22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 31, 2024
October 26, 2024
September 1, 2024
March 25, 2024
March 6, 2024
February 25, 2024
February 14, 2024
February 10, 2024
February 9, 2024

പി ടി ഭാസ്കര പണിക്കരുടെ പത്നി ജാനകി അമ്മ അന്തരിച്ചു

Janayugom Webdesk
കോഴിക്കോട്
January 18, 2024 9:32 pm

ഉള്ളനാട്ട് ജാനകി അമ്മ (88) അന്തരിച്ചു. ചേവായൂരിൽ മകളുടെ വസതിയിലായിരുന്നു അന്ത്യം. കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിലെ ജനകീയ ശാസ്ത്ര — ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ അമരക്കാരനും മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റുമായിരുന്ന പി ടി ഭാസ്കര പണിക്കരുടെ പത്നിയാണ്. 1935ൽ തൃശൂർ വെങ്കിടങ്ങിൽ ജനിച്ചു. 1954 ലാണ് ശ്രീകൃഷ്ണപുരം സ്കൂളിലെ അധ്യാപകനായിരുന്ന പി ടി ഭാസ്കര പണിക്കരുമായുള്ള വിവാഹം. പത്താം ക്ലാസിൽ പഠനം നിർത്തിയെങ്കിലും മലയാളത്തിലെ വൈജ്ഞാനിക- സാഹിത്യ രംഗത്ത് ലേഖനങ്ങളുടേയും പുസ്തകങ്ങളുടേയും പകർത്തിയെഴുത്തുകാരിയായി. ശാസ്ത്ര കേരളം ഉൾപ്പെടെയുള്ള പല പ്രസിദ്ധീകരണങ്ങളുടേയും പ്രൂഫ് വായനക്കാരിയായും പ്രവര്‍ത്തിച്ചു.

1957 ലെ ആദ്യ സിപിഐ മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പു മന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ സെക്രട്ടറിയായി പി ടി ഭാസ്കരപണിക്കർ നിയമിതനായപ്പോള്‍ താമസം തിരുവനന്തപുരത്തേക്ക് മാറ്റി. 1968 ൽ പി ടി ഭാസ്കര പണിക്കരും കുടുംബവും തിരുവനന്തപുരത്ത് ഗീതാഞ്ജലി എന്ന വീട്ടിൽ താമസം തുടങ്ങി. പിന്നീട് ഈ വീട് പി ടി ഭാസ്കര പണിക്കരുടെ പ്രവർത്തന കേന്ദ്രമായി. ഇവിടെ വെച്ച് കെ ദാമോദരനും ഇഎംഎസും എകെജിയും ജോസഫ് മുണ്ടശ്ശേരിയുമടക്കം കേരളമാദരിക്കുന്ന നിരവധി വ്യക്തിത്വങ്ങളെ അടുത്തറിയാൻ പി ടിയുമൊത്തുള്ള ജീവിതം ജാനകി അമ്മയെ സഹായിച്ചു.

മക്കൾ: യു ഗീത, പരേതനായ യു സുരേഷ് (സ്റ്റേറ്റ് ബാങ്ക് റിട്ട. മാനേജർ, ജനയുഗം മുൻ ജനറൽ മാനേജർ, മുൻ പി എസ് സി മെമ്പർ) മരുമക്കൾ: പരേതനായ ഡോ. സി സുകുമാരൻ (മുൻ മെഡിസിൻ പ്രൊഫസർ, കോഴിക്കോട് മെഡിക്കൽ കോളേജ), ശ്രീദേവി (റിട്ട. കാനറ ബാങ്ക്). സംസ്കാരം കോഴിക്കോട് പുതിയപാലം ശ്മശാനത്തില്‍ നടന്നു.
സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ മാസ്റ്റര്‍, ജില്ലാ അസി. സെക്രട്ടറിമാരായ അഡ്വ. പി ഗവാസ്, പി കെ നാസര്‍ തുടങ്ങിയവര്‍ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

ബിനോയ് വിശ്വം അനുശോചിച്ചു

സിപിഐ നേതാവും മലബാര്‍ ജില്ലാ ബോര്‍ഡ് അധ്യക്ഷനും ശാസ്ത്ര പ്രവര്‍ത്തകനുമായിരുന്ന പി ടി ഭാസ്കര പണിക്കറുടെ ഭാര്യ ജാനകി അമ്മയുടെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു. പിടിബിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തിരക്കിനിടയില്‍ കുടുംബത്തിന്റെ താങ്ങും തണലുമായി നിന്നത് ജാനകിയമ്മയായിരുന്നു. പിടിബിയുടെ ലേഖനങ്ങളുടേയും പുസ്തകങ്ങളുടേയും പകർത്തിയെഴുത്തുകാരിയും വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രൂഫ് വായനക്കാരിയുമായി അവര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നു.

പിടിബി എന്ന നേതാവിനെ കാണുന്നതിനും അദ്ദേഹത്തിന്റെ മകന്‍ യു സുരേഷുമായുള്ള സൗഹൃദത്തിന്റെ ഭാഗമായും തിരുവനന്തപുരത്തെ വസതിയില്‍ ചെല്ലാനും മാതൃവാത്സല്യത്തോടെയുള്ള ജാനകിയമ്മയുടെ സ്നേഹം ഏറ്റുവാങ്ങാനും സാധിച്ചിരുന്നതായി ബിനോയ് വിശ്വം അനുസ്മരിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യന്‍ മൊകേരി, ടി വി ബാലന്‍ എന്നിവരും അനുശോചനം രേഖപ്പെടുത്തി.

Eng­lish Sum­ma­ry: Jana­ki Amma passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.