ഉയരത്തിലെത്തി നിൽക്കുന്ന തക്കാളി വില സാധാരണ നിലയിലേക്കെത്താൻ മൂന്ന് മാസമെങ്കിലുമെടുക്കുമെന്ന് റിസർവ് ബാങ്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ. രാജ്യവ്യാപകമായി പച്ചക്കറി വില കുത്തനെ ഉയരുന്നത് പലിശ നിരക്കുകൾ കുറയ്ക്കാനുള്ള ആർബിഐയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് ആശങ്ക. എൽനിനോ പ്രതിഭാസത്തെ തുടർന്ന് കാലവർഷം വൈകിയതാണ് ഹരിയാന, യുപി, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തക്കാളി, ഇഞ്ചി, പച്ചമുളക് മുതലായ പച്ചക്കറി ഭക്ഷ്യ വസ്തുക്കളുടെ ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചതും വില ഉയരാൻ ഇടയാക്കിയതെന്നുമാണ് വിലയിരുത്തൽ.
മഴകുറഞ്ഞാൽ വേനൽക്കാല കൃഷിയും അവതാളത്തിലാകും. എന്നാൽ, തക്കാളി വില 15 ദിവസത്തിനകം പിടിച്ചു നിർത്താൻ കഴിയുമെന്നാണ് കേന്ദ്ര ഉപഭോക്തൃ കാര്യവകുപ്പിന്റെ അവകാശവാദം. അതേസമയം ഇതിന്റെ അടിസ്ഥാനം വെളിപ്പെടുത്തിയിട്ടുമില്ല. റിസർവ് ബാങ്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിലയിരുത്തലിന് നേരെ വിപരീതമാണ് ഉപഭോക്തൃ കാര്യവകുപ്പിന്റെ അവകാശവാദം.
ഇതിനിടെ, തക്കാളി വില കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ ഉദ്യമമായ’ ടൊമാറ്റോ ഗ്രാൻഡ് ചലഞ്ച്’ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പരിഹാസത്തിനും വിമർശനത്തിനും വഴി വച്ചിരിക്കുകയാണ്.
തക്കാളി വില കുറയ്ക്കുന്നതിനുള്ള ഈ പരിശ്രമത്തിൽ വ്യവസായികൾ, പ്രൊഫഷണലുകൾ, അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങി ഏവർക്കും ഭാഗഭാക്കാകാമെന്നാണ് അറിയിപ്പ്. പച്ചക്കറി വിപണിയിൽ കേന്ദ്രം കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കാനുള്ള വിദ്യ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസിയിലാണ് തക്കാളി വില വർധനയ്ക്കെതിരായ പ്രതിഷേധം ശക്തമായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പുതിയ രീതിയിലാണ് പ്രതിഷേധമൊക്കെ. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ജന്മദിനത്തിൽ തക്കാളി രൂപത്തിലുള്ള കേക്ക് മുറിച്ചായിരുന്നു പ്രതിഷേധം. തക്കാളി കളവ് പോകാതിരിക്കാൻ സുരക്ഷാ ഭടന്മാരെ കാവൽ നിർത്തിയും വ്യാപാരികൾ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ തക്കാളി വിഭവങ്ങൾ വിളമ്പുന്നതല്ലെന്നാണ് ഒരു ഹോട്ടലുടമയുടെ നോട്ടീസ്. 160 രൂപയ്ക്ക് മുകളിലാണ് ഇവിടങ്ങളിൽ തക്കാളി വില.
English Summary:Tomato: It will take three months for tomato prices to come down
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.