17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 5, 2024
August 24, 2024
August 23, 2024
August 22, 2024
August 6, 2024
July 10, 2024
May 11, 2024
May 2, 2024
April 22, 2024
March 22, 2024

പിൻവലിക്കപ്പെട്ട ആത്മകഥകൾ ബാക്കിവയ്ക്കുന്നത്!

ഷിബു ടി ജോസഫ്
November 8, 2023 4:45 am

ആത്മകഥകളും ജീവചരിത്രങ്ങളും സാധാരണഗതിയിൽ വായനക്കാരെ പ്രചോദിപ്പിക്കാനും അതിലൂടെ ആകാംക്ഷയോടെ സ‍ഞ്ചരിക്കാനും പ്രേരിപ്പിക്കാറുണ്ട്. സാർത്ഥകമായി ജീവിച്ച ഒരാൾ താൻ കടന്നുവന്ന വഴികളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ കൂടിയാണ് ഇത്തരം എഴുത്തുകളിൽ ശ്രദ്ധിക്കുക. കഴിഞ്ഞ ദിവസം ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ ‘നിലാവ് കുടിച്ച സിംഹങ്ങൾ’ ഇറങ്ങിയിരുന്നു. ഇറങ്ങിയതിനെക്കാൾ വേഗത്തിൽ അത് പിൻവലിക്കുകയും ചെയ്തു. തന്റെ ആത്മകഥയിൽ ഐഎസ്ആർഒ ചെയർമാൻ നടത്തിയ ചില പരാമർശങ്ങൾ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തയാക്കിയപ്പോഴാണ് പുസ്തകം പിൻവലിക്കാൻ അദ്ദേഹം പ്രസാധകർക്ക് നിർദേശം നൽകിയത്. പുസ്തകം പിൻവലിച്ചതോടെ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് കരുതരുത്. കാരണം ഐഎസ്ആർഒ ചെയർമാൻ ആത്മകഥ പിൻവലിച്ചത് സ്വമേധയായല്ല, മറിച്ച് അത് വലിയ വാർത്തയാവുകയും സമൂഹമാധ്യമങ്ങളിൽ അടക്കം വൻ വിമർശനങ്ങൾ നേരിടുകയും ചെയ്തതോടെയാണ്. തന്റെ മുൻഗാമിയായ കെ ശിവൻ നടത്തിയ ആശാസ്യമല്ലാത്ത ഇടപെടലുകളെയും അതുമൂലം തനിക്കുണ്ടായ ബുദ്ധിമുട്ടുകളെയും കുറിച്ച് സോമനാഥ് നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. സോമനാഥിന് വ്യക്തിപരമായുണ്ടായ ബുദ്ധിമുട്ടുകളെക്കാൾ അധികമായി അദ്ദേഹം തുറന്നുപറഞ്ഞ മറ്റൊരു പ്രധാന സംഗതിയുണ്ട്. അതാണ് സത്യത്തിൽ ചർച്ചയാകേണ്ടതും സത്യാവസ്ഥ പുറത്തുവരേണ്ടതും. ചന്ദ്രയാൻ മൂന്നിന്റെ അമരക്കാരൻ എന്ന നിലയ്ക്കും ഐഎസ്ആർഒ ചെയർമാൻ എന്ന നിലയ്ക്കും ലോകശ്രദ്ധ നേടിയ സമയത്താണ് സോമനാഥ് ആത്മകഥയുമായി എത്തിയത് എന്നതും ശ്രദ്ധേയമാണ്.

