10 March 2026, Tuesday

Related news

March 10, 2026
February 24, 2026
February 16, 2026
February 10, 2026
January 18, 2026
January 5, 2026
January 1, 2026
December 27, 2025
December 26, 2025
December 26, 2025

ഇസ്താംബുള്‍ മേയറുടെ വിചാരണ ആരംഭിച്ചു; രാഷ്ട്രീയ പ്രേരീതമെന്ന് സിഎച്ച്പി

Janayugom Webdesk
ഇസ്താംബൂള്‍
March 10, 2026 9:13 pm

അഴിമതിക്കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ച ഇസ്താംബുള്‍ മേയര്‍ എക്രം ഇമമോഗ്ലുവിന്റെ വിചാരണ ആരംഭിച്ചു. 400 പേരുടെ കൂട്ടവിചാരണയ്ക്കൊപ്പമാണ് ഇമമോഗ്ലുവിനെയും കോടതിയില്‍ ഹാജരാക്കിയത്. അടുത്ത തെരഞ്ഞെടുപ്പിന് പ്രസിഡന്റ് റസീപ് തയ്യീപ് എര്‍ദോഗനെതിരെ ശക്തമായ എതിരാളിയായി ഇമമോഗ്ലു മാറുമെന്ന തിരിച്ചറിവില്‍ രാഷ്ട്രീയ പ്രേരിതമായാണ് കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഇമമോഗ്ലുവിനെ കോടതിയിലെത്തിച്ചപ്പോള്‍ വന്‍ കരഘോഷത്തോടെയാണ് റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (സിഎച്ച്പി) പ്രവര്‍ത്തകര്‍ എതിരേറ്റത്. സുതാര്യമായ വിചാരണ വേണമെന്ന് ഒരു കൂട്ടം അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു. മേയറും ജഡ്ജിയും തമ്മിലുള്ള ശക്തമായ വാക്കേറ്റമായി ആദ്യ വിചാരണ മാറി. മറ്റ് പ്രതികള്‍ക്കെല്ലാം പറയാനുള്ളത് കോടതി ആദ്യം കേട്ടിരുന്നു. ഇമമോഗ്ലു ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കോടതി പരിഗണിച്ചില്ല. ഇമമോഗ്ലുവിന്റെ ഓഫിസ് കേന്ദ്രീകരിച്ച് അഴിമതി ശൃംഖല രൂപീകരിക്കുകയും ആസൂത്രിക കുറ്റകൃത്യം ചെയ്തുവെന്നും ആരോപിച്ച് വിരമിച്ചതും നിലവില്‍ ഔദ്യോഗിക പദവി വഹിക്കുന്നതുമായ നൂറുകണക്കിന് ആളുകളെയാണ് വിചാരണ ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് 106 പേരാണ് ജയിലില്‍ കഴിയുന്നത്. 

2019ലാണ് ഇസ്താംബുള്‍ മേയര്‍ ആയി 53കാരനായ എക്രം ഇമാമോഗ്ലു തിരഞ്ഞെടുക്കപ്പെട്ടത്. ശേഷം കഴിഞ്ഞ വര്‍ഷം വീണ്ടും മേയറായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 51.14 ശതമാനം വോട്ട് നേടിയാണ് ഇമമോഗ്ലുവ് ഇസ്താംബുള്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. തുര്‍ക്കിയിലെ തന്നെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായതോടെ ഇമമോഗ്ലു എര്‍ദോഗന്റെ പ്രധാന എതിരാളിയായി മാറുകയായിരുന്നു. എര്‍ദോഗനെതിരെ ശബ്ദമുയര്‍ത്താന്‍ കഴിയുന്ന ശക്തനായ എതിരാളിയാണ് ഇമമോഗ്ലുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. തുര്‍ക്കി പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്കുള്ള നോമിനി കൂടിയാണ് ഇമമോഗ്ലുവ്. 2019ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപമാനിച്ചെന്ന് ആരോപിച്ച് ഇമമോഗ്ലുവിനെ രണ്ട് വര്‍ഷത്തെ തടവിന് വിധിച്ചിരുന്നു. കേസില്‍ വിധിക്കായി കാത്തിരുന്ന അവസരത്തിലാണ് കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഇമമോഗ്ലുവിനെ അറസ്റ്റ് ചെയ്യുന്നത്. അതേസമയം, തനിക്കെതിരെയുള്ള മുഴുവന്‍ ആരോപണങ്ങളും ഇമമോഗ്ലുവ് നിഷേധിച്ചു. കോടതിയില്‍ എത്തിച്ച ഇമാമോഗ്ലുവിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുന്‍പ് കൊള്ളക്കാരായ ക്രിമിനല്‍ സംഘത്തിന് ഇമമോഗ്ലു നേതൃത്വം നല്‍കിയിരുന്നുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. തുടര്‍ന്നാണ് ഇമാമോഗ്ലുവിനെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.