22 October 2024, Tuesday
KSFE Galaxy Chits Banner 2

തളര്‍ച്ചയില്‍ ഐടി; ഒരു വര്‍ഷത്തിനിടെ ജോലി നഷ്ടമായത് 50,875 പേര്‍ക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
March 19, 2024 9:13 pm

ഇന്ത്യയിലെ പ്രധാന നാല് ഐടി ഭീമന്‍മാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത് 50,875 ജീവനക്കാരെ. രാജ്യത്തെ പ്രധാന സോഫ്റ്റ്‌വേര്‍ സേവനദാതാക്കളായ ടിസിഎസില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പദം വരെ 10,669 പേരെയാണ് പിരിച്ചുവിട്ടത്. ഇന്‍ഫോസിസ് 24182, വിപ്രോ 18510, എച്ച്സിഎല്‍ ടെക് 2486 ജീവനക്കാരെ വീതം ഒഴിവാക്കി. കോവിഡനന്തര പ്രതിസന്ധി, ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി സേവനം എന്നിവയാണ് തൊഴില്‍ നഷ്ടത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മറ്റ് കമ്പനികളിലേക്ക് ജീവനക്കാരെ ചാക്കിട്ട് പിടിക്കുക, വേതന വര്‍ധനവിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ തന്ത്ര പ്രധാന സ്ഥാനത്തുനില്‍ക്കുന്നവരുടെ ഉള്‍പ്പെടെ രാജിക്ക് കാരണമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോഗ്നിസന്റ് ജീവനക്കാരെ ചാക്കിട്ട് പിടിക്കുന്നതായി വിപ്രോ ആരോപണം ഉന്നയിച്ചിരുന്നു. കോഗ്നിസന്റില്‍ ചേര്‍ന്ന മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഉദ്യോഗസ്ഥന്‍ ജതിന്‍ ദലാലും എക്സിക്യൂട്ടീവ് മൊഹ്ദ് ഹഖും വിപ്രോയുടെ പരാതിയില്‍ നിയമനടപടികള്‍ നേരിട്ടിരുന്നു. വിപ്രോയിലും മഹീന്ദ്രയിലുമാണ് ഉന്നത പദവിയിലുള്ളവര്‍ കൂടുതലായും കൊഴിഞ്ഞുപോയത്. ടിസിഎസിലും എച്ച്സിഎല്‍ടിയിലും ഇത്തരത്തിലുള്ളവര്‍ വിട്ടുപോയെങ്കിലും വിരലിലെണ്ണാവുന്നത്രയായിരുന്നു. 

കഴിഞ്ഞ വര്‍ഷം മൂന്നാം പാദം അവസാനിക്കുമ്പോള്‍ 2,24,756 ആയിരുന്നു എച്ച്സിഎല്‍ടെക് ജീവനക്കാരുടെ അംഗസംഖ്യ. രണ്ടാം പാദത്തില്‍ 2200 പേരെ കമ്പനി പിരിച്ചുവിട്ടു. ഐടി കമ്പനികള്‍ കാമ്പസ് റിക്രൂട്ട്മെന്റ് ഉള്‍പ്പെടെ നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. റിക്രൂട്ട്മെന്റ് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഇന്‍ഫോസിസ് നേരത്തെ അറിയിച്ചിരുന്നു. 

കാര്യമായ ശമ്പള വര്‍ദ്ധനവില്ലാത്തതും കുറഞ്ഞ നിയമനങ്ങളുമാണ് ഐടി മേഖലയിലെ പ്രതിസന്ധിയെന്ന് ടീം ലീസ് ഡിജിറ്റലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ല്‍ ഐടി മേഖലയിലെ ശരാശരി ശമ്പള മൂല്യനിര്‍ണയം 8.4 ശതമാനത്തിനും 9 ശതമാനത്തിനും ഇടയിലാണ്. മിക്ക കമ്പനികളും സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിന്റെ അവസാനം വരെ ശമ്പള വര്‍ധനവ് മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ട്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് ഐടി മേഖല വഹിക്കുന്നതെന്നും ഈ മേഖലയിൽ ജാഗ്രതയോടെയുള്ള സമീപനം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Summary:IT in exhaus­tion; 50,875 peo­ple lost their jobs in one year
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.