26 January 2026, Monday

കേരളത്തിന്‍റെ മുഖച്ഛായയായി ഐടി പാര്‍ക്കുകള്‍

Janayugom Webdesk
October 14, 2023 3:36 pm

വികസനത്തിന്‍റെ പ്രതിഫലനമാണ് കേരളത്തിലെ ഐടി പാര്‍ക്കുകള്‍. ഐടി, ഐടി ഇതര സേവനങ്ങളിലൂടെ സംസ്ഥാന സമ്പദ് വ്യവസ്ഥക്ക് കരുത്തുറ്റ സംഭാവനയായി മാറുകയാണിവ. സുസ്ഥിര ഐടി അന്തരീക്ഷം സ്വായത്തമാക്കാന്‍ ഉന്നമിടുന്ന മൂന്ന് ഐടി പാര്‍ക്കുകളിലായി ഒന്നരലക്ഷത്തോളം പേര്‍ തൊഴിലെടുക്കുന്നുണ്ട്.

സംസ്ഥാന ഐടി മേഖലയിലെ അഭിമാന മുഖങ്ങളാണ് രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കും, ഇന്‍ഫോപാര്‍ക്കും സൈബര്‍പാര്‍ക്കും. 2022- 23 ബഡ്ജറ്റിൽ വിഭാവനം ചെയ്ത കേരള ഐ.ടി കോറിഡോറിന്‍റെ ഭാഗമായാണ് തലസ്ഥാനത്ത് ടെക്നോപാര്‍ക്കും വ്യവസായ നഗരമായ കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കും വടക്കന്‍ കേരളത്തിന്‍റെ സാംസ്കാരിക കേന്ദ്രമായ കോഴിക്കോട് സൈബര്‍പാര്‍ക്കും ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്.ഈ IT കോറിഡോറിൽ കണ്ണൂരിലും, കൊല്ലത്തുമുള്ള രണ്ടുപാർക്കുകളും, മറ്റ് ചെറിയ പാർക്കുകളും ഉൾപ്പെടുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഐ.ടി മേഖലകളിലെ സംരഭക വികസനത്തിനും വളര്‍ച്ചക്കും വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നത് കൂടാതെ സുസ്ഥിര ഐ.ടി അന്തരീക്ഷമാണ് സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകള്‍ ലക്ഷ്യമിടുന്നത്.

നിലവിലെ കണക്ക് അനുസരിച്ച് 1,50,000 ത്തില്‍ അധികം പ്രൊഫഷനലുകള്‍ 1200 ഓളം കമ്പനികളിലായി ഐ.ടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെ കൂടുതല്‍ വിശാലവും സമഗ്രവുമായ സാധ്യതകള്‍ നല്‍കുന്ന സ്ഥാപനം എന്ന നിലയിലേക്ക് ഐടി പാര്‍ക്കുകള്‍ മാറിയിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളിലൂടെ നിക്ഷേപകരെ ആകര്‍ഷിക്കാനും അവര്‍ക്ക് വളരാനുമുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

2004 ല്‍ ആരംഭിച്ച ഇന്‍ഫോപാര്‍ക്ക് നിലവില്‍ 9.2 ദശലക്ഷത്തിലധികം ചതുരശ്ര അടി ബില്‍റ്റ്-അപ്പ് ഏരിയയുമായാണ് പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍ ജില്ലയിലെ കൊരട്ടിയിലും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും ഇന്‍ഫോപാര്‍ക്കിന്‍റെ രണ്ട് സാറ്റ്ലൈറ്റ് ക്യാംപസുകള്‍ സ്ഥിതി ചെയ്യുന്നു. കൂടാതെ കൊച്ചി കലൂരില്‍ ഇന്‍ഫോപാര്‍ക്ക് ടെക്നോളജി ബിസ്നസ് സെന്‍ററും പ്രവര്‍ത്തിക്കുന്നുണ്ട്. 580 കമ്പനികളിലായി 67,000 ഐ.ടി പ്രൊഫഷണലുകള്‍ തൊഴിലെടുക്കുന്നുണ്ട്. വിവരസാങ്കേതികവിദ്യയെ പരിപോഷിപ്പിക്കുന്ന ലോകോത്തര ആവാസവ്യവസ്ഥ കേരളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇന്‍ഫോപാര്‍ക്ക് മുന്നോട്ട് വെക്കുന്നത്. 2022 — 2023 സാമ്പത്തിക വര്‍ഷം 9186 കോടി രൂപയാണ് ഇന്‍ഫോപാര്‍ക്കിന്‍റെ സോഫ്റ്റുവെയര്‍ കയറ്റുമതി വരുമാനം.

വടക്കന്‍ കേരളത്തിലെ പ്രധാന ഐ.ടി ഹബ്ബായാണ് കോഴിക്കോട് സൈബര്‍പാര്‍ക്ക് വിഭാവനം ചെയ്തത്. 2009 ജനുവരി 28ന് സൊസൈറ്റി രജിസ്ട്രേഷന്‍ ആക്ട് 1860 പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു സ്വയംഭരണ സ്ഥാപനമാണ് കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക്. നിലവില്‍ മൂന്ന് ലക്ഷം സ്ക്വയര്‍ഫീറ്റ് ബില്‍റ്റ് അപ്പ് സ്ഥലത്ത് 84 കമ്പനികളിലായി 2,100 ജീവനക്കാരുമായാണ് സൈബര്‍പാര്‍ക്കിന്‍റെ പ്രവര്‍ത്തനം. 105 കോടി രൂപയാണ് അവസാന സാമ്പത്തിക വര്‍ഷത്തെ (2022–2023) സോഫ്റ്റുവെയര്‍ കയറ്റുമതി വരുമാനം.

കേരള സര്‍ക്കാരിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് ടെക്നോപാര്‍ക്ക്. ഇന്ത്യയിലെ ആദ്യ ഐ.ടി പാര്‍ക്കായ ടെക്നോപാര്‍ക്ക് 34 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമായാണ് പ്രവര്‍ത്തന വീഥിയില്‍ നിറഞ്ഞുനില്‍ക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി പാര്‍ക്കുകളിലൊന്നായ ടെക്നോപാര്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ ഹരിത ടെക്നോപോളിസുകളില്‍ ഒന്നാണ്. 1990‑ല്‍ കേരള സംസ്ഥാന തലസ്ഥാനത്ത് നിലവില്‍ വന്ന ടെക്നോപാര്‍ക്കില്‍ 486 കമ്പനികളിലായി 72,000 ഐ.ടി പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നു. 2021 — 2022 സാമ്പത്തിക വര്‍ഷം 9775 കോടി രൂപയാണ് ടെക്നോപാര്‍ക്കിന്‍റെ സോഫ്റ്റുവെയര്‍ കയറ്റുമതി വരുമാനം. തിരുവനന്തപുരത്ത് നാല് ഫെയ്സുകളിലായും കൊല്ലത്ത് ഒരു ഫെയ്സിലുമായി വ്യാപിച്ചു കിടക്കുന്ന ടെക്നോപാര്‍ക്കില്‍ ലോകോത്തര ഐ.ടി കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്.

സാമ്പത്തിക നിലയില്‍ കൃത്യമായ പുരോഗതി നിലനിര്‍ത്തുകയും ജി.എസ്.ടി നികുതി കൃത്യമായ ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് കേന്ദ്രസര്‍ക്കാരിന്‍റെയും,മികച്ച സാമ്പത്തിക നില ഉറപ്പാക്കിയതിന് ക്രിസിലിന്‍റെയും (ക്രഡിറ്റ് റേറ്റിങ്ങ് ഇന്‍ഫര്‍മേഷന്‍ സര്‍വിസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) അംഗീകാരം ടെക്നോപാര്‍ക്കിന് ലഭിച്ചു. 2021ല്‍ എ ഗ്രേഡില്‍ നിന്ന് എ പ്ലസ്സിലേക്ക് ടെക്നോപാര്‍ക്ക് ഉയര്‍ന്നു. 2022ല്‍ അത് എ പ്ലസ് സ്റ്റേബിളായി ഉയര്‍ന്നു. നിലവില്‍ ലഭിച്ച ഗ്രേഡില്‍ എ പ്ലസ് സ്റ്റേബിള്‍ ടെക്നോപാര്‍ക്ക് നിലനിര്‍ത്തുന്നതിനാണ് അംഗീകാരം. അടുത്ത അഞ്ചു വര്‍ഷത്തിനകം 30,800 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ വേണ്ട സൗകര്യങ്ങളൊരുക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.

ഐടി പാര്‍ക്കുകളിലേക്ക് എത്തുന്ന കമ്പനികള്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ ലഭ്യമാക്കി ഐടി വിപ്ലവത്തിന് അടിത്തറ പാകുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആര്‍ക്കും അവലംബിക്കാവുന്ന മാതൃകയിലൂടെ വികസനക്കുതിപ്പിലേക്കാണ് ഈ യാത്ര.

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.