21 January 2026, Wednesday

സമ്പൂർണ ഡിജിറ്റൽ സാക്ഷരത നവകേരളത്തിന്റെ മറ്റൊരു ചുവടുവയ്പ്

Janayugom Webdesk
August 23, 2025 5:00 am

മാനവരാശിയുടെ വിനിമയ രീതികളിൽ അഭൂതപൂർവമായ പരിഷ്കരണങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആംഗ്യങ്ങൾ വഴി വിനിമയം സാധിച്ചിരുന്ന പ്രാകൃത കാലത്തുനിന്ന് ചിഹ്നങ്ങളിലൂടെ കടന്ന് അക്ഷരങ്ങളിലൂടെ വളർന്ന് ഇന്ന് ഡിജിറ്റൽ സാങ്കേതികതയുടെ രംഗത്തെത്തി നിൽക്കുകയാണ് നാം. ആധുനിക വിനിമയോപാധികൾ പ്രകാശവേഗത്തിലാണ് വികസിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽതന്നെ ഇനിയുള്ള കാലം പ്രവചവനാതീതമായ വിവര, വിനിമയ വിസ്ഫോടനത്തിന്റേതായിരിക്കുമെന്നാണ് നിഗമനം. ഇപ്പോൾതന്നെ നിർമ്മിതബുദ്ധി(എഐ)യിലൂടെ വിസ്മയകരമായ വിനിമയരീതിയെത്തിയിരിക്കുകയാണ്. ഡിജിറ്റൽരംഗം അവിശ്വനീയമായ വിതാനങ്ങളിലേക്ക് ഉയർന്നും പടർന്നും നിൽക്കുകയാണെങ്കിലും അതിലെ ചതിക്കുഴികൾ മറ്റെല്ലാ രംഗത്തേതിനെയുംകാൾ വലുതാണെന്ന് ഓരോ ദിവസവും പുറത്തെത്തുന്ന വാർത്തകൾ വ്യക്തമാക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾക്ക് ഔപചാരിക, ഉന്നത വിദ്യയുടെ പല കടമ്പകൾ പഠിച്ചുകടന്നവരും സമൂഹത്തിലെ മുകൾശ്രേണിയിലുള്ളവരുമുൾപ്പെടെ വലയിലാക്കപ്പെടുന്നതിന്റെ വിവിധ വാർത്തകളാണ് വരുന്നത്. സാക്ഷരത എന്ന വാക്കിന്റെ നിർവചനംതന്നെ വലുതാകുകയാണിവിടെ. അക്ഷരാഭ്യാസം നേടുന്നതിനെയാണ് സാക്ഷരത കൈവരിക്കുക എന്നു വിശേഷിപ്പിക്കുന്നതെങ്കിലും ഡിജിറ്റൽ സാങ്കേതിക വിദ്യ അഭ്യസിച്ചവരെയും നാം അങ്ങനെ തന്നെയാണ് വിളിക്കുന്നത്. ഇവിടെയാണ് കേരളം കൈവരിച്ച സമ്പൂർണ ഡിജിറ്റൽ സാക്ഷരതയുടെ നേട്ടം ശ്രദ്ധേയവും അനിവാര്യവുമാകുന്നത്. 

രാജ്യത്ത് അക്ഷര സാക്ഷരതയിൽ സമ്പൂർണത കൈവരിച്ച ആദ്യ സംസ്ഥാനമായിരുന്നു കേരളം. 1987 മുതൽ 1991 വരെ കേരളത്തിൽ അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന മഹത്തായൊരു യജ്ഞത്തിലൂടെയായിരുന്നു ആ ലക്ഷ്യം നേടിയത്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സാമൂഹ്യ, മത, സാമുദായിക സംഘടനകൾ ഉൾപ്പെടെ ബഹുജനങ്ങളാകെ കൈകോർത്ത് ചിട്ടയായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു ആ നേട്ടം. സമ്പൂർണ സാക്ഷരത കൈവരിക്കുകയും 1991 ഏപ്രിൽ 18ന് കോഴിക്കോട് വച്ച് മുഖ്യമന്ത്രി ഇ കെ നായനാരെയും മറ്റ് ജനപ്രതിനിധികളെയും രാഷ്ട്രീയ, സാമൂഹ്യ നേതാക്കളെയും സാക്ഷിയാക്കി നവസാക്ഷരയായ ചേലക്കാടൻ ആയിഷ, കേരളം സമ്പൂർണ സാക്ഷരത കൈവരിച്ച പ്രഖ്യാപനം നടത്തുകയുമായിരുന്നു. ഇത്തരമൊരു നേട്ടത്തിനൊപ്പമെത്താൻ വളരെ അപൂർവം സംസ്ഥാനങ്ങൾക്കേ രാജ്യത്ത് ഇതിനകം സാധ്യമായിട്ടുള്ളൂ. ഈ കീർത്തിക്കു പുറമേയാണ് ഡിജിറ്റൽ രംഗത്തും പൂർണ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികതയുടെ ഏറ്റവും ഉയർന്ന ഘട്ടമായ ഓപ്പൺഎഐ ഇന്ത്യയിൽ ഓഫിസ് തുറക്കുന്നു എന്ന പ്രഖ്യാപനത്തിന്റെ തലേന്നാണ് കേരളത്തിന്റെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനമുണ്ടായിരിക്കുന്നത് എന്നതും യാദൃച്ഛികമാണ്. 