ചന്ദ്രയാൻ ഒന്നിന്റെയും രണ്ടിന്റെയും തുടർച്ചയാണ് വിജയകരമായി വിക്ഷേപിക്കപ്പെട്ട ചന്ദ്രയാൻ മൂന്ന്. മലയാളിയായ ജി മാധവൻ നായർ ചെയർമാനായിരുന്ന കാലത്താണ് ചന്ദ്രയാൻ ഒന്ന് വിക്ഷേപിക്കപ്പെട്ടത്. ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കപ്പെടുമ്പോൾ കെ ശിവനാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ ചെയർമാൻ. ചന്ദ്രയാൻ രണ്ട് വിക്ഷേപണത്തിന്റെ അവസാനനിമിഷം നിയന്ത്രണം വിട്ട് ചന്ദ്രോപരിതലത്തിലേക്ക് പതിക്കുമ്പോൾ ഇന്ത്യൻ ജനത ഒന്നാകെ നിരാശരായെന്ന് മാത്രമല്ല, കണ്ണീരണിഞ്ഞുനിൽക്കുന്ന ഐഎസ്ആർഒ ചെയർമാനെ പ്രധാനമന്ത്രി ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുന്ന ചിത്രം വലിയ പ്രചാരം നേടുകയും ചെയ്തു. ചന്ദ്രയാൻ രണ്ടിന്റെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ചന്ദ്രയാൻ മൂന്നിന്റെ വിജയം സുനിശ്ചിതമാക്കിയത് എന്നൊക്കെ ഇതേ ശാസ്ത്രജ്ഞർ തന്നെ വാർത്താസമ്മേളനത്തിൽ അടക്കം വ്യക്തമാക്കുകയും ചെയ്തതാണ്. എന്നാൽ എസ് സോമനാഥിന്റെ ആത്മകഥയിൽ ചന്ദ്രയാൻ രണ്ടിന്റെ പരാജയത്തിന് ഉത്തരവാദി കെ ശിവനാണെന്നാണ് എഴുതിയിരിക്കുന്നത്. അതീവഗുരുതരമായ ആരോപണം ഐഎസ്ആർഒയുടെ നിലവിലെ ചെയർമാൻ തന്നെ ഉന്നയിക്കുമ്പോൾ അതേക്കുറിച്ച് അന്വേഷണം നടത്താനും വസ്തുതകൾ അറിയാനും കേന്ദ്രഭരണകൂടം ബാധ്യസ്ഥരാണ്. ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം വളരെ തിടുക്കത്തിൽ നടത്താനെടുത്ത തീരുമാനമാണ് അതിനെ പരാജയത്തിലേക്ക് നയിച്ചതെന്നും ആവശ്യമായ പരീക്ഷണങ്ങൾ പൂർത്തിയാക്കാതെ ദൗത്യവുമായി മുന്നോട്ടുപോകാനുള്ള അന്നത്തെ ചെയർമാന്റെ തീരുമാനമാണ് പരാജയത്തിന് പ്രധാന കാരണമെന്നും എസ് സോമനാഥ് പുസ്തകത്തിൽ ആരോപിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: ചന്ദ്രമണ്ഡലത്തില്‍ ഒന്നാമതിന്ത്യ


അങ്ങനെയെങ്കിൽ എന്തിനായിരിക്കും എസ് ശിവൻ ഇത്തരത്തിൽ തിടുക്കത്തിലൊരു തീരുമാനമെടുത്തത് എന്നറിയേണ്ടതുണ്ട്. താൻ ചെയർമാൻ സ്ഥാനത്തിരിക്കുമ്പോൾ തന്നെ ചന്ദ്രനിൽ പേടകമിറക്കിയെന്ന ഖ്യാതി സ്വന്തമാക്കാനായിരുന്നോ അദ്ദേഹത്തിന്റെ ശ്രമം എന്നാണ് അന്വേഷിക്കേണ്ടത്. 