
കായികമേളയില്‍ ആദ്യമായി മത്സരിക്കുന്നതിന്റെ അമ്പരപ്പൊന്നും അവളുടെ മുഖത്തുണ്ടായിരുന്നില്ല. മത്സരത്തിന്റെ ആദ്യവസാനം വരെ ആവേശം ഒട്ടും ചോരാതെ അവള്‍ കാത്തു നിന്നു… 69-ാമത് സംസ്ഥാന കായികമേളയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ബോച്ചേ മത്സരയിനത്തില്‍ പങ്കെടുക്കാനെത്തിയതാണ് കാസര്‍കോട് സ്വദേശിനി ദിയാ പി നമ്പ്യാര്‍. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള ബോച്ചേ മത്സരം പെണ്‍കുട്ടികള്‍ക്കു മാത്രമായുള്ളതാണ്. സെറിബ്രൽ പാൾസി ബാധിതയായ ദിയയ്ക്ക് സ്പോര്‍ട്സിനോട് വലിയ ഇഷ്ടമാണ്. പരിമിതികള്‍ക്കു നടുവിലും വീല്‍ ചെയറില്‍ ഇരുന്നാണ് മത്സരത്തില്‍ പങ്കെടുത്തത്. സ്കൂളില്‍ ഉപന്യാസ മത്സരത്തിനുള്‍പ്പെടെ വിജയിച്ചിട്ടുള്ള ദിയ ആദ്യമായാണ് ഒരു സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുക്കുന്നത്. സ്പോര്‍ട്സിനോടുള്ള ഇഷ്ടം കാരണം കോവിഡ് കാലത്ത് സ്കൂളില്‍ സംഘടിപ്പിച്ച ഒരു മീറ്റര്‍ റണ്ണിങ് മത്സരത്തില്‍ വോക്കറിലും പങ്കെടുത്തു. ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ ദിയയ്ക്ക് അവസരം എങ്ങനെ കൊടുക്കുമെന്ന് അധ്യാപകരും ആശങ്കപ്പെട്ടിരുന്നു. മറ്റു കുട്ടികളെപ്പോലെ തനിക്കും എന്തുകൊണ്ട് വാക്കറില്‍ പങ്കെടുത്തു കൂടാ എന്ന ദിയയുടെ ഒറ്റ ചോദ്യം വഴി തെളിച്ചത് അവളുടെ സ്വപ്ന സാഫല്യത്തിലേക്കായിരുന്നു. വീട്ടില്‍ തന്നെ വാക്കറില്‍ അവള്‍ നടന്നു. അവളുടെ ആഗ്രഹപ്രകാരം വീഡിയോ പകര്‍ത്തി അധ്യാപകര്‍ക്ക് അയച്ചപ്പോള്‍ ആദ്യം പരിഗണിച്ചത് അവളെയായിരുന്നു. പിന്നീട് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ മൊമെന്റോ നല്‍കി ദിയയെ ആദരിച്ചു.
നന്നായി പഠിക്കുന്ന ദിയ സിവില്‍ സര്‍വീസ് പരിശീലനത്തിനും പോകുന്നുണ്ട്. ദിയയുടെ പഠന മികവിന് സമ്മാനമായി അന്നത്തെ കളക്ടര്‍ വീല്‍ചെയറും സമ്മാനിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സിവില്‍ സര്‍വീസ് ടാലന്റഡ് കോഴ്സ് അവള്‍ പൂര്‍ത്തീകരിച്ചു. നിലവില്‍ ഫൗണ്ടേഷന്‍ കോഴ്സ് പരിശീലനത്തിലാണ്. കോളജ് അധ്യാപിക ആകണമെന്നാണ് ദിയയുടെ ആഗ്രഹം. ഒപ്പം സിവില്‍ സര്‍വീസ് പരിശീലനം തുടരുമെന്നും അവള്‍ പറഞ്ഞു. കാസര്‍കോട് ജിഎച്ച്എസ്എസ് ബല്ലാ ഈസ്റ്റിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദിയ. ഹ്യൂമാനിറ്റീസാണ് പഠന വിഷയം. പതിനാല് വയസിനു മുകളിലുള്ളവരുടെ മത്സരത്തിലാണ് പങ്കെടുത്തത്. രണ്ടു മാസത്തെ പരിശീലനത്തിനു ശേഷമാണ് സംസ്ഥാന തലത്തില്‍ എത്തിയത്. മത്സരത്തില്‍ വിജയിക്കാനായില്ലെങ്കിലും ടീമിനൊപ്പം നില്‍ക്കാന്‍ ആയതിന്റെ സന്തോഷം അവള്‍ മറച്ചു വച്ചില്ല. പറ്റുന്ന മേഖലകളില്‍ ഇനിയും മത്സരിക്കാനാകുമെന്ന പ്രതീക്ഷയും അവള്‍ പങ്കുവച്ചു. ഇങ്ങനെയൊരു മത്സരം സംഘടിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം തങ്ങളെപ്പോലുള്ള കുട്ടികള്‍ക്ക് ഉയര്‍ന്ന് വരാനുള്ള അവസരമാണെന്ന് അവള്‍ പറയുന്നു. അധ്യാപകരും സുഹൃത്തുക്കളും രക്ഷിതാക്കളുമാണ് തന്റെ ബാക്ക്ബോണ്‍ എന്നും ദിയ പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന അച്ഛന്‍ പ്രകാശും അമ്മ റോഷ്നിയും സഹോദരന്‍ സായ്‌കൃഷ്ണയും അടങ്ങുന്ന കുടുംബം ദിയയുടെ സ്വപ്നങ്ങള്‍ക്കൊപ്പമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.