
2025ല്‍ ലോകമെമ്പാടും 128 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്സ്. പശ്ചിമേഷ്യയിലാണ് ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ടതെന്ന് (74) ബെല്‍ജിയം ആസ്ഥാനമായ ഫെഡറേഷന്‍ പറഞ്ഞു. ഇസ്രയേലിന്റെ പലസ്തീന്‍ ആക്രമണത്തിനിടെ ഗാസയില്‍ 40 ശതമാനത്തിലധികം പത്രപ്രവര്‍ത്തരും (56) കൊല്ലപ്പെട്ടു. ആഫ്രിക്ക(18), ഏഷ്യ‑പസഫിക്ക് (15), അമേരിക്ക (11), യൂറോപ്പ് (10) എന്നീ രാജ്യങ്ങളാണ് പിന്നില്‍. ഇതില്‍ ഒമ്പത് പേര്‍ അപകടങ്ങളിലാണ് മരിച്ചത്.
ഇന്ത്യയില്‍ നാല് മരണങ്ങളുണ്ടായി. ബസ്തര്‍ ജഗ്ഷന്‍ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന മുകേഷ് ചന്ദ്രകാര്‍ 2025 ജനുവരി ഒന്നിന് കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് ബീജാപ്പൂര്‍ ജില്ലയിലെ റോഡ് നിര്‍മ്മാണ ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്തതിനാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. റോഡ് കോണ്‍ട്രാക്ടറുടെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ജോലിക്കിടെ 533 പത്രപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഏഷ്യാ-പസഫിക് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചത്. ഇവിടങ്ങളില്‍ 277 പേര്‍ തടവിലായി. അതില്‍ 143 പേര്‍ ചൈനയിലും 49 പേര്‍ മ്യാന്‍മറിലുമാണ്. 2024ല്‍ 122 മാധ്യമപ്രവര്‍ത്തകരാണ് മരണപ്പെട്ടത്. 516 പേര്‍ ജയിലിലടയ്ക്കപ്പെട്ടു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ നിരന്തരം പരാജയപ്പെടുന്ന അധികാരികളെ ഫെഡറേഷന്‍ അപലപിച്ചു. അക്രമം അവസാനിപ്പിക്കാന്‍ ഉടനടി സ്വത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത്രയും മാധ്യമപ്രവര്‍ത്തകര്‍ ഒരു വര്‍ഷം കൊല്ലപ്പെട്ടത് ആഗോള പ്രതിസന്ധിയാണെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആന്റണി ബെല്ലാംഗര്‍ പറഞ്ഞു. പത്രപ്രവര്‍ത്തകരെ സംരക്ഷിക്കാനും കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പത്രസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു.
1990ല്‍ ഫെഡറേഷന്‍ വാര്‍ഷിക കണക്കെടുപ്പ് തുടങ്ങിയത് മുതല്‍ ആഗോളതലത്തില്‍ 3,170ലധികം മാധ്യമപ്രവര്‍ത്തകരുടെ മരണം രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും ശരാശരി 91 കൊലപാതകങ്ങള്‍ നടക്കുന്നു. പോയ വര്‍ഷം ഇന്ത്യയില്‍ എട്ട് പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഫ്രീ സ്പീച്ച് കളക്ടീവ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.