ജര്‍മ്മന്‍ യുവതാരം ജമാല്‍ മുസിയാലയ്ക്കായി 100 ദശലക്ഷം യൂറോയുടെ ഓഫറുമായി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. നിലവില്‍ ബയേൺ മ്യൂണിക്കിന്റെ താരത്തെ ടിമിലെത്തിക്കാന്‍ റയല്‍ മാഡ്രിഡ്, ചെല്‍സി ടീമുകളും ശ്രമം തുടങ്ങി. ബയേണുമായി മുസിയാലയ്ക്ക് 2026 വരെ കരാറുണ്ട്. കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട് താരവും ക്ലബ്ബുമായി ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ല. 21 കാരനായ അറ്റാക്കിങ് മിഡ്ഫീൽഡര്‍ യൂറോകപ്പിലെ ടോപ് സ്കോറര്‍മാരിലൊരാളായിരുന്നു. ഈ സീസണില്‍ ബയേണിനുവേണ്ടിയും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഇതുവരെയുള്ള ആറ് മത്സരങ്ങളിൽ നിന്ന്, മുസിയാല മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി. യൂറോ 2024 ൽ ജർമ്മനിക്കായി മൂന്ന് ഗോള്‍ നേടിയിരുന്നു. ഇതോടെ രാജ്യത്തിനായി 15 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഡ്രിബിള്‍ ചെയ്തും ഗ്യാപ്പുകള്‍ കണ്ടെത്തി പാസുകള്‍ നല്‍കിയും ഗ്രൗണ്ടില്‍ നിറഞ്ഞുകളിക്കുന്ന മുസിയാല ഏത് ലോകോത്തര പ്രതിരോധ നിരയ്ക്കും ഭീഷണിയാണ്. അടുത്തവര്‍ഷത്തോടെ സൗദിയിലേക്ക് മാറാനൊരുങ്ങുന്ന കെവിന്‍ ഡിബ്രുയ്ന്റെ പകരക്കാരനായാണ് ജമാല്‍ മുസിയാലയെ മാഞ്ചസ്റ്റര്‍ സിറ്റി പരിഗണിക്കുന്നത്. അതേസമയം ജൂഡ് ബെല്ലിങ്ഹാമിന്റെ പകരക്കാരനായി റയല്‍ മാഡ്രിഡ് താരത്തെ വിലയിരുത്തുന്നു.
എസി മിലാനിൽ നിന്ന് മടങ്ങിയെത്തിയ ബ്രാഹിം ഡയസ് തിളങ്ങാത്തതും ജമാല്‍ മുസിയാലയെ റയല്‍ റാഞ്ചാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍ ടീമുകളും താരത്തിന്റെ നീക്കങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. അതേസമയം ഇംഗ്ലണ്ടിലേക്ക് വരാനാണ് മുസിയാലയ്ക്ക് താല്പര്യമെന്നും വാര്‍ത്തകളുണ്ട്. ഒമ്പത് വർഷം ഇംഗ്ലണ്ടിന്റെ യൂത്ത് ടീമിൽ കളിച്ച ജമാൽ മുസിയാല അഞ്ച് വർഷം മുമ്പാണ് ജർമനിയിൽ തിരിച്ചെത്തിയത്. ജർമ്മനിയിലെ സ്റ്റർട്ട്ഗർട്ടിലാണ് മുസിയാല ജനിച്ചത്. പിതാവ് ബ്രിട്ടീഷ് നൈജീരിയന്‍ വംശജനും മാതാവ് ജർമ്മൻകാരിയുമാണ്. ജമാൽ മുസിയാലയുടെ ഏഴാം വയസിൽ എല്ലാവരും കൂടി ജർമ്മനി വിട്ട് ഇംഗ്ലണ്ടിലേക്ക് താമസം മാറി. തുടര്‍ന്ന് മുസിയാല ഇംഗ്ലണ്ടിന്റെ യൂത്ത് ടീമിൽ അംഗമായി. ചെൽസി അക്കാദമിയിലായിരുന്നു ഫുട്ബോൾ പഠനം. 2019 ജൂലെയിൽ 16-ാം വയസിൽ ജർമ്മനിയിൽ തിരിച്ചെത്തി. തിരിച്ചുവരവില്‍ മുസിയാല ബയേണ്‍ മ്യൂണിക്കിൽ ഇടംനേടി. പിന്നാലെ ജർമ്മൻ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായും മാറി.
അതേസമയം യുവതാരത്തെ അത്രവേഗം വിട്ടുനല്‍കാന്‍ ബയേണ്‍ തയ്യാറായേക്കില്ല. കരാര്‍ നീട്ടുന്നതിന് ക്ലബ്ബിന് താല്പര്യമുണ്ടെന്ന് ബയേൺ മ്യൂണിക്ക് സിഇഒ ഹെർബർട്ട് ഹൈനർ അടുത്തിടെ സൂചന നല്‍കിയിരുന്നു. അലിയൻസ് അരീനയ്ക്കായി മുസിയാല തന്റെ ഭാവി സമർപ്പിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നായിരുന്നു ഹൈനറുടെ വാക്കുകള്‍. അദ്ദേഹത്തിന് അടുത്ത തോമസ് മുള്ളർ ആകാനും അടുത്ത 20 വർഷത്തേക്ക് ഇവിടെ കളിക്കാനും കഴിയും. അവൻ ഒരു ദിവസം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകും. അദ്ദേഹത്തെ ബയേണിൽ വളരെക്കാലം കാണാനാകുമെന്ന് ശുഭാപ്തിവിശ്വാസമുണ്ടെന്നും ഹൈനർ സ്കൈ സ്പോർട്സിനോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.