15 November 2024, Friday
KSFE Galaxy Chits Banner 2

ചക്ക നല്ലതാണ് പക്ഷെ… ചക്കയുടെ ഗുണങ്ങളും ദോഷങ്ങളും; ന്യുട്രീഷ്യന്‍ പറയുന്നതിങ്ങനെ

അന്നു മാത്യു
July 24, 2023 7:35 pm

കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയും ചക്ക വിഭവങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടത് ആണ്. പണ്ടുകാലത്ത് ഒരു കുടുംബത്തിന്റെ വിശപ്പ് അടക്കാൻ മാത്രം ഉപകരിച്ചിരുന്ന ചക്ക ഇന്ന് മൂല്യമേറിയ പല ഉത്പന്നങ്ങൾ ആയി നാട്ടിലും വിദേശരാജ്യങ്ങളിലും വിപണിയിൽ എത്തുന്നു. പഴങ്ങളിൽ വച്ച് ഏറ്റവും വലുപ്പമേറിയ ചക്ക ഇന്ത്യയിൽ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്.

കേരളത്തിൽ പല ഇനത്തിൽപ്പെട്ട ചക്ക സുലഭമാണെങ്കിലും നാം ഇതുവരെ അതിനെ പൂർണമായും പ്രയോജനപ്പെടുത്തിയിട്ടില്ല. ചക്കയുടെ പുറംതൊലി ഒഴികെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പുഴുക്ക്, ചക്കയട, ചക്ക ഉപ്പേരി, ചക്കപായസം, ചക്ക വരട്ടി എന്നിങ്ങനെയുള്ള പരമ്പരാഗത വിഭവങ്ങൾ കൂടാതെ ചക്ക അച്ചാർ, ചക്കക്കുരു ഷേക്ക്, ചക്ക മസാല, ചക്ക പിസ, ചക്കക്കേക്ക്, ചക്ക ഐസ് ക്രീം എന്നിങ്ങനെ പുതിയ രുചിക്കൂട്ടുകൾ ഇവ ഉപയോഗിച്ച് ഉണ്ടാക്കാം. ഈ കാരണങ്ങൾ കൊണ്ടാണ് ചക്കയെ ഒരു ഇന്റലിജന്റ്‌ ഫ്രൂട്ട് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ വിളിക്കുന്നത്.

തൊടികളിലും പറമ്പുകളിലും വീണു പക്ഷികളും പ്രാണികളും തിന്നുന്ന ചക്കയുടെ പോഷക ഗുണങ്ങൾ കൂടി അറിഞ്ഞാലോ!
ചക്കയിൽ നമ്മുടെ ശരീരത്തിന് ആവശ്യം വേണ്ട ധാരാളം ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ, അവശ്യ വിറ്റാമിനുകൾ ആയ Vit A. Vit C, Riboflavin, Thi­amin niacin, Pot­tas­si­um, Cal­ci­um, Iron, zinc, mag­ne­sium മുതലായ മിനറലുകളും അടങ്ങിയ ഒരു ഫലമാണ് ചക്ക. ധാരാളം ആൻറി ഓക്സിഡൻറ് ചക്കയിൽ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരമായ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നത് ചക്കയുടെ പ്രത്യേകതയാണ്.

മൂപ്പെത്താത്ത ഇടിച്ചക്ക, വിളഞ്ഞ ചക്ക, ചക്കപ്പഴം എന്നിവയെല്ലാം തന്നെ രുചിയുടെ കാര്യത്തിലും, പോഷക ഗുണങ്ങളുടെ കാര്യത്തിലും വ്യത്യസ്ത പുലർത്തുന്നു. ചക്കക്കുരുവും പ്രോട്ടീനും മിനറലുകളാലും സമൃദ്ധമാണ്.

രോഗപ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുവാൻ ചക്കയിലെ Vit­a­min A, C എന്നിവ സഹായിക്കുന്നു. കൂടാതെ ആൻറി ഓക്സിഡന്റുകൾ ആയ Caroti­noid, polyphe­nols, fla­vanoid, Vit­a­min C എന്നിവയുടെ സാന്നിധ്യം കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന ഫ്രീറാഡിക്കിലുകളുടെ പ്രവർത്തനത്തെ മന്ദഗതിയിൽ ആക്കുന്നു. ബാക്ടീരിയ, വൈറസ് മൂലം ഉണ്ടാകുന്ന അസുഖങ്ങൾ ചെറുക്കുവാനും പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും കഴിയുന്നു.

ഹൃദയാരോഗ്യം

ചക്കച്ചുളയിലെ പൊട്ടാസ്യം, നാരുകൾ ആൻറിഓക്സിഡന്റുകൾ എന്നിവ രക്തസമ്മർദ്ദം കുറയ്ക്കുവാനും ഹൃദയരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ ഉയർത്തുവാനും സഹായിക്കുന്നു.

