സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനം ഒരിക്കൽക്കൂടി പാർലമെന്റിന്റെ സജീവ പരിഗണനാവിഷയമായി വന്നിരിക്കുന്നു. ഡൽഹി ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി യശ്വന്ത് വർമ്മയുടെ വസതിയിലുണ്ടായ തീപിടിത്തത്തിനിടെ, ചാക്കിൽ നിറച്ച ഇന്ത്യൻ കറൻസി കത്തിനശിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യസഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖർ വിഷയം സഭയിൽ ഉന്നയിക്കുകയും പാർട്ടിനേതാക്കളുടെ യോഗം വിളിച്ചുചേർത്ത് ചർച്ചാവിധേയമാക്കുകയും ചെയ്തത്. 2014 ഓഗസ്റ്റിൽ ഇന്ത്യൻ പാർലമെന്റ്, ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ദേശീയ ജുഡീഷ്യൽ അപ്പോയ്ന്റ്മെന്റ് ആക്ട് പാസാക്കുകയും അത് രാജ്യത്തെ 16 സംസ്ഥാന നിയമസഭകൾ അംഗീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് രാഷ്ട്രപതി ഇതുസംബന്ധിച്ച 99-ാമത് ഭരണഘടനാ ഭേദഗതിനിയമത്തിന് അംഗീകാരം നൽകുകയുമുണ്ടായി. എന്നാൽ 2015 ഒക്ടോബർ 16ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 4:1 ഭൂരിപക്ഷത്തിൽ പ്രസ്തുത നിയമം ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ‘അധികാര വിഭജന’ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് വിധിക്കുകയും ജുഡീഷ്യൽ നിയമന അധികാരം കൊളീജിയത്തിൽ നിക്ഷിപ്തമാക്കുകയുമാണുണ്ടായത്. നിലവിൽ സുപ്രീം കോടതി കൊളീജിയത്തിൽ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയും ഏറ്റവും മുതിർന്ന നാല് ജഡ്ജിമാരുമടക്കം അഞ്ചംഗങ്ങളാണ് ഉള്ളത്. സമാന രീതിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസും രണ്ട് ഏറ്റവും മുതിർന്ന ജഡ്ജിമാരുമടക്കം മൂന്ന് അംഗങ്ങളാണ് ഹൈക്കോടതി കൊളീജിയത്തിൽ ഉണ്ടാവുക. ഏറ്റവും മുതിർന്ന സുപ്രീം കോടതി ജഡ്ജിയെ രാഷ്ട്രപതിയാണ് ചീഫ് ജസ്റ്റിസായി നിയമിക്കുക. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതി സുപ്രീം കോടതിയിലെ ഇതര ജഡ്ജിമാരെയും നിയമിക്കുന്നു. ഹൈക്കോടതി കൊളീജിയം നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി കൊളീജിയത്തിന്റെ നിർദേശപ്രകാരം രാഷ്ട്രപതി തന്നെയാണ് ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവും നടത്തിവരുന്നത്. കൊളീജിയത്തിന്റെ പ്രവർത്തനം തെല്ലും സുതാര്യമല്ലെന്നും ഇതര സർക്കാർ നിയമനങ്ങളിൽ പാലിക്കപ്പെടുന്ന സംവരണതത്വങ്ങൾ ഇക്കാര്യത്തിൽ പാലിക്കപ്പെടുന്നില്ലെന്നുമുള്ള വിമർശനം നിലനിൽക്കുന്നു.
ഇന്ത്യൻ ഭരണഘടനയിൽ ജുഡീഷ്യൽ നിയമനങ്ങൾ സംബന്ധിച്ച പരാമർശമുള്ളത് അനുച്ഛേദം 124(2) ലാണ്. ജുഡീഷ്യൽ നിയമനാധികാരം എക്സിക്യൂട്ടീവിന്റെ തലവനായ രാഷ്ട്രപതിയിലാണ് നിക്ഷിപ്തമാക്കിയിട്ടുള്ളത്. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിക്കണമെന്നും ആവശ്യമായ തോതിൽ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുമായി ആലോചന ആവാമെന്നുമേ ഭരണഘടന വ്യവസ്ഥചെയ്യുന്നുള്ളൂ. കൊളീജിയം സംവിധാനം നിലവിൽവന്നതോടെ ശുപാർശ ചെയ്യപ്പെടുന്ന നിർദിഷ്ട ജഡ്ജിമാരെ സംബന്ധിച്ച ഇന്റലിജിൻസ് ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ട് കൊളീജിയത്തിന് സമർപ്പിക്കുന്നതിൽ എക്സിക്യൂട്ടീവിന്റെ ചുമതല പരിമിതപ്പെട്ടിരിക്കുന്നു. ജസ്റ്റിസ് യശ്വന്ത് വർമ്മയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്ന വിവാദം കൊളീജിയം സംവിധാനത്തിന്റെ സുതാര്യതയെയാണ് ചോദ്യംചെയ്യുന്നത്. വർമ്മയെ തന്റെ മാതൃകോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി നിയമിച്ച സുപ്രീം കോടതി നടപടി അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷന്റെയും അഭിഭാഷകരുടെയും വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വർമ്മയുടെ ഹൈക്കോടതി ജഡ്ജ് എന്ന നിലയിലുള്ള വിധിപ്രസ്താവങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവും ശക്തമാണ്. അലഹബാദ് ഹൈക്കോടതിയിലെ ഒരു പെൺകുട്ടിയുമായി ബന്ധപ്പെട്ട ബലാത്സംഗശ്രമക്കേസിൽ അടുത്തിടെയുണ്ടായ വിധിയും വൻ വിവാദം സൃഷ്ടിച്ചിരുന്നു. അത് തികച്ചും മനുഷ്യത്വഹീനവും അസ്വസ്ഥജനകവുമാണെന്ന് വിധിച്ച സുപ്രീം കോടതി, വിധി സ്റ്റേ ചെയ്തത് ഇന്നലെയാണ്.