978 കോടി രൂപയാണ് ചന്ദ്രയാൻ രണ്ട് ദൗത്യത്തിനായി ചെലവഴിച്ചത്. ആയിരത്തിലേറെ ശാസ്ത്രജ്ഞൻ വർഷങ്ങളായി കഠിനാധ്വാനം നടത്തിയാണ് ഇത് വിക്ഷേപണത്തിനായി തയ്യാറാക്കിയത്. 2019 ജൂലൈ 22നായിരുന്നു ചന്ദ്രയാൻ രണ്ട് വിക്ഷേപണം. സെപ്റ്റംബർ ഏഴിന് ചന്ദ്രോപരിതലത്തിലെ ലാന്‍ഡിങ്ങിന് അവസാന നിമിഷം ബന്ധം വിച്ഛേദിക്കപ്പെട്ടു. പല നിർണായക പരീക്ഷണങ്ങളും പൂർത്തിയാക്കാതെയാണ് ചന്ദ്രയാൻ രണ്ട് ദൗത്യം നടപ്പാക്കിയതെന്ന് നിലവിലെ ചെയർമാൻ പറയുമ്പോൾ അതിലെ പാളിച്ചകളെക്കുറിച്ചും രാജ്യത്തിനുണ്ടായ നഷ്ടങ്ങളെക്കുറിച്ചും ഐഎസ്ആർഒ എന്ന ഇന്ത്യൻ ബഹിരാകാശ ഏജൻസിക്കുള്ളിൽ നടക്കുന്ന പടലപ്പിണക്കങ്ങളെക്കുറിച്ചും യഥാർത്ഥ വസ്തുതകൾ പുറത്തുവരേണ്ടതുണ്ട്. ആവശ്യമായ പരീക്ഷണങ്ങൾ മുഴുവനും പൂർത്തിയാക്കാതെ ചന്ദ്രയാൻ ദൗത്യവുമായി തിടുക്കപ്പെട്ട് മുന്നോട്ടുപോകാനുള്ള അന്നത്തെ മേധാവിയായ കെ ശിവന്റെ തീരുമാനമാണ് പദ്ധതിയെ പരാജയത്തിലേക്ക് നയിച്ചതെങ്കില്‍ അക്കാര്യത്തിൽ മൗനമായിരിക്കാൻ ഭരണകൂടത്തിന് കഴിയില്ല. ആത്മകഥയിലെ പ്രധാന ആരോപണങ്ങൾ തികച്ചും വ്യക്തിപരമാണെങ്കിലും ഇന്ത്യയുടെ അഭിമാനസ്ഥാപനത്തിനുള്ളിൽ കാര്യമായെന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന വസ്തുതയാണ് പുറത്തുവരുന്നത്. 2018ൽ ചെയർമാൻ സ്ഥാനത്തുനിന്ന് എസ് കിരൺകുമാർ മാറിയപ്പോൾ 60വയസ് കഴിഞ്ഞിട്ടും കാലാവധി നീട്ടിയതിനാല്‍ തുടരുകയായിരുന്ന കെ ശിവന്റെ പേരിനൊപ്പം തന്റെ പേരും ചെയർമാൻ സ്ഥാനത്തേക്കുള്ള പട്ടികയിലുണ്ടായിരുന്നുവെന്നും അന്ന് താൻ ചെയർമാനാകുമെന്നാണ് പ്രതീക്ഷിച്ചതെന്നും സോമനാഥ് പറയുന്നു. എന്നാൽ ശിവന് നറുക്കുവീഴുകയായിരുന്നു. ഐഎസ്ആർഒ ചെയർമാനായ ശേഷവും ശിവൻ വിഎസ്എസ്‌സി ഡയറക്ടർ സ്ഥാനത്ത് തുടർന്നു. തനിക്ക് ന്യായമായി കിട്ടേണ്ട ആ തസ്തികയ്ക്കായി നേരിട്ട് കണ്ട് ആവശ്യപ്പെട്ടപ്പോൾ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി. ഐഎസ്ആർഒ മേധാവിയായി സ്ഥാനം ലഭിച്ച ശിവൻ പിന്നീട് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ വിവിധഘട്ടങ്ങളിൽ വലിയ പ്രതിസന്ധികളും തടസങ്ങളും സൃഷ്ടിച്ചു. താൻ ഐഎസ്ആർഒ ചെയർമാനാകാതിരിക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചെന്നും പ്രധാനപ്പെട്ട പദ്ധതികളുടെ നിർണായകഘട്ടങ്ങളിൽ അകറ്റിനിർത്തിയെന്നും സോമനാഥ് ആരോപിക്കുന്നു.

