പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പൊലീസ് പരിശോധന നടത്തിയത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ .കോണ്‍ഗ്രസിനുള്ളില്‍ നിന്നാണ് പണമെത്തിയ വിവരം ചോര്‍ന്നതെന്നും ഇത്തരമൊരു വിവരം കിട്ടിയാല്‍ സ്വാഭാവികമായും പൊലീസ് എത്തുമന്നും സരിന്‍ പറഞ്ഞു.
കോൺഗ്രസ് പരിശോധന വൈകിപ്പിച്ചതും സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതും സംശയാസ്പദമാണ്. ഇതിനപ്പുറത്തെ നാടകങ്ങൾ ഷാഫി പറമ്പിൽ കെട്ടിയാടും.എല്ലാ നേതാക്കളും താമസിക്കുന്ന ഇടമായത് കൊണ്ടാണ് കെപിഎം ഹോട്ടൽ തന്നെ ഇടപാടിന് തെരഞ്ഞെടുത്തത്.ആർക്കും സംശയം തോന്നാതിരിക്കാനുള്ള നീക്കാമാണത് എന്നും സരിൻ പറഞ്ഞു.തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് കള്ളപ്പണം എത്തിച്ചതായി സംശയത്തെ തുടർന്ന് ഇന്നലെ രാത്രി 12നാണ് പാലക്കാട് നഗരമധ്യത്തിലെ കെപിഎം റീജൻസിയിൽ യുഡിഎഫ് നേതാക്കൾ താമസിക്കുന്ന മുറികളിൽ പൊലീസ് പരിശോധന നടത്തിയത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പരിശോധനക്കെത്തിയിരുന്നു. തമിഴ്നാട് രജിസ്‌ട്രേഷനുള്ള അത്യാഡംബര കാറിലാണ് പണം കൊണ്ടുവന്നതെന്നാണ് ആരോപണം. കോൺഗ്രസ് നേതാക്കളായ ബിന്ദുകൃഷ്‌ണ, ഷാനിമോൾ ഉസ്‌മാൻ എന്നിവരുടെ മുറികളിൽ പരിശോധന നടത്തി.ഷാനിമോൾ ഉസ്‌മാന്റെ മുറിയിൽ പരിശോധനക്കെത്തിയപ്പോൾ വനിതാ പൊലീസ് ഇല്ലെന്ന കാരണം ഉന്നയിച്ച് തടഞ്ഞു.
പിന്നീട് വനിതാപൊലീസ് എത്തിയപ്പോൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്ലെന്ന വാദമുന്നയിച്ചും പരിശോധന തടയാൻ ശ്രമിച്ചു.ഇതിനുശേഷം കോൺഗ്രസുകാർ സംഘടിച്ചെത്തി പൊലീസിനെയും മാധ്യമപ്രവർത്തകരെയും തടയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്‌തു.പരിശോധനക്ക് പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പാണ് എംപിമാരായ ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ എന്നിവർ ഹോട്ടലിൽനിന്ന് പുറത്തേക്കുപോയത്. ഇതിന്റെ ദൃശ്യങ്ങൾ വാർത്താചാനലുകൾ പുറത്തുവിട്ടു. പിന്നീട് 1.20ന് ഇവർ തിരിച്ചെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.