വിവിധ ഹൈക്കോടതികളിൽ നിന്നും ഭരണഘടനാ തത്വങ്ങൾക്കും ശിക്ഷാനിയമ വ്യവസ്ഥകൾക്കും നിരക്കാത്ത അത്തരം വിധിപ്രസ്താവങ്ങൾ വരുന്നതും അപൂർവമല്ല. അതുകൊണ്ടുതന്നെ ‘ജഡ്ജിമാർ തന്നെ ജഡ്ജിമാരെ നിയമിക്കുന്ന’ കൊളീജിയം വ്യവസ്ഥ അവസാനിപ്പിച്ച് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും നിലനിർത്തിക്കൊണ്ട് ആധുനിക ജനാധിപത്യ സംവിധാനത്തിന് അനുയോജ്യവും കാലോചിതവുമായ ഒരു ജുഡീഷ്യൽ നിയമന സംവിധാനം നിലവിൽവരണമെന്ന ആവശ്യം ശക്തവും ന്യായവുമായി ഉയർന്നുവന്നിരിക്കുന്നു.
ലോകരാഷ്ട്രങ്ങൾ തങ്ങളുടെ ജുഡീഷ്യൽ നിയമനങ്ങൾക്ക് വ്യത്യസ്ത രീതികളാണ് അവലംബിച്ചുപോരുന്നത്. ഭരണത്തലവൻ നിയമനിർമ്മാണ സഭകളുടെ പരിശോധനയ്ക്ക് വിധേയമായി നിയമനം നടത്തുന്ന സംവിധാനമാണ് യുഎസിൽ നിലനിൽക്കുന്നത്. സ്വതന്ത്ര ജുഡീഷ്യൽ കമ്മിഷൻ നിയമനരീതിയാണ് ബ്രിട്ടനിലും മിക്ക കോമൺവെൽത്ത് രാഷ്ട്രങ്ങളിലും പ്രാബല്യത്തിലുള്ളത്. ഇന്ത്യയിൽ സുപ്രീം കോടതി ഭരണഘടനാവിരുദ്ധം എന്ന് പ്രഖ്യാപിച്ച 2014ലെ ദേശീയ ജുഡീഷ്യൽ കമ്മിഷൻ ആക്ട് അതേ രൂപത്തിൽ തിരികെ കൊണ്ടുവരുന്നതിന് അനുകൂലമായ സമവായ അന്തരീക്ഷം ഇപ്പോൾ സാധ്യമായിരിക്കില്ല. വിവിധ ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിക്ക് വിധേയമാക്കാൻ മോഡി സർക്കാരും ബിജെപിയും തുടർന്നുവരുന്ന നയസമീപനങ്ങളാണ് ദേശീയ സമവായത്തിന് വിഘാതം സൃഷ്ടിക്കുന്നത്. എന്നാൽ രാജ്യത്ത് സ്വതന്ത്രവും പക്ഷപാതരഹിതവും ഭരണഘടനമൂല്യങ്ങളും ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളും ഉയർത്തിപ്പിടിക്കുന്നതുമായ ഒരു നീതിന്യായ വ്യവസ്ഥ വേണമെന്നത് ഇനിയും മാറ്റിവയ്ക്കാനാവാത്ത ആവശ്യമായി മാറിയിരിക്കുന്നു. രാഷ്ട്രീയനേതൃത്വവും ജനങ്ങളും ആ ദിശയിൽ ചിന്തിക്കുമെന്നും ലക്ഷ്യം കൈവരിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.