
ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യത്തേയ്ക്കുള്ള സര്‍വകക്ഷി സംഘത്തിലേയ്ക്ക് തന്നെ കേന്ദ്ര സര്‍ക്കാർ വിളിച്ചത് അഭിമാനത്തോടെ കാണുന്നുവെന്ന ശശി തരൂരിന്റെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വം വെട്ടിൽ. കോൺഗ്രസ് നേതൃത്വം നൽകിയ പട്ടികയിൽ ഉള്ളവരെ വെട്ടിയാണ് കേന്ദ്രസർക്കാർ ശശി തരൂരിന് അവസരം നൽകിയത്. എന്റെ കഴിവിനെപ്പറ്റിയോ കഴിവില്ലായ്മയെ പറ്റിയോ പാര്‍ട്ടി നേതൃത്വത്തിന് അഭിപ്രായമുണ്ടാകാമെന്നും താന്‍ രാജ്യത്തിനായി നില്‍ക്കുമെന്നും തരൂര്‍ പറഞ്ഞു.
സംഘത്തിലേക്ക് കോണ്‍ഗ്രസ് ശശി തരൂരിനെ നിര്‍ദേശിച്ചിട്ടില്ലെന്ന് നേരത്തെ പാർട്ടി വക്താവ് ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. വിദേശരാജ്യ സന്ദര്‍ശനത്തിനുള്ള സര്‍വകക്ഷിസംഘത്തെ തിരഞ്ഞെടുത്തതില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നെന്നും ഇത് പരസ്പര വിശ്വാസത്തില്‍ പോകേണ്ട സമയമാണെന്നും സര്‍ക്കാര്‍ നീക്കം ആശ്ചര്യപ്പെടുത്തുന്നുവെന്നുമായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.
യു എസ്, യു കെ, യൂറോപ്യന്‍ യൂണിയന്‍, ഓസ്ട്രേലിയ, യുഎഇ., ആഫ്രിക്ക തുടങ്ങിയ മേഖലകളിലേക്കാണ് ഇന്ത്യ സര്‍വകക്ഷി സംഘത്തെ അയക്കുന്നത്. എംപിമാരായ ശശി തരൂര്‍, രവിശങ്കര്‍ പ്രസാദ്, സഞ്ജയ് കുമാര്‍ ഝാ, ബൈജയന്ത് പാണ്ഡ, കനിമൊഴി, സുപ്രിയ സുലെ, ശ്രീകാന്ത് ഷിന്‍ഡെ എന്നിവര്‍ നയിക്കുന്ന സംഘങ്ങളില്‍ അഞ്ച് അംഗങ്ങള്‍ വീതം ഉണ്ടാവും. ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ നിലപാട് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കുകയാണ് സര്‍വകക്ഷി സംഘത്തെ അയക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘങ്ങളെ നയിക്കുന്നവരുടെ പേരുകള്‍ പങ്കുവച്ചുകൊണ്ട് പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.