കഴിഞ്ഞുപോയത് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജനുവരിയെന്ന് യൂറോപ്യന്‍ കാലാവസ്ഥാ ഏജന്‍സി. 13.23 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയ ശരാശരി താപനില. 2024ലെ ജനുവരിയേക്കാള്‍ 0.09 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ഇതെന്ന് കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സര്‍വീസസ് അറിയിച്ചു. 1991 മുതല്‍ 2020 വരെയുള്ള ശരാശരി ജനുവരി താപനില എടുത്താല്‍ ഇത്തവണത്തേത് 0.79 ഡിഗ്രി സെല്‍ഷ്യസ് അധികമാണ്. 2024 ഭൂമിയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു. അതിന്റെ തുടര്‍ച്ചയാകും 2025 എന്ന സൂചനയാണ് ജനുവരിയിലെ കൂടിയ താപനിലയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മധ്യ പസഫിക് സമുദ്രത്തിലെ താപനില കുറച്ച് ആഗോള താപനില കുറയ്ക്കാന്‍ സഹായിക്കുന്ന ലാ നിന പ്രതിഭാസം നിലനില്‍ക്കുമ്പോഴാണ് ഈ സാഹചര്യം. ലാ നിന രൂപാന്തരപ്പെടുന്നതിന്റെ വേഗത കുറയുകയോ രൂപപ്പെടല്‍ തടസപ്പെടുകയോ ചെയ്തുവെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. മധ്യ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും തണുക്കുകയും ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ബാധിക്കുകയും ചെയ്യുന്ന ഒരു കാലാവസ്ഥാ രീതിയാണ് ലാ നിന. ഇത് സാധാരണയായി ഇന്ത്യയിലേക്ക് ശക്തമായ മൺസൂണും കനത്ത മഴയും കൊണ്ടുവരുന്നു. അതേസമയം ആഫ്രിക്കയുടെയും തെക്കേ അമേരിക്കയുടെയും ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് കാരണമാകുന്നു. ആഗോള താപനിലയെ ചൂടാക്കുന്ന എൽ നിനോയിൽ നിന്ന് വ്യത്യസ്തമായി, ഇത് ആഗോള താപനിലയെ ചെറുതായി തണുപ്പിക്കുന്നു. ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞ് ഇല്ലാതാകുന്ന തോതും ഭീകരമായി വര്‍ധിച്ചിട്ടുണ്ട്. ശരാശരിയിലും ആറ് ശതമാനം താഴെയാണ് ജനുവരിയിലെ ഐസിന്റെ അളവ്.
കഴിഞ്ഞ 12 മാസത്തെ വിവരങ്ങള്‍ കണക്കാക്കുമ്പോള്‍ (2024 ഫെബ്രുവരി–2025 ജനുവരി) വ്യാവസായിക യുഗത്തിന് മുമ്പുണ്ടായിരുന്ന ശരാശരി താപനിലയെക്കാള്‍ 1.61 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ചൂട്. സമുദ്രോപരിതത്തിലെ താപനില (എസ്എസ്‌ടി) യിലും ക്രമാതീതമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ജനുവരിയിലെ ശരാശരി എസ്എസ്‌ടി 20.78 ഡിഗ്രി സെല്‍ഷ്യസ് ആണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ജനുവരി താപനിലയാണ് സമുദ്രോപരിതലങ്ങളില്‍. മധ്യപസഫിക്കിൽ ലാ നിനയുടെ ലക്ഷണങ്ങൾ ദൃശ്യമായിരുന്നെങ്കിലും, കിഴക്കൻ പസഫിക്കിലെ സമുദ്ര താപനില സാധാരണ നിലയെക്കാൾ കൂടുതലായിരുന്നു. ഇത് ലാ നിനയിലേക്കുള്ള മാറ്റം മന്ദഗതിയിലാകുകയോ സ്തംഭിക്കുകയോ ചെയ്തുവെന്ന് സൂചിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.