മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറി അമേരിക്ക. ഇന്നോ നാളെയോ ഇന്ത്യയിൽ എത്തിക്കും. ഡൽഹിയിലും മുംബൈയിലും ജയിലുകൾ സജ്ജമാക്കി. പ്രത്യേക എൻഐഎ സംഘമാണ് റാണയെ ചോദ്യം ചെയ്യുക. ഡൽഹിയിലെത്തിക്കുന്ന റാണയെ വൈദ്യപരിശോധനക്ക് വിധേയനാക്കും. തഹാവൂർ റാണയെ ഇന്ത്യൻ സംഘത്തിനു കൈമാറിയെന്നു യുഎസ് അറിയിച്ചു. ഇന്ത്യയ്ക്കു കൈമാറുന്നതു സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു റാണ സമർപ്പിച്ച ഹർജി യുഎസ് സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണു ഇന്ത്യ നടപടികൾ വേഗത്തിലാക്കിയത്.
എൻഐഎ ആസ്ഥാനത്തേക്കാണ് പ്രതിയെ എത്തിക്കുക. കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണ ലൊസാഞ്ചൽസിലെ തടങ്കൽ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. 2008 നവംബറിൽ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനിൽ ഒരാളായ പാക്ക്-യുഎസ് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. റാണയെ കൈമാറണമെന്ന് ഇന്ത്യ വർഷങ്ങളായി ആവശ്യപ്പെട്ടു വരികയാണ്. 2011ലാണ് ഭീകരാക്രമണത്തിൽ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടർന്ന് 13 വർഷത്തെ ജയിൽ ശിക്ഷയും ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.