അനീമിയ/വിളർച്ച എല്ലുകളുടെ ആരോഗ്യം

ചക്കയിൽ അടങ്ങിയിരിക്കുന്ന അയൺ, വിറ്റാമിൻ B, B3, B6 എന്നിവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും, വിളർച്ച മാറ്റുന്നതിനും നല്ലതാണ്. Mag­ni­si­um, Cal­ci­um എന്നിവ എല്ലുകളെ ബലപ്പെടുത്താനും, തേയ്മാനം കുറയ്ക്കുവാനും സഹായിക്കുന്നു.

പ്രമേഹം

പച്ചചക്കയുടെ glycemic index (GI score) കുറവായതിനാലും, നാരുകൾ ധാരാളം അടങ്ങിയതിനാലും പ്രമേഹ രോഗികൾക്ക് മിതമായ അളവിൽ ഉൾപ്പെടുത്താവുന്നതാണ്. പ്രമേഹ രോഗികളുടെ ഗ്ലൂക്കോസ് tol­er­ence മെച്ചപ്പെടുത്തുവാനും ചക്കയ്ക്ക് കഴിവുണ്ട് എന്നത് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പക്ഷേ ചക്ക കഴിക്കുന്നത് കൊണ്ട് മാത്രം പ്രമേഹം മാറ്റാം എന്നോ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ എത്തിക്കാം എന്നതോ ഒരു തെറ്റിദ്ധാരണയാണ്. അതിനാൽ അമിത അളവിൽ കഴിക്കുന്നത് ഒഴിവാക്കുക.

ദഹന വ്യവസ്ഥ

ചക്കയിലെ ഭക്ഷ്യയോഗ്യമായ നാരുകൾ ദഹനപ്രക്രിയ ത്വരിതപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. ചക്കക്കുരുവിലെ pre­bi­otics, ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയയുടെ വളർച്ച ത്വരിതപ്പെടുത്തുന്നു. ഇവയെല്ലാം കുടലിന്റെ പോഷക ആഗിരണത്തെ മെച്ചപ്പെടുത്തുന്നു. കുടൽ കാൻസറിന്റെ സാധ്യത കുറയ്ക്കുന്നു.

കാഴ്ചശക്തി, ത്വക് സംരക്ഷണം

ചക്കച്ചുളയിലും ചക്കക്കുരുവിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ A, ആന്റിഓക്സിഡന്റുകൾ എന്നിവ കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. നിശാന്ധത, കണ്ണിന്റെ ഞരമ്പുകളുടെ ആരോഗ്യം എന്നിവയ്ക്ക് ഗുണം ചെയ്യുന്നു.

മുറിവുകളെ ഉണക്കുവാനും ത്വക്ക്, മുടി, മസിൽ, ചെറു ഞരമ്പുകൾ എന്നിവയെ സംരക്ഷിക്കാനും ചക്കയിലെ പോഷകങ്ങൾക്ക് കഴിവുണ്ട് .

ഉറക്കം മെച്ചപ്പെടുത്തുന്നു

ചക്കയിലെ മഗ്നീഷ്യം സുഖനിദ്ര പ്രധാനം ചെയ്യാൻ സഹായിക്കുന്നു.

മുൻ കരുതലുകൾ/ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വൃക്ക രോഗികൾ ചക്ക ഉപയോഗം മിതപ്പെടുത്തണം. കാരണം ചക്കയിൽ ധാരാളമായി അടങ്ങിയ പൊട്ടാസ്യം രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കൂട്ടുകയും ഹൈപ്പർ കലീമിയ എന്ന അവസ്ഥയിൽ എത്താൻ സാധ്യതയുണ്ട് . ഇത് ശ്വാസതടസ്സം, തളർച്ച ഹൃദയാഘാതം എന്നിവയ്ക്ക് കാരണമായേക്കാം.

ഗർഭിണികൾ മുലയൂട്ടുന്ന അമ്മമാർ പ്രായമായവർ എന്നിവർ ചക്ക അമിതമായി ഉപയോഗിച്ചാൽ അസിഡിറ്റി, നെഞ്ചെരിച്ചിൽ, ദഹനക്കേട്, വയറിളക്കം എന്നിവയ്ക്ക് സാധ്യത ഉള്ളതിനാൽ ഉപയോഗം മിതമായ അളവിൽ ആക്കുക.

പ്രമേഹ രോഗികൾ: പഴുത്ത ചക്കയുടെ ഉപയോഗം മിതപ്പെടുത്തണം. ചക്കപ്പഴത്തിൽ പ്രകൃതിദത്തമായ മധുരം അടങ്ങിയതിനാൽ ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ ഉയർത്തുന്നു. അതേസമയം ഇടിച്ചക്ക അധികം മൂപ്പെത്താത്തതുമായ പച്ചചക്ക എന്നിവ മിതമായി ഉപയോഗിച്ചാൽ ഫലപ്രദവും ആണ്.

അന്നു മാത്യു                                                                      ഡയറ്റീഷ്യൻ
SUT ഹോസ്പിറ്റൽ, പട്ടം

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.