ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 56 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറിന് അവസാനിച്ചു. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ‍്തിട്ടില്ല. 56.05 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പി കെ പോള്‍ അറിയിച്ചു. ഹസ്രത‍്ബാല്‍, റിയാസി എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് നിശ്ചിതസമയത്ത് അവസാനിക്കാത്തതിനാല്‍ ശതമാനം ഇനിയും ഉയരുമെന്നും വ്യക്തമാക്കി. എവിടെയും റീ പോളിങ് നടത്തേണ്ട സാഹചര്യമില്ലെന്നും പറഞ്ഞു.
ജമ്മുവിലെ വൈഷ‍്ണോ ദേവി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് (75.29 ശതമാനം) രേഖപ്പെടുത്തിയത്. പൂഞ്ച്-ഹവേലി (72.71), ഗുല്‍ബര്‍ഗ് (72.19), സുരന്‍കോട്ടെ (72.18). കശ്മീര്‍ താഴ്‌വരയിലെ 15 മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് ഖാന്‍സാഹിബിലാണ് (67.70 ശതമാനം) ഖാന്‍ഗനില്‍ 67.60 ശതമാനവും ചറാര്‍ ഇ ഷെരീഫില്‍ 66 ശതമാനവും പോളിങ് രേഖപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, പിസിസി പ്രസിഡന്റ് താരിഖ് ഹമീദ് കാരാ, ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍.
16 രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരായി എത്തിയിരുന്നു. 239 സ്ഥാനാര്‍ത്ഥികളാണ് 26 മണ്ഡലങ്ങളിലേക്ക് മത്സരിച്ചത്. 2.5 ദശലക്ഷം വോട്ടര്‍മാരുണ്ടായിരുന്നു. ശ്രീനഗര്‍, ബുദ്ഗാം, ഗന്ദര്‍ബാല്‍, റെയ‍്സി, രജൗരി, പൂഞ്ച് എന്നീ ജില്ലകളിലാണ് രണ്ടാംഘട്ടം വോട്ടെടുപ്പ് നടന്നത്. മൂന്ന് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ 61.13 ശതമാനം പോളിങ് രേഖപ്പെടുത്തി.
40 മണ്ഡലങ്ങളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് അടുത്തമാസം ഒന്നിന് നടക്കും. വോട്ടെണ്ണല്‍ ഒക്ടോബര്‍ എട്ടിനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.