5 December 2025, Friday

ചർമത്തിൽ ചൊറിച്ചിൽ, വയറുവേദന, തളർച്ച; ഈ 6 കാൻസർ ലക്ഷണങ്ങളെ അവഗണിക്കരുത്!

Janayugom Webdesk
September 1, 2025 10:59 am

വയറ്റിൽ ശരീരത്തിന്റെ പിൻഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമാണ് പാൻക്രിയാസ്. ദഹനപ്രക്രിയയിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഇതു പ്രധാന പങ്കു വഹിക്കുന്നു. പാൻക്രിയാസിന്റെ പ്രത്യേക ഭാഗങ്ങളിൽ അനിയന്ത്രിതമായ കോശവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് കാൻസർ (Pan­cre­at­ic Can­cer). ഈ കോശവളർച്ച ട്യൂമർ ഉണ്ടാകാനിടയാക്കുകയും ചികിത്സിക്കാതിരുന്നാൽ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യും. പലപ്പോഴും ആദ്യഘട്ടങ്ങളിൽ പാൻക്രിയാറ്റിക് കാൻസർ തിരിച്ചറിയപ്പെടുന്നില്ല. രോഗം രൂക്ഷമാകുമ്പോൾ ചില സൂചനകളും ലക്ഷണങ്ങളും പ്രകടമാകും. പാൻക്രിയാറ്റിക് കാൻസറിന്റെ ആറ് ലക്ഷണങ്ങളെപ്പറ്റി അറിയാം.

∙തുടർച്ചയായ മഞ്ഞപ്പിത്തം

ചർമവും കണ്ണിന്റെ വെള്ളയും മഞ്ഞനിറത്തിലാകുന്ന അവസ്ഥയാണിത്. മഞ്ഞനിറത്തിലുള്ള വർണവസ്തുവായ ബിലിറുബിന്റെ അളവ് അമിതമാകുന്നതു മൂലമാണിതുണ്ടാകുന്നത്. പാൻക്രിയാറ്റിക് കാൻസറിൽ, കരളിനെയും ചെറുകുടലിനെയും ബന്ധിപ്പിക്കുന്ന ബൈൽഡക്റ്റിൽ ട്യൂമർ തടസ്സമുണ്ടാക്കുന്നു. ഇതു മൂലം രക്തത്തിൽ ൈബൽ കെട്ടിക്കിടന്ന് മഞ്ഞപ്പിത്തത്തിനു (Hepati­tis) കാരണമാകും. ഇരുണ്ട നിറത്തിലുള്ള മൂത്രം, മലത്തിന് നിറവ്യത്യാസം, ചർമത്തിനും കണ്ണുകൾക്കും മഞ്ഞനിറം ഇവയുണ്ടാകും. വ്യക്തമായ കാരണമില്ലാതെ ഈ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യപരിശോധന നടത്തേണ്ടതാണ്.

∙പുറത്തും വയറിനും വേദന

തുടർച്ചയായി പുറംവേദനയും വയറുവേദനയും ഉണ്ടാകുന്നത് പാൻക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം. വയറിന്റെ മുകൾ ഭാഗത്ത് തുടങ്ങുന്ന വേദന പുറത്തേക്കും വ്യാപിക്കാം. കടുത്തതും ഏറെ നേരം നീണ്ടു നിൽക്കുന്നതുമായ വേദന വരാം. ട്യൂമർ വളരുമ്പോൾ ഇത് നാഡികളിൽ സമ്മർദം െചലുത്തുന്നതു മൂലം വേദന വരാം. ഇടവിട്ടിടവിട്ട് വേദന വരുകയാണെങ്കിലോ പ്രത്യേക ഇടങ്ങളിൽ വേദനിക്കുകയാണെങ്കിലോ വൈദ്യസഹായം തേടണം.

∙ചര്‍മത്തിൽ ചൊറിച്ചിൽ

വിവിധ കാരണങ്ങൾ കൊണ്ട് ചൊറിച്ചിൽ ഉണ്ടാകാം. അതിൽ ഒന്നാണ് പാൻക്രിയാറ്റിക് കാൻസർ. ചർമത്തിൽ ബിലിറുബിൻ അടിഞ്ഞുകൂടുന്നതു കൊണ്ട് ചൊറിച്ചിൽ (Itchy skin) വരാം. മഞ്ഞപ്പിത്തവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പാൻക്രിയാറ്റിക് കാൻസർ ഉള്ളവരിൽ മഞ്ഞപ്പിത്തവും ഉണ്ടാകുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ ചർമത്തിൽ ചൊറിച്ചിൽ വരാം. ഇങ്ങനെ വന്നാൽ വൈദ്യസഹായം തേടണം.

∙പെട്ടെന്ന് ഭാരം കുറയുക

ഭക്ഷണശീലങ്ങളിലും വർക്കൗട്ടിലും മാറ്റം വരുത്താതെതന്നെ ശരീരഭാരം പെട്ടെന്നു കുറയുന്നത് (Unex­plained weight loss) ആരോഗ്യപ്രശ്നങ്ങൾ മൂലമാകാം. കാൻസര്‍ വളരുംതോറും ശരീരത്തിലെ ഊർജം കൂടുതൽ ഉപയോഗിക്കുകയും ഇത് ഭാരം കുറയാൻ ഇടയാക്കുകയും ചെയ്യും. കൂടാതെ ട്യൂമർ, വയറിൽ പ്രഷർ ചെലുത്തുക വഴി വയറു നിറഞ്ഞ തോന്നൽ ഉണ്ടാകുകയും കുറച്ചു ഭക്ഷണം മാത്രം കഴിക്കുന്നതിന് കാരണമാകുകയും ചെയ്യും. പാൻക്രിയാസ് ശരിയായി പ്രവർത്തിക്കാതാകുമ്പോൾ ദഹനരസങ്ങളുടെ ഉൽപാദനവും നിലയ്ക്കുന്നു.

∙പ്രമേഹം

പ്രമേഹത്തിന്റെ കുടുംബ ചരിത്രം ഇല്ലെങ്കിലും പ്രീഡയബറ്റിക് ഘട്ടം പ്രകടമായില്ലെങ്കിലും പ്രമേഹം പെട്ടെന്ന് പ്രത്യക്ഷമാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നം മൂലമാകാം. ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളെ കാൻസർ തകരാറിലാക്കുകയും അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുകയും ചെയ്യുന്നതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളുടെ നാശം, ശരീരത്തിലെ ഗ്ലൂക്കോസിന്റെ നിയന്ത്രണത്തിലും മാറ്റം വരുത്തുന്നു.

∙ക്ഷീണം, തളർച്ച

പല കാരണങ്ങൾ കൊണ്ടും ക്ഷീണവും തളർച്ചയും ഉണ്ടാകാം. എന്നാൽ മറ്റ് ലക്ഷണങ്ങൾക്കൊപ്പം ക്ഷീണവും ഉണ്ടായാൽ അത് പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാം. നന്നായി വിശ്രമിച്ചിട്ടും, രാത്രി സുഖമായി ഉറങ്ങിയിട്ടും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം, വയറുവേദന, മൂത്രത്തിന് കടുത്ത നിറം ഇതെല്ലാമുണ്ടെങ്കിൽ അത് പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാം.

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.