1991ൽ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ യ‍ജ്ഞത്തിന് തുടക്കമിട്ടത് കോട്ടയം നഗരത്തിലായിരുന്നുവെങ്കിൽ ഇത്തവണ അതിന്റെ തുടക്കം തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയിൽ നിന്നായിരുന്നു. ഡിജിറ്റൽ സാങ്കേതികതയുടെ അനിവാര്യതയും അപാര സാധ്യതകളും സാധാരണക്കാർക്കുൾപ്പെടെ കൂടുതൽ ബോധ്യമായ ഘട്ടമായിരുന്നു കോവിഡ് കാലം. ആ സമയത്ത് ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പുല്ലമ്പാറ തങ്ങളുടെ പൗരന്മാരെ ഡിജിറ്റൽ സാക്ഷരരാക്കുന്നതിനുള്ള പ്രയത്നമാരംഭിച്ചു. 2022 സെപ്റ്റംബർ 21 ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി പുല്ലമ്പാറ മാറുകയും ചെയ്തു. ഇതിനെ പിന്തുടർന്ന് മറ്റ് പല തദ്ദേശ സ്ഥാപനങ്ങളും രംഗത്തുവന്നിരുന്നു. സംസ്ഥാന വ്യാപക ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ 11 ജില്ലകളിലെ 27 തദ്ദേശ സ്ഥാപനങ്ങൾ ഈ നേട്ടം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് 2023 ഏപ്രിൽ 10ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡിജി കേരളം പദ്ധതിക്ക് തുടക്കംകുറിക്കപ്പെട്ടത്. വലിയൊരു കൂട്ടായ്മ ഈ കാമ്പെയിന്റെ ഭാഗമായും രൂപപ്പെടുകയുണ്ടായി. സർവേയും പരിശീലനവും നടത്തുന്നതിന് രണ്ടര ലക്ഷത്തോളം വോളണ്ടിയർമാർ ഭാഗമായി. വിദ്യാർത്ഥികൾ, എൻ
എസ്എസ്, എൻസിസി, വിവിധ സർക്കാർ‑സർക്കാരിതര സന്നദ്ധ സേനകൾ, കുടുംബശ്രീ, സാക്ഷരതാ മിഷൻ, ലൈബ്രറി കൗൺസിൽ, യുവജനക്ഷേമ ബോർഡ് തുടങ്ങി വിവിധ വിഭാഗങ്ങൾ കൈകോർത്തു. എല്ലാം ഡിജിറ്റലായിരിക്കുന്നൊരു കാലത്ത് അനിവാര്യതയെ തിരിച്ചറിഞ്ഞ് തങ്ങളുടെ പൗരന്മാരെ അതിന്റെ ഭാഗമാക്കുന്നതിനുള്ള ശ്രമമായിരുന്നു പിന്നീട് നടന്നത്. സേവനങ്ങളും ആവശ്യങ്ങളും എളുപ്പത്തിൽ നേടുന്നതിനും വിവിധ സംവിധാനങ്ങളുമായുള്ള ഇടപാടുകൾ വീട്ടിലിരുന്ന് തന്നെ നടത്തുന്നതിനുമുൾപ്പെടെ ഡിജിറ്റൽ മേഖല പൗരന്മാർക്ക് തുറന്നിടുന്ന സാധ്യതകൾ വളരെ വലുതാണ്. അതിലേയ്ക്ക് ജനങ്ങളെ കൂടുതലായി പ്രാവീണ്യരാക്കുന്നതിലൂടെ നടപടികൾ ലഘൂകരിക്കപ്പെടുകയും അതുവഴി സർക്കാർ സേവനങ്ങൾ വേഗത്തിൽ ആർജിക്കുവാൻ സാധിക്കുകയും ചെയ്യുന്നു. ഇത് ഭരണനടപടികളെ സു‍താര്യമാക്കുന്നതിനും സഹായകമാകുന്നു. 1990കളിലെ സാക്ഷരതാ പ്രസ്ഥാനം പോലെ വിപുലമായ മുന്നൊരുക്കങ്ങളും കൂട്ടായ്മകളും വഴിയാണ് കേരളം ഡിജി കേരളമെന്ന ലക്ഷ്യത്തിലെത്തിയിരിക്കുന്നത്. പുതിയൊരു ചരിത്രം രചിക്കുക മാത്രമല്ല കേരളം വേറിട്ടൊരു സംസ്ഥാനമാണെന്ന് അടയാളപ്പെടുത്തുകയുമാണ് ഇതിലൂടെ. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.