11 December 2025, Thursday

Related news

December 9, 2025
December 6, 2025
December 3, 2025
December 1, 2025
November 27, 2025
November 26, 2025
November 26, 2025
November 23, 2025
November 21, 2025
November 17, 2025

ഗവർണർ തിരുത്തിയേ മതിയാകൂ; ഭരണഘടനയ്ക്കുമേൽ വിചാരധാരയെ പ്രതിഷ്ഠിക്കാൻ അനുവദിക്കില്ലെന്നും ബിനോയ് വിശ്വം

Janayugom Webdesk
കോഴിക്കോട്
June 19, 2025 9:01 pm

ഭരണഘടനയ്ക്കുമേൽ വിചാരധാരയെ പ്രതിഷ്ഠിക്കാൻ അനുവദിക്കില്ലെന്നും ഗവർണർ തിരുത്തിയേ മതിയാകൂവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അഖില കേരള തൊഴിലാളി സമ്മേളനത്തിന്റെ 90-ാം വാർഷികം ഉദ്ഘാടനവും ജെ ചിത്തരഞ്ജൻ ഫൗണ്ടേഷൻ പുരസ്കാര സമർപ്പണവും കോഴിക്കോട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധിക്കാരമാണ് ഗവർണറെ നയിക്കുന്നത്. ബിജെപിയുടേയും ആർഎസ്എസ്സിന്റെയും താത്വിക ഗ്രന്ഥം വിചാരധാരയാണ്. ഭരണഘടനയെക്കാൾ വലുതാണോ വിചാരധാര എന്ന് ഗവർണർ വ്യക്തമാക്കണം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ബിജെപിക്കും ആർഎസ്എസ്സിനും എന്ത് പങ്കാണുള്ളത്? ഒരു സമരത്തിലും പങ്കെടുക്കാതെ അവർ മാറിനിൽക്കുകയായിരുന്നു. അതിന് അവർ പറഞ്ഞ ന്യായം ആർഎസ്എസ് സാംസ്കാരിക പ്രസ്ഥാനമാണെന്നാണ്. ഗവർണറെ നയിക്കേണ്ടത് ഭരണഘടനയാണ്. എന്നാൽ ഗവർണർ അത് മറക്കുകയാണ്. വിടാൻ ഭാവമില്ലെന്നാണ് ഗവർണർ വീണ്ടും തെളിയിക്കുന്നത്. 

ഇപ്പോൾ വിദ്യാഭ്യാസ മന്ത്രിക്കെതിരേയും അദ്ദേഹം തിരിഞ്ഞിരിക്കുകയാണ്. ഗവർണർ തെറ്റ് ആവർത്തിക്കുകതന്നെയാണ്. ഗവർണർ പദവി എന്താണെന്ന് അദ്ദേഹം പഠിക്കേണ്ടിയിരിക്കുന്നു. ആർലേക്കർ എന്ന വ്യക്തിക്ക് സ്വയം സേവകനോ മറ്റ് എന്ത് വേണെങ്കിലുമോ ആകാം. എന്നാൽ ഗവർണർ പദവിയിലുള്ള ആൾ ഭരണഘടന അനുസരിക്കാൻ ബാധ്യസ്ഥനാണ്. അതാണ് മന്ത്രി പ്രസാദ് വ്യക്തമായി പറഞ്ഞത്. ഈ വിഷയം പാർട്ടി ചർച്ച ചെയ്തിരുന്നു. ഗവർണറോട് ചിത്രം മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. പിന്നീട് ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഗവർണർ പിടിവാശി ഉപേക്ഷിക്കുന്നില്ലെങ്കിൽ ചടങ്ങിൽ മന്ത്രി പങ്കെടുക്കേണ്ടതില്ലെന്ന് അദ്ദേഹവും വ്യക്തമാക്കി. അതാണ് മന്ത്രി ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ കാരണം. 

