി. 

ഇസ്രയേല്‍ യുദ്ധവിമാനങ്ങൾ മഹ്‌റൂണ പട്ടണത്തിൽ ആക്രമണം നടത്തിയതായി ലെബനന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജ്ബാ, മജദാൽ, ബരാഷീത് എന്നിവിടങ്ങളിലെ കെട്ടിടങ്ങളെ ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ലക്ഷ്യമെന്ന് വാദിക്കുന്നുണ്ടെങ്കിലും ജനവാസ മേഖലകളിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തുന്നത്. അതേസമയം, ജനവാസ കേന്ദ്രങ്ങളുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹിസ്ബുള്ളയുടെ ആയുധ സംഭരണ ​​കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ലെബനൻ പൗരന്മാരെ ഹിസ്ബുള്ള മനുഷ്യകവചമായി ഉപയോഗിക്കുന്നതിന്റെയും സിവിലിയൻ പ്രദേശങ്ങൾക്കുള്ളിൽ നിന്ന് തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെയും മറ്റൊരു ഉദാഹരണമാണിതെന്നും സെെന്യം ആരോപിച്ചു. 

ഇസ്രായേൽ അതിർത്തിക്കടുത്തുള്ള ലെബനനിലെ നഖുറയിലുള്ള യുഎൻ സമാധാന സേനയുടെ ആസ്ഥാനത്ത് ലെബനീസ്, ഇസ്രായേലി സിവിലിയൻ പ്രതിനിധികൾ ചര്‍ച്ചകള്‍ നടത്തി. ഇസ്രയേലുമായി 19ന് മറ്റൊരു റൗണ്ട് ചർച്ചകൾ ആരംഭിക്കുമെന്ന് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.