ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ സുതാര്യതയും അട്ടിമറിയില്ലെന്നും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ആദ്യം പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന രീതി തുടരണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിനോട് നേതാക്കള്‍ ആവശ്യപ്പെട്ടു. സുരക്ഷിതമായും ക്രമക്കേട് നടക്കാതെയും വോട്ടെണ്ണല്‍ സാധ്യമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും കമ്മിഷന്‍ ഉറപ്പ് വരുത്തണം. പോസ്റ്റല്‍ ബാലറ്റ് ആദ്യം എണ്ണുന്ന പതിവ് നടപടിക്രമം 2019ല്‍ കമ്മിഷന്‍ പാലിച്ചില്ല. ഇത്തവണ ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ തയ്യാറാകണം. വോട്ടണ്ണല്‍ പൂര്‍ണമായി വീഡിയോ ചിത്രീകരിക്കണം.
ഇവിഎമ്മുകളിലെ തകരാര്‍ പരിഹരിച്ച് സുതാര്യമായി വേണം വോട്ടെണ്ണല്‍ നടപടികള്‍ നടത്തേണ്ടത്. കണ്‍ട്രോള്‍ യൂണിറ്റുകളും ഇവിഎമ്മും കൊണ്ടുപോകുന്നത് തുടക്കം മുതല്‍ സിസിടിവി നിരീക്ഷണത്തിലായിരിക്കുകയും തീയതികളും സമയവും കൃത്യമായി രേഖപ്പെടുത്തുകയും ഏജന്റുമാരെ ബോധ്യപ്പെടുത്തുകയും വേണം. വിവിപാറ്റ്, ഫോം 17 അനുസരിച്ചുള്ള എല്ലാ ക്രമീകരണങ്ങളും കമ്മിഷന്‍ ഉറപ്പ് വരുത്തണമെന്നും നേതാക്കള്‍ പറഞ്ഞു. വോട്ടെടുപ്പ് ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയ എല്ലാ രേഖകളും പരസ്പരം ഒത്തുനോക്കുന്നതിന് ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കണം.
കേന്ദ്ര — സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമേ തദ്ദേശ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, കോളജുകള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയും തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുണ്ട്. അവരെല്ലാം വോട്ടെണ്ണലിന്റെ മുഴുവന്‍ നടപടിക്രമങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് സുതാര്യതയുടെ അവിഭാജ്യഘടകമാണെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, എസ്‌പി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറുഖ് അബ്ദുള്ള, ജെഎംഎം വൈസ് പ്രസിഡന്റ് കല്‍പന സൊരേന്‍, വികാസ് ഷില്‍ ഇന്‍സാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മുകേഷ് സാഹ്നി, സിപിഐ (എംഎല്‍) ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യ, ടി ആര്‍ ബാലു (ഡിഎംകെ), തേജസ്വി യാദവ് (ആര്‍ജെഡി), അനില്‍ ദേശായി (ശിവസേന) എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചര്‍ച്ച നടത്തിയത്.
തെരഞ്ഞെടുപ്പ് പ്രക്രിയയെ അപകീര്‍ത്തിപ്പെടുത്തുവെന്ന് ആരോപിച്ച് ഇന്ത്യ സഖ്യത്തിനെതിരെ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. അതിനിടെ ഇന്ന് ഉച്ചയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
English Summary:It should be ensured that there is no irregularity in the counting of votes
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.