തലയിൽ സ്വർണകിരീടവും അരയിൽ അരപ്പട്ടയും കയ്യിൽ ആർഎസ്എസ് കൊടിയുമേന്തിയ ഭാരതമാതാവിനെ ഇന്ത്യയ്ക്കറിയില്ല. ആർഎസ്എസ് ഭാരത മാതാവിന്റെ പശ്ചാത്തലത്തിലുള്ള ഭൂപടം തീർച്ചയായും ഇന്ത്യയുടേതല്ല. ആ ഭൂപടത്തെ മഹത്വവൽക്കരിക്കുന്ന ഗവർണർ ദേശീയ ചിഹ്നങ്ങൾ സംബന്ധിച്ച ഭരണഘടനാ പ്രമാണങ്ങൾ നിരന്തരം ലംഘിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഭരണഘടനയുടെ എല്ലാ അംശങ്ങളുടേയുംപ്രതീകമാണ് ദേശിയ പതാക. അത് നമ്മുടെ ഭാരത മാതാവാണ്. ദേശീയപതാകയാണ് ഭാരതാംബയെന്ന് പ്രഖ്യാപിച്ചാണ് സിപിഐ സംസ്ഥാന വ്യാപകമായി ബ്രാഞ്ചുകളിൽ ദേശീയപതാക ഉയർത്തകയും വൃക്ഷത്തൈകൾ വെച്ചു പിടിപ്പിക്കുകയും ചെയ്തത്. സംസ്ഥാന വ്യാപകമായി എല്ലാ ബ്രാഞ്ചുകളിലും ഇത്തരത്തിൽ ദേശീയപതാക ഉയർത്തി. കമ്മ്യൂണിസ്റ്റുകാർ ആരാണെന്ന് ഇത് തെളിയിച്ചു. എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം ആർഎസ്എസ്സിനെ ഏല്പിച്ചുകൊടുക്കാൻ ജനങ്ങൾക്ക് മനസില്ല. ഭാതതമെങ്ങനെയാവണമെന്ന് നിശ്ചയിക്കേണ്ടത് നാഗ്പൂരല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. 

കോഴിക്കോട് ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജെ ചിത്തരഞ്ജൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ട്രേഡ് യൂണിയൻ പ്രവർത്തകനുള്ള പുരസ്ക്കാരം ചടങ്ങിൽ കെ ജി പങ്കജാക്ഷന് ബിനോയ് വിശ്വം സമ്മാനിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, ടി വി ബാലൻ, അഡ്വ. പി വസന്തം, എഐടിയുസി ദേശീയ സെക്രട്ടറി ആർ പ്രസാദ്, എഐടിയുസി നേതാക്കളായ സി പി മുരളി, വിജയൻ കുനിശ്ശേരി, പി സുബ്രഹ്മണ്യൻ, കെ മല്ലിക, പി കെ മൂർത്തി, ജോയിന്റ് കൗൺസിൽ മുൻ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർ സംസാരിച്ചു. കെ ജി പങ്കജാക്ഷൻ മറപടി പ്രസംഗം നടത്തി. എഐടിയുസി സംസ്ഥാന സെക്രട്ടറി പി കെ നാസർ സ്വാഗതവും പി വിജയമ്മ നന്ദിയും പറഞ്ഞു.
ഒന്നാം അഖില കേരള തൊഴിലാളി സമ്മേളനം 1935 മേയ് മാസത്തിലാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട്ട് ചേർന്നത്. പി കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനമാണ് ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്ക് ദിശാബോധം നൽകുകയും അവകാശ പോരാട്ടങ്ങൾക്ക് കരുത്ത് പകരുകയും ചെയ്തത്. അസമത്വത്തിനെതിരെ പോരാടാൻ സമ്മേളനം തൊഴിലാളികളോട് ആഹ്വാനം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ 15 പ്രമേയങ്ങളും ആ സമ്മേളനം പാസാക്കി. ചരിത്ര പ്രാധാന്യമുള്ള തൊഴിലാളി സമ്മേളനത്തിന്റെ 90-ാം വാർഷികാഘോഷമാണ് എഐടിയുസി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.