
സിപിഐ ജനറൽ സെക്രട്ടറിയായിരുന്ന സഖാവ് സുധാകർ റെഡ്ഡി എന്നെന്നേക്കുമായി വിട്ടു പിരിഞ്ഞു. റെഡ്ഡിയുടെ നിര്യാണം പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണ്. വേർപാട് മനസിൽ വലിയ വിഷമമുണ്ടാക്കി. അദ്ദേഹവുമായുള്ള അടുത്ത ബന്ധത്തിന് ദീർഘകാലത്തെ ദൈർഘ്യമുണ്ട്. സ്ഥാനമാനങ്ങൾ എന്തൊക്കെയായാലും സ്നേഹബന്ധങ്ങളില്‍ കാട്ടുന്ന മുൻഗണയിൽ മാറ്റമില്ലാത്ത നേതാവായിരുന്നു അദ്ദേഹം. സൗമ്യനും നിസ്വാർത്ഥനും സംശുദ്ധനും ചേർന്നാൽ സഖാവ് സുധാകർ റെഡ്ഡിയാണ്. എന്നാൽ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ വിപ്ലവകാരിയായി ഉയിർത്തെഴുന്നേൽക്കും. അതുതന്നെയാണ് ജന്മനാനേടിയ വിപ്ലവസത്യത്തിന്റെ യാഥാർത്ഥ്യം. ഒരു യാത്രയിൽ കൽക്കത്തയിലേക്ക് പോയത് ഒരുമിച്ചാണ്. അന്നാണ് സഖാവിന്റെ കുടുംബ വിപ്ലവം അറിഞ്ഞത്. കൊലനടത്തിയതിന് കൂട്ടു നിന്ന സ്വന്തം അച്ഛൻ. കൊള്ളപലിശയ്ക്ക് പാവങ്ങൾക്ക് പണം കൊടുത്ത് അവരുടെ സ്വത്തുക്കൾ കൈക്കലാക്കി അവരെ അടിച്ചോടിക്കുന്നത് അമ്മയുടെ അച്ഛൻ. ഇങ്ങനെ ഒരാളെ നിലനിർത്താൻ കമ്മ്യൂണിസ്റ്റ് ആയ അച്ഛന് പറ്റില്ല. അദ്ദേഹത്തെ വകവരുത്തിയ കേസിൽ പ്രതിയായി സുധാകറിന്റെ പിതാവ്. വിദ്യാർത്ഥിയായ സുധാകറിന് അമർഷമുണ്ടായെങ്കിലും കമ്മ്യൂണിസ്റ്റ് ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന അച്ഛന് സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് ആ കൃത്യത്തിന് നേതൃത്വം കൊടുത്തതെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ട്. കാരണം നൂറുകണക്കിന് പാവങ്ങൾ കൊടുംചതിയിൽ എല്ലാം നഷ്ടപ്പെട്ടു തെരുവിൽ കഴിയുമ്പോൾ എങ്ങനെയാണ് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിന് കാഴ്ചക്കാരനാകാൻ കഴിയുക. കൂടുംബത്തിന്റെതായാലും ക്രൂരത നോക്കിയിരിക്കാൻ ഒരു കമ്മ്യൂണിസ്റ്റിന് കഴിയില്ല. അങ്ങനെ ഒരു വലിയ ആസൂത്രണത്തില്‍ അമ്മയുടെ അച്ഛനെ ഇല്ലാതാക്കിയ കഥ സുധാകറിന് ചെറുപ്പം മുതൽ അറിയാം. അനീതിയെ ചെറുക്കാൻ തയ്യാറാണെങ്കിൽ അതിൽ എതിരാളിയുമായുള്ള കുടുംബബന്ധം മറന്നേക്കണമെന്ന അച്ഛന്റെ വാക്കുകൾ സുധാകറിന്റെ മനസിലുണ്ടായിരുന്നു. ആക്കാലത്ത് കേട്ടറിഞ്ഞ പാർട്ടി ബോധവും തുടർന്ന് വിദ്യാർത്ഥി പ്രവർത്തനത്തിലൂടെ നടത്തിയ സമരാനുഭവവും സഖാവിന്റെ ഉള്ളിലെ കമ്മ്യൂണിസ്റ്റ് ബോധത്തിൽ കരുത്തു പകർന്നു. ആന്ധ്രയിൽ നിരