
വിദ്യാർത്ഥികൾക്കിടയിലെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങളെ പരിപോഷിപ്പിക്കാൻ പര്യാപ്തമാകുന്ന വിധത്തിലും അവരുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും സംസ്ഥാനത്ത് സ്കൂൾ പ്രവൃത്തി സമയം പുനഃക്രമീകരിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. കേരള പാഠ്യപദ്ധതി ചട്ടക്കൂട് നേരത്തെ തന്നെ ശുപാർശ ചെയ്യുകയും കേരളത്തിലെ സിബിഎസ്ഇ വിദ്യാലയങ്ങളും കേന്ദ്രീയ വിദ്യാലയങ്ങളും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മറ്റ് സ്കൂളുകളും അനുവർത്തിക്കുകയും ചെയ്യുന്ന സമയക്രമം തന്നെ അധ്യയനത്തിന്നായി ഉപയോഗിക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ ചട്ടത്തിൽ നിർദേശിക്കുന്ന രീതിയിൽ 1,100 പഠന മണിക്കൂർ ലഭിക്കുന്നതിന് വേണ്ടിയാണ് എട്ട് മുതൽ 10 വരെയുള്ള ക്ലാസുകളിൽ വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ ആകെ അരമണിക്കൂർ പഠനസമയം വർധിപ്പിച്ചത്. വിദഗ്ധരുമായി കൂടിയാലോചിച്ച് വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കണമെന്ന കോടതിവിധിയുടെ കൂടി അടിസ്ഥാനത്തിൽ സർക്കാർ കൈക്കൊണ്ട തീരുമാന പ്രകാരം യുപി വിഭാഗത്തിന് 200 ദിവസങ്ങളിൽ 1,000 മണിക്കൂർ തികയ്ക്കുന്നതിന് രണ്ട് ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയിട്ടുമുണ്ട്. ഒന്നുമുതൽ നാലുവരെ ക്ലാസുകാർക്ക് 198 പ്രവൃത്തിദിനങ്ങളിൽ 800 മണിക്കൂർ നിലവിൽ ലഭ്യമാകുന്നതിനാൽ ഈ അധ്യയന വർഷം അധിക പ്രവൃത്തിദിനങ്ങൾ ഉണ്ടാവില്ല.
പഠനത്തിനും മനനത്തിനും ഏറ്റവും അനുയോജ്യമായ സമയം പ്രഭാതമാണെന്നതിനാലും പുലരിയിലെ ഉണർവിനനുസരിച്ച് മനുഷ്യന്റെ ദൈനംദിന ജീവിതം ക്രമപ്പെടുമെന്നതിനാലും രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ സ്കൂൾ പഠനം ആരംഭിക്കുന്നത് പ്രഭാതത്തിലാണെന്ന് കാണാൻ കഴിയും. നിലവിൽ ഝാർഖണ്ഡിൽ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെയും, ബിഹാറിൽ 6.30 മുതൽ 11.30 വരെയും രാജസ്ഥാനിൽ 7.30 മുതൽ 11 വരെയും ആന്ധ്രാ പ്രദേശിൽ 7.30 മുതൽ 11.30 വരെയുമാണ് സമയ ക്രമം. മറ്റ് പല സംസ്ഥാനങ്ങളും സമാന രീതി അവലംബിക്കുന്നുണ്ട്. പുലർച്ചെ മനസും തലച്ചോറും കൂടുതൽ ഉണർന്നിരിക്കുമെന്നതും തെളിഞ്ഞ മനസോടെ ഉണരുന്ന പ്രഭാതം ഫലപ്രദമായ ദിവസം സമ്മാനിക്കുമെന്നതും ഇത്തരമൊരു നീക്കത്തിന് നിദാനമായിട്ടുണ്ട്. അതിനൊപ്പം തന്നെ മതപഠനം നടത്തുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും ആയിരക്കണക്കിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയുമൊക്കെ ആശങ്ക പരിഹരിക്കപ്പെടണം എന്ന ആവശ്യത്തോട് സർക്കാർ വളരെ പോസിറ്റീവായ സമീപനം സ്വീകരിച്ചതും മാതൃകാപരമായിരുന്നു എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. മതപഠനത്തെ നിരുത്സാഹപ്പെടുത്തുകയോ മതസ്വാതന്ത്ര്യത്തിൽ കൈകടത്തുകയോ ചെയ്യുന്ന ഒരു സമീപനവും സർക്കാർ സ്വീകരിക്കുന്നില്ലെന്ന് ചർച്ചകളിലൂടെ സമുദായ നേതൃത്വങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് കാലയളവിൽ മതവിദ്യാഭ്യാസരംഗത്ത് ആധുനിക വിദ്യാഭ്യാസ തത്വങ്ങൾ സ്വാംശീകരിച്ച് ഓൺലൈൻ പഠനം വിജയകരമായി പ്രവർത്തിപ്പിച്ചതിന്റെ അനുഭവങ്ങളടക്കം മുന്നിലുണ്ടെന്നിരിക്കെ മതപഠനത്തിന് വിവിധ മാർഗങ്ങൾ സ്വീകരിക്കാനും സമയം ക്രമീകരിക്കാനും കഴിയും. മതസംഘടനകൾ നടത്തുന്ന സിബിഎസ്ഇ അടക്കമുള്ള സിലബസുകളിലുള്ള വിദ്യാലയങ്ങളിൽ പുലർച്ച എട്ടുമണിയോടെ തന്നെ അധ്യയനം ആരംഭിക്കുന്നതിനാൽ സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യാഭ്യാസവും നൽകുന്ന രീതിയാണുള്ളതെന്നും നമുക്കറിയാം. സമുദായ നേതൃത്വങ്ങൾ ഇത്തരം വിഷയങ്ങളെല്ലാം തികഞ്ഞ പക്വതയോടെ പരിഹരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങൾ വിദ്യാഭ്യാസമേഖലയിൽ നടപ്പാക്കി വിദ്യാഭ്യാസത്തിന്റെ നടത്തിപ്പിൽ നിന്നും ഭരണകൂടത്തെ മാറ്റി നിർത്തുന്ന സമീപനമാണ് വലതുപക്ഷത്തിന്റേതെന്ന് നമുക്കറിയാം. പൊതുവിദ്യാഭ്യാസമേഖലയെ തകർക്കാനും സ്വകാര്യവല്‍ക്കരിക്കാനുമുള്ള നയങ്ങൾ മുഖമുദ്രയാക്കിയ യുഡിഎഫ് സർക്കാറുകളിൽ നിന്ന് വ്യത്യസ്തമായി പൊതുവിദ്യാഭ്യാസരംഗത്തെ ശക്തിപ്പെടുത്തുന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നയം. എല്‍ഡിഎഫ് സർക്കാർ 2016ൽ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിവരസാങ്കേതിക രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളെ ഉൾക്കൊണ്ട് വിദ്യാഭ്യാസത്തെ ജനകീയതയുള്ളതുമാക്കി മാറ്റുകയാണ് ചെയ്തത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കിക്കൊണ്ടേ പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ കഴിയൂ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഗൗരവമായ ചർച്ചകൾക്കും ആശയ സംവാദങ്ങൾക്കും ശേഷം വിദ്യാഭ്യാസ രീതികളിലും നയത്തിലും സമൂലമായ മാറ്റങ്ങൾ സർക്കാർ വരുത്തുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അക്കാദമിക് നിലവാരത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്ന സർക്കാർ നയങ്ങളെ നിരുപാധികം പിന്തുണയ്ക്കേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.