മൂന്നുവർഷം ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തിരുന്ന് വിരമിക്കുന്നതിന് പകരം കാലാവധി നീട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും അടുത്ത ചെയർമാനെ തിരഞ്ഞെടുക്കാൻ സമയമായപ്പോൾ മറ്റൊരാളെ സ്പേസ് കമ്മിഷനിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചെന്നും എസ് സോമനാഥ് പറയുന്നുണ്ട്. ഐഎസ്ആർഒയിലെ ഉന്നതർ തമ്മിലുള്ള പടലപ്പിണക്കങ്ങൾ പല കാലങ്ങളിലും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു തുറന്നെഴുത്ത് ഇതാദ്യമായാണ്. അതും ചെയർമാൻ സ്ഥാനത്തിരിക്കുന്നയാൾ തന്റെ മുൻഗാമി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വൻ വിമർശനം അഴിച്ചുവിടുമ്പോൾ അത് ഗൗരവത്തിൽ കൈകാര്യം ചെയ്യാൻ ഉത്തരവാദിത്തപ്പെട്ടവർ ബാധ്യസ്ഥരാണ്. ഐഎസ്ആർഒ ചാരക്കേസ് ഉയർന്നുവന്ന കാലത്തും മുൻ ചെയർമാനായിരുന്ന ജി മാധവൻ നായരുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളും കേസുകളും ഉണ്ടായ ഘട്ടത്തിലും ഇന്ത്യൻ ബഹിരാകാശ ഏജൻസിയെക്കുറിച്ച് മോശം വാർത്തകൾ പുറത്തുവന്നിരുന്നു. ഉന്നതതലങ്ങളിലുള്ളവർ സ്ഥാനക്കയറ്റത്തിനും തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കൂടെയുള്ളവരെ ദ്രോഹിക്കുകയും ചവിട്ടിത്താഴ്ത്തുകയും ചെയ്ത സംഭവങ്ങൾ നമ്പി നാരായണൻ അടക്കമുള്ളവരുടെ ആത്മകഥകളിലൂടെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ രാജ്യത്തിന്റെ അഭിമാനവും ലോകം ഉറ്റുനോക്കുന്നതുമായ അതിപ്രധാനമായ വിക്ഷേപണ പദ്ധതിയെ വേണ്ടത്ര പരീക്ഷണങ്ങളും ഒരുക്കങ്ങളും നടത്താതെ വ്യക്തിപരമായ താല്പര്യത്തിന് വേണ്ടി സ്ഥാപനത്തിന്റെ ചെയർമാൻ ഉപയോഗിച്ചു എന്ന ആരോപണം അതീവഗുരുതരം തന്നെയാണ്. വിവാദം ഭയന്ന് പുസ്തകം പിൻവലിച്ചെങ്കിലും അത് പുറത്തുവിട്ട വിവരങ്ങൾ ഉത്തരം കിട്ടാതെയുണ്ട്. ഗുരുതരമായ ആരോപണം ഉണ്ടായിട്ടും അതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരോ ബഹിരാകാശ വകുപ്പോ പ്രതികരണം നടത്തിയിട്ടില്ലെന്നും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നേരിട്ടാണ് ഇന്ത്യയുടെ ബഹിരാകാശ പരീക്ഷണങ്ങളും പദ്ധതികളും നിരീക്ഷിക്കുകയും അവലോകനം നടത്തുകയും ചെയ്യുന്നത് എന്നതിനാൽ ഈ മൗനങ്ങൾക്ക് വലിയ അർത്ഥം തന്നെയുണ്ട്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.