22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026

ഭരണഘടനാ ലംഘനം തുടരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ

സഫി മോഹന്‍ എം ആര്‍
September 17, 2025 4:45 am

ബിഹാറിൽ നടപ്പിലാക്കിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. അന്തിമ വിധി പറയുകയോ പ്രക്രിയ റദ്ദാക്കുകയോ ചെയ്തിട്ടില്ലെങ്കിലും പല തവണ സുപ്രീം കോടതി നടപടിക്രമങ്ങളെയും നടപ്പുരീതികളെയും നിശിതമായി വിമർശിക്കുകയും ആധാർ ഉൾപ്പെടെ രേഖയായി ഉപയോഗിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭരണഘടനാ തത്വങ്ങളെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ച് രാജ്യവ്യാപകമായി എസ്ഐആർ നടപ്പിലാക്കുന്നതിനുള്ള നീക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ (സിഇസി) വേഗത്തിലാക്കിയിരിക്കുകയാണ്. ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ ജനാധിപത്യത്തെ നിലനിർത്താനും ശക്തിപ്പെടുത്തുവാനും വേണ്ടി ഭരണഘടനയുടെ അനുഛേദം 324 അനുസരിച്ച് നിലവിൽ വന്ന തെരഞ്ഞെടുപ്പ് കമ്മിഷന് ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുവാൻ കഴിയാതെ വന്ന കാരണങ്ങൾ എന്താണെന്ന ചോദ്യം പ്രസക്തമാകുന്നത്. 

1975‑ലെ ഇന്ദിരാ ഗാന്ധി കേസിൽ സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഭരണഘടനയുടെ അടിസ്ഥാന ശിലയായി അംഗീകരിച്ചിട്ടുണ്ട്. നിയമവാഴ്ചയ്ക്കെതിരായി ഒരു ഭരണഘടനാ സ്ഥാപനങ്ങളും പ്രവർത്തിക്കുവാൻ പാടില്ലെന്ന് ഈ കേസിൽ സുപ്രീംകോടതി പ്രഖ്യാപിക്കുകയുണ്ടായി അതിന്റെ അടിസ്ഥാനത്തിൽ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഭരണഘടനാവിരുദ്ധമായി കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. അതേ വിധിയും നിയമവാഴ്ചയും നിലനിൽക്കുന്ന രാജ്യത്താണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണഘടനാ വിരുദ്ധമായ ഇപ്പോഴത്തെ പ്രവർത്തികൾ തുടരുന്നത്. 

സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കുന്ന ഒരു തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടന ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനമാണ്. അതിനെയാണ് ബിജെപി സർക്കാർ കഴിഞ്ഞ 11 വർഷം കൊണ്ട് ഘടനാപരമായി അട്ടിമറിക്കുന്നത്. അതിന് ഏറ്റവും വലിയ തെളിവാണ് 2023ൽ ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തെ ബിജെപി ഗവൺമെന്റ് അട്ടിമറിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ചേർന്ന സമിതി ആയിരിക്കണമെന്നും ആ സമിതിയുടെ അഭിപ്രായമനുസരിച്ച് രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കണമെന്നുമുള്ള നിർണായക വിധിയാണ് 2024ൽ ബിജെപി സർക്കാർ അട്ടിമറിച്ചത്. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെ സമിതിയിൽ നിന്ന് ഒഴിവാക്കിയാണ് ബിജെപി സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ ഇന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു തെരഞ്ഞെടുപ്പ് കമ്മിഷൻ അല്ല ഇന്ത്യയിലുള്ളത്, മറിച്ച് ബിജെപി സർക്കാരിനുവേണ്ടി പ്രവർത്തിക്കുന്ന കമ്മിഷനാണ് നിലനിൽക്കുന്നത്. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ആ വ്യവസ്ഥ തകരുമ്പോൾ അതിനെ സംരക്ഷിക്കുന്നതിനുവേണ്ടി ശബ്ദമുയർത്താൻ ഓരോ പൗരനും ഭരണഘടനാപരമായ അവകാശം ഉണ്ട്. കുറ്റാന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാരിന്റെ കളിപ്പാവയായി മാറിയിരിക്കുന്ന ഇന്ത്യയിൽ സുപ്രീം കോടതിയുടെ നിരീക്ഷണത്തിലുള്ള സ്വതന്ത്രവും നീതിയുക്തവുമായ ഒരു അന്വേഷണമാണ് ഇക്കാര്യത്തിൽ വേണ്ടത്. സിഇസിക്ക് എതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട ആരോപണം അവർ ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടി വോട്ടർപട്ടികയിൽ നിയമവിരുദ്ധമായ കൂട്ടിച്ചേർക്കലുകളും പ്രതിപക്ഷ പാർട്ടികൾ വിജയിക്കുവാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽനിന്ന് വോട്ടർമാരുടെ പേരുകൾ ഒഴിവാക്കലും നടത്തി എന്നുള്ളതാണ്. ഇതിന് രണ്ടു ഉദാഹരണങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടപ്പെട്ടത്. തൃശൂരിലും കർണാടകയിലെ മണ്ഡലങ്ങളിലും ഉണ്ടായ ക്രമക്കേടുകൾ. ഇതിന് പിന്നാലെയാണ് ബീഹാറിൽ സിഇസി നടത്തുന്ന എസ്ഐആർ. 65 ലക്ഷം പേരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഇത് ഭരണഘടനയുടെ അനുഛേദം 325ന്റെ നഗ്നമായ ലംഘനമാണ്. മതത്തിന്റെയും ജാതിയുടെയും, ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം വോട്ടർപട്ടിക തയ്യാറാക്കുമ്പോൾ ഉണ്ടാകാൻ പാടില്ലെന്ന് ഭരണഘടനയുടെ അനുച്ഛേദം 325 പറയുന്നു. ബിഹാറിൽ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള ഇന്ത്യക്കാരിൽ സ്ത്രീകളും തൊഴിലാളികളും കർഷകരും പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവരും മത ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെടുന്നു. 

2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ കിട്ടുമെന്നു പ്രതീക്ഷിച്ച ബിജെപിക്ക് 240ൽ താഴെ മാത്രമായി ഒതുങ്ങി പോകുവാൻ കാരണം സാധാരണ ജനങ്ങൾ ബിജെപി സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നയങ്ങൾ തിരിച്ചറിഞ്ഞ് തിരിച്ചുകുത്തിയതുകൊണ്ടാണ്. അതുകൊണ്ടുതന്നെ അത്തരക്കാരെ പട്ടികയിൽ നിന്ന് പരമാവധി ഒഴിവാക്കുകയാണെങ്കിൽ അടുത്ത തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഉണ്ടാക്കുന്ന തോൽവികൾ കുറയ്ക്കുവാൻ കഴിയും. ഇതിലൂടെ ഭരണഘടനയുടെ അനുഛേദം 14, 21 എന്നിവയുടെ ലംഘനം സിഇസി ഭാഗത്തുനിന്ന് ഉണ്ടാകുന്നു എന്നുള്ളതിൽ സംശയമില്ല. കൂടാതെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സിഇസിയെ സംരക്ഷിക്കുന്നതിനുവേണ്ടി 2023 കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമത്തിന്റെ സെക്ഷൻ 16 പ്രകാരം ഇലക്ഷൻ കമ്മീഷണർമാരെ ക്രിമിനൽ കോടതിയുടെ അധികാര പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അവർ ചെയ്യുന്ന ഒരു നിയമവിരുദ്ധ പ്രവർത്തനങ്ങളും രാജ്യത്തെ കോടതികളിൽ പൗരന്മാർക്ക് കേസ് കൊടുക്കുവാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചുകൊണ്ട് കേന്ദ്രസർക്കാർ സിഇസി രാജ്യത്തെ നിയമവാഴ്ചയ്ക്ക് മുകളിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്. ഇതെല്ലാം ജനാധിപത്യവിരുദ്ധമെന്നല്ലാതെ മറ്റെന്താണ് പറയുക. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.