21 June 2024, Friday

Related news

June 17, 2024
June 17, 2024
June 17, 2024
June 16, 2024
June 16, 2024
June 14, 2024
June 12, 2024
June 9, 2024
June 9, 2024
June 6, 2024

‘നാടുമായി ഒരു ബന്ധവുമില്ല’; അനിൽ ആന്റണിക്കും ബിജെപി നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനവുമായി പി സി ജോർജ്

Janayugom Webdesk
കോട്ടയം
June 6, 2024 7:47 pm

പത്തനംതിട്ടയിലെ എൻ ഡി എ സ്ഥാനാര്‍ത്ഥി അനിൽ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ്. അനിൽ ആൻറണിയെ പോലെ ആരുമായും ബന്ധമില്ലാത്ത ആളെ സ്ഥാനാര്‍ത്ഥിയാക്കിയാൽ വിജയിക്കില്ലെന്ന് പി സി ജോർജ് പറഞ്ഞു. കോൺഗ്രസ് നേതാവ് എ കെ ആൻ്റണിയുടെ മകനെന്നേയുള്ളൂ. അനിലിന് നാടുമായി ബന്ധം ഇല്ലായിരുന്നത് തോൽവിക്ക് കാരണമായി. വോട്ട് പിടിക്കാൻ അനിൽ വളരെയധികം ബുദ്ധിമുട്ടി. താൻ പലരോടും വ്യക്തിപരമായി ഫോണിൽ വിളിച്ച് അഭ്യർഥിച്ചാണ് ഇത്രയും വോട്ട് ഉണ്ടാക്കിയത്. ജയിക്കാവുന്ന സീറ്റ് നശിപ്പിച്ചു. എ കെ ആൻറണി മകനെ തള്ളിപ്പറഞ്ഞതും പേരുദോഷമായി. 

പത്തനംതിട്ടയിൽ മത്സരിച്ച് അനിൽ ഭാവി നശിപ്പിക്കരുതായിരുന്നുവെന്നും ജോർജ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമ്പോൾ‍ വളരെയേറെ ചിന്തിക്കാനുണ്ട്. നാടുമായി ബന്ധമുള്ളതോ നാട്ടിൽ അറിയപ്പെടുന്നതോ സംസ്ഥാനതലത്തിൽ അറിയപ്പെടുന്നതോ ആയവരെയാണ് സ്ഥാനാര്‍ത്ഥിയാക്കേണ്ടത്. എങ്കിലേ ഒരു നിലയും വിലയുമുണ്ടാകൂ. ജനങ്ങൾക്ക് അത്തരക്കാരോട് ആഭിമുഖ്യമുണ്ടാകും. അല്ലെങ്കിൽ സ്വന്തം പാർട്ടിക്ക് വോട്ട് ഉണ്ടാകണം. സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുന്ന പ്രവണത അവസാനിക്കണം. മണ്ഡലത്തുള്ള പ്രവർത്തകരുടെ വികാരം പരിഗണിക്കണം. വിജയിക്കേണ്ട സീറ്റ് ആയിരുന്നു പത്തനംതിട്ടയെന്നും പി സി ജോർജ്ജ് പറഞ്ഞു. ബിഡിജെഎസിനെ മുന്നണിയിൽ നിന്ന് പുറത്താക്കണം എന്നാണ് അഭിപ്രായമെന്നും പിസി ജോർജ് പറഞ്ഞു. 

എസ്എൻഡിപിയുമായി നല്ല ബന്ധം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കേണ്ടത്. ഇക്കാര്യങ്ങൾ പറയേണ്ടിടത്ത് പറയും. ഈഴവരുടെ മാർപ്പാപ്പ എന്നാണ് തുഷാറും അച്ഛനും പറയുന്നത്. എന്നിട്ടും തുഷാറിന് എസ്എൻഡിപി വോട്ട് ആകെ കിട്ടിയത് 10000 എന്നു പറയാൻ നാണം വേണ്ടേയെന്നും പി സി ജോർജ്ജ് ചോദിച്ചു. കോടിക്കണക്കിന് രൂപയാണ് പ്രചാരണത്തിൽ അടിച്ചുപൊളിച്ചത്. എന്നിട്ടും ഈഴവ വോട്ടുകൾ എന്തുകൊണ്ട് കിട്ടിയില്ല എന്ന് വെള്ളാപ്പള്ളിയും തുഷാറും ഇരുന്നു പഠിക്കട്ടെ. മനുഷ്യനോട് ഇറങ്ങി സംസാരിക്കാനും പെരുമാറാനും ആദ്യം പഠിക്കണം. പണമുണ്ടെങ്കിൽ ആരെയും വിലക്കെടുക്കാം എന്ന് അഹങ്കാരം മാറ്റിനിർത്തണമെന്നും പി സി ജോർജ്ജ് കുറ്റപ്പെടുത്തി. 

Eng­lish Summary:It has noth­ing to do with coun­try; PC George crit­i­cized Anil Antony and the BJP leadership
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.