
വനിതകളെ റിക്രൂട്ട് ചെയ്യുന്നതിനായി പാക് ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് ഓണ്‍ലൈന്‍ ജിഹാദി കോഴ‍്സ് ആരംഭിച്ചു. വനിതാ വിഭാഗമായ ജമാഅത്ത് ഉല്‍-മുമിനത്തിനായി അംഗങ്ങളെ ചേര്‍ക്കുന്നതിനും ഫണ്ട് സ്വരൂപിക്കുന്നതിനും ഉള്ള ശ്രമങ്ങളുടെ ഭാഗമായാണ് തുഫത് അല്‍ മുമിനത്ത് എന്ന ഓണ്‍ലൈന്‍ കോഴ്‍സ് ആരംഭിച്ചതെന്ന് വൃത്തങ്ങള്‍ പറയുന്നു. ജെയ്ഷ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരിമാരായ സാദിയ അസ‍്ഹറും സമൈറ അസ‍്ഹറും ക്ലാസുകള്‍ നടത്തും.
പങ്കെടുക്കുന്നവര്‍ 500 രൂപ സംഭാവന നല്‍കണം. 40 മിനിറ്റുള്ള ക്ലാസ് അടുത്തമാസം എട്ടിന് ആരംഭിക്കാനാണ് നീക്കം. ഓപറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ജെയ്ഷെ കമാന്‍ഡര്‍ യുസഫ് അസ‍്ഹറിന്റെ ഭാര്യയാണ് സാദിയ അസ‍്ഹര്‍. മസൂദ് അസ‍്ഹറിന്റെ മറ്റൊരു സഹോദരി സഫിയ, പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനും ഇന്ത്യന്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഉമര്‍ ഫാറൂഖിന്റെ ഭാര്യ അഫ്രീറ ഫാറൂഖും വനിതാ സംഘടനയ്ക്ക് നേതൃത്വം നല്‍കും.
ഈമാസം എട്ടിനാണ് വനിതാ വിഭാഗത്തിന്റെ രൂപീകരണം മസൂദ് അസ്ഹര്‍ പ്രഖ്യാപിച്ചത്. 19ന് പാക് അധിനിവേശ കശ്മീരിലെ റാവല്‍കോട്ടില്‍ ദുഖ്തരന്‍-ഇ-ഇസ്ലാം എന്ന പേരില്‍ സ്ത്രീകളെ ചേര്‍ക്കാനായി ഒരു പരിപാടിയും സംഘടിപ്പിച്ചു. സാധാരണ എല്ലാ കാര്യങ്ങളിലും സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന യാഥാസ്ഥിതിക സമൂഹമാണ് പാകിസ്ഥാനിലേത്. എന്നാല്‍ ഐഎസ്, ഹമാസ്, എല്‍ടിടിഇ എന്നീ മാതൃകയില്‍ വനിതാ സേന കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. ഇവരെ ചാവേറുകളായി പോലും ഉപയോഗിച്ചേക്കാമെന്നും വൃത്തങ്ങള്‍ പറഞ്ഞു. ഭീകര സംഘടനകളെ സഹായിക്കാതെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുമ്പോഴും അവിടുത്തെ ഭീകര സംഘടനകള്‍ പുതിയ രീതിയില്‍ ധനസമാഹരണം നടത്തുന്നത് എങ്ങനെയാണ് എന്നതിന് ഉദാഹരണമാണ് ഓണ്‍ലൈന്‍ കോഴ്സ് ഫീസ്.
ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍മാരുടെ ഭാര്യമാരെയും സംഘടനയുടെ ബഹാവല്‍പൂര്‍, കറാച്ചി, മുസാഫറാബാദ്, കോട്ലി, ഹരിപൂര്‍, മന്‍സെഹ്റ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ പഠിക്കുന്ന, സാമ്പത്തിക സ്ഥിതി മെച്ചമല്ലാത്ത സ്ത്രീകളെയും റിക്രൂട്ട് ചെയ്യാനാണ് നീക്കമെന്ന് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നീരീക്ഷിക്കുന്നവര്‍ പറയുന്നു. ഓപ്പറേഷന്‍ സിന്ദൂറിനും പഹല്‍ഗാം ആക്രമണത്തിനും ശേഷം സുരക്ഷാ പരിശോധനയില്‍ നിന്ന് രക്ഷപെടാനും സാധനങ്ങള്‍ എത്തിക്കുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും വനിതകളെ ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് ജെയ്ഷെ നേതൃത്വം മനസിലാക്കി. പുതിയ കോഴ‍്സ് ആ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഒരു ഉന്നത ഭീകരവിരുദ്ധ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ സംഘടന സ്ത്രീകള്‍ സായുധ ജിഹാദില്‍ പങ്കെടുക്കുന്നത് വിലക്കിയിരുന്നു. എന്നാല്‍ അടുത്തിടെ അതില്‍ മാറ്റം വരുത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.