18 February 2026, Wednesday

Related news

February 18, 2026
January 2, 2026
December 29, 2025
December 21, 2025
December 19, 2025
December 18, 2025
December 16, 2025
December 14, 2025
December 14, 2025
November 30, 2025

അഡാനി ഇടപാടുകളിൽ ഇറ്റാലിയൻ അന്വേഷണം; വിനോദ് അഡാനിയുടെ പങ്കാളികൾ നിരീക്ഷണത്തിൽ

Janayugom Webdesk
ന്യൂഡൽഹി
February 18, 2026 8:58 pm

ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അഡാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇറ്റലിയിലെ പ്രമുഖ ബാങ്കായ ഇന്റസ സാൻപോളോ അന്വേഷണം നടത്തിയതായി റിപ്പോർട്ട്.
അഡാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അഡാനിയുടെ സഹോദരൻ വിനോദ് അഡാനിയുടെ രണ്ട് വിശ്വസ്തരായ പങ്കാളികളെ കേന്ദ്രീകരിച്ചായിരുന്നു ബാങ്കിന്റെ അന്വേഷണം. രാജ്യാന്തര മാധ്യമമായ ഫിനാൻഷ്യൽ ടൈംസ്, അന്വേഷണാത്മക പത്രപ്രവർത്തകരുടെ കൂട്ടായ്മയായ ഒസിസിആർപി എന്നിവരാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.
അഡാനി ഗ്രൂപ്പ് ഓഹരി വിലയിൽ കൃത്രിമം കാണിച്ചെന്നും ഇൻസൈഡർ ട്രേഡിങ് നടത്തിയെന്നുമുള്ള ഹിൻഡൻബർഗ് ആരോപണങ്ങൾക്ക് പിന്നാലെയാണ് ബാങ്ക് ആഭ്യന്തര അന്വേഷണം ആരംഭിച്ചത്. വിനോദ് അഡാനിയുടെ ബിസിനസ് പങ്കാളികളായ ചാങ് ചുങ് ലിങ്, നാസർ അലി ഷബാൻ അഹ്‌ലി എന്നിവരുടെ അക്കൗണ്ടുകളാണ് ബാങ്ക് പരിശോധിച്ചത്. ഒരു കമ്പനിയുടെ ഓഹരി വിലയെ ബാധിക്കുന്ന രഹസ്യ വിവരങ്ങൾ മുൻകൂട്ടി അറിഞ്ഞ്, നിയമവിരുദ്ധമായി ഓഹരികൾ വാങ്ങി ലാഭമുണ്ടാക്കുന്ന രീതിയാണ് ഇൻസൈഡർ ട്രേഡിങ്.
ഇന്റസ സാൻപോളോ ബാങ്കിന്റെ ദുബായ് ശാഖയിലെ ഇടപാടുകാരായിരുന്നു ഇരുവരും. ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ നിഷേധിച്ച് ഇവർ പ്രസ്താവന നൽകിയെങ്കിലും, ഇവരുടെ പ്രവർത്തനങ്ങൾ സംശയാസ്പദമാണെന്ന് ബാങ്ക് വിലയിരുത്തി. ഇതിനെത്തുടർന്ന് ഇവരുടെ അക്കൗണ്ടുകളിൽ ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തി. വിദേശ നിക്ഷേപ ഫണ്ടുകളുമായി (ഹെഡ്ജ് ഫണ്ടുകൾ) ബന്ധപ്പെട്ട അക്കൗണ്ടുകൾ തങ്ങളാണ് നിയന്ത്രിക്കുന്നതെന്ന് ചാങ്ങും അഹ്‌ലിയും ബാങ്കിനോട് സമ്മതിച്ചു. അഡാനി കുടുംബവുമായുള്ള ബിസിനസ് അടുപ്പമാണ് തങ്ങളുടെ സമ്പാദ്യത്തിന് പിന്നിലെന്നും അഡാനി കമ്പനികളിലെ നിക്ഷേപം ആ കുടുംബത്തിന്റെ ബിസിനസ് മികവിലുള്ള വിശ്വാസം കൊണ്ടാണെന്നും ഇവർ അവകാശപ്പെട്ടു.
ചാങിന്റെയും വിനോദ് അഡാനിയുടെയും അക്കൗണ്ടുകൾ തമ്മിൽ നേരിട്ട് പണമിടപാടുകൾ നടന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. അഡാനി ഓഹരികൾ വാങ്ങിക്കൂട്ടാൻ വിദേശ മ്യൂച്വൽ ഫണ്ടുകൾ ഇവർ ഉപയോഗിച്ചതായാണ് സൂചന. അഡാനിയുടെ ബിനാമി എന്ന സംശയത്തിൽ സ്വിറ്റ്‌സർലൻഡിലും ചാങ്ങിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, ഈ ആരോപണങ്ങളെല്ലാം അഡാനി ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ ബിസിനസ് ഇടപാടുകൾ സുതാര്യമാണെന്നും വിദേശ നിക്ഷേപങ്ങൾ നിയമപരമായ രീതിയിലാണ് നടക്കുന്നതെന്നുമാണ് വിശദീകരണം. അന്താരാഷ്ട്ര തലത്തിൽ അഡാനി ഗ്രൂപ്പിന്റെ ഓഹരി ഇടപാടുകൾ വീണ്ടും ചർച്ചയാകുന്നത് വരും ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണിയിലും പ്രതിഫലിച്ചേക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar