22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 11, 2024
January 14, 2024
October 6, 2023
July 1, 2023
May 3, 2023
May 3, 2023
January 23, 2023
January 9, 2023
December 6, 2022

അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിക്കു പിന്നിൽ ജമാഅത്തെ ഇസ്ലാമിയെന്ന് സമസ്ത

പ്രശ്നപരിഹാരത്തിനുള്ള ശ്രമം ഇല്ലാതാക്കിയത് സിഐസി നേതൃത്വം
അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിക്കു പിന്നിൽ ജമാഅത്തെ ഇസ്ലാമിയെന്ന്
Janayugom Webdesk
കോഴിക്കോട്
December 16, 2024 9:12 pm

കോ-ഓര്‍ഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസിന്റെ (സിഐസി) നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് സമസ്ത മുശാവറ. സമസ്തയുമാള്ള പ്രശ്നപരിഹാര ശ്രമം ഇല്ലാതാക്കിയത് സിഐസി നേതൃത്വമാണെന്നും ജനറല്‍ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി സിഐസിയുടെ ഭരണഘടന മാറ്റിയെഴുതിയെന്നും സമസ്ത നേതൃത്വം ആരോപിച്ചു. ഹക്കീം ഫൈസിക്ക്​ പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണ്. പ്രവാചകന്റെ കാലത്ത്​ രാഷ്ട്ര ഭരണ കാര്യങ്ങൾക്കാണ്​ മുൻഗണന നൽകപ്പെട്ടതെന്ന അദ്ദേഹത്തിന്റെ വാദം ജമാഅത്തിന്റെ മത രാഷ്ട്ര വാദത്തിന്റെ ഒളിച്ചുകടത്തലാണ്​. സിഐസി സെനറ്റിലും സിന്‍ഡിക്കേറ്റിലും വനിതകൾക്ക്​ പ്രാതിനിധ്യമാകാമെന്ന വാദവും അംഗീകരിക്കാനാവില്ലെന്നും സമസ്ത മുശാവറാംഗങ്ങൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

ഹക്കീം ഫൈസിയുടെ ഇത്തരം നിലപാടുകൾകൊണ്ടും മധ്യസ്ഥരുടെ ഒമ്പത്​ ഇന നിർദേശങ്ങൾ അംഗീകരിക്കാത്തതുകൊണ്ടുമാണ്​ സിഐസിയുമായുള്ള ബന്ധം പൂർമായും സമസ്ത വിഛേദിച്ചത്​. മുസ്ലിം ലീഗിൽ വഹാബികൾ ഉള്ളതുപോലെ സിഐസിയെയും അവർ ഉൾക്കൊള്ളുന്നുണ്ടെങ്കിൽ സമസ്തക്ക്​ ഒന്നും ചെയ്യാനില്ല. എന്നാൽ, സമസ്തയുമായി ഇതുവരെ നിലനിന്ന സൗഹൃദത്തിന്​ വീഴ്ച വരുത്താതെ സൂക്ഷിക്കുന്നത്​ നല്ലതാണെന്നും നേതാക്കൾ വ്യക്തമാക്കി. 

സിഐസി സംബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ തീരുമാനം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹക്കീം ഫൈസി കഴിഞ്ഞദിവസം സമസ്തക്കെതിരെ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാന രഹിതമാണ്​. പരാതിയുമായി ബന്ധപ്പെട്ട് സമസ്ത മുശാവറ ചുമതലപ്പെടുത്തിയ സമിതി അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. യഥാർത്ഥ വിഷയത്തിൽനിന്ന്​ ഒഴിഞ്ഞുമാറിയ മറുപടികളാണ് അദ്ദേഹം നൽകിയത്. വീണ്ടും ചർച്ചക്ക്​ ഒരുങ്ങവെ, ഹക്കീം ഫൈസി ജനറല്‍ സെക്രട്ടറിയായി ഏകപക്ഷീയമായി പ്രഖ്യാപിക്കപ്പെട്ടതിലൂടെ പ്രശ്നപരിഹാരത്തിനുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കുകയായിരുന്നുവെന്നും മുശാവറ അംഗങ്ങൾ പറഞ്ഞു. 

സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ 1986ൽ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് വളാഞ്ചേരി മർകസ്. അവിടെയുള്ള നിരവധി സ്ഥാപനങ്ങളിൽ ഒന്ന് മാത്രമായ അറബിക് കോളേജിൽ തുടക്കം കുറിച്ചതാണ് വാഫി കോഴ്സ്. സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന പി പി മുഹമ്മദ് ഫൈസി, മുശാവറ അംഗമായിരുന്ന ഇബ്രാഹിം പുത്തൂർ ഫൈസി തുടങ്ങിയ പണ്ഡിത നേതാക്കളായിരുന്നു ഈ കോഴ്സ് രൂപകൽപന ചെയ്തത്. അക്കാലത്ത് അവിടെ അറബിക് കോളേജ് പ്രിൻസിപ്പലായിരുന്നു അബ്ദുൽ ഹക്കീം ഫൈസി. വാഫി കോഴ്സ് പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകുമ്പോൾ അതിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പേര് നൽകണമെന്ന മർക്കസ് കമ്മിറ്റിയുടെ തീരുമാനം ധിക്കരിച്ചുകൊണ്ടാണ് ഇദ്ദേഹത്തിന്റെ സംശയകരമായ നീക്കങ്ങൾക്ക് തുടക്കമാവുന്നത്. തുടർന്ന് സിഐസി പ്രസിഡന്റും മർകസ് പ്രസിഡന്റുമായിരുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ രേഖാമൂലം നിർേദശം നൽകിയിട്ടും അത് അദ്ദേഹം നിരാകരിക്കുകയായിരുന്നു. ഇതെല്ലാം സെനറ്റ് തീരുമാനിക്കേണ്ടതാണെന്നായിരുന്നു ഹൈദരലി തങ്ങളോടുള്ള അദ്ദേഹത്തിന്റെ ധിക്കാരപരമായ മറുപടി.

വാഫി കോഴ്സ് പിന്തുടരാൻ താത്പര്യം പ്രകടിപ്പിച്ച് സമസ്തയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഏതാനും അറബിക് കോളേജ് മാനേജ്മെന്റുകൾ താത്പര്യം പ്രകടിപ്പിച്ചപ്പോൾ മർക്കസ് ആസ്ഥാനമായി തന്നെ സിഐസി രൂപീകരിക്കുകയായിരുന്നു. അതിന്റെ ഭരണഘടന പൂർണമായി സമസ്തയുടെ തീരുമാനങ്ങളേയും നിയന്ത്രണങ്ങളേയും അംഗീകരിക്കുന്ന വിധത്തിലായിരുന്നു. എന്നാൽ പിന്നീട് സ്വതന്ത്രമായ സ്വഭാവത്തിലേക്ക് സിഐസിയെ മാറ്റുന്ന വിധത്തിൽ ഭരണഘടന ഭേദഗതി ചെയ്യുകയായിരുന്നുവെന്നും മുശാവറ അംഗങ്ങള്‍ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, കെ ഹൈദർ ഫൈസി പനങ്ങാങ്ങര, അസ്ഗറലി ഫൈസി പട്ടിക്കാട്, പി എം അബ്ദുസലാം ബാഖവി വടക്കേക്കാട് സംബന്ധിച്ചു.

സമസ്തയിൽ ഒരു ശുദ്ധീകരണം ആവശ്യമാണെന്നും ശൈലികൾ തിരുത്താൻ സമസ്ത തയ്യാറാകണമെന്നും നേരത്തെ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി വ്യക്തമാക്കിയിരുന്നു. സമസ്തയുടെ യാഥാസ്ഥിതിക വാദങ്ങളിൽ ഉൾപ്പടെ മാറ്റം ഉണ്ടാവണം. എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണ് ഉണ്ടാവേണ്ടത്. സമസ്ത പുരോഗമന ശൈലികളോട് വൈമുഖ്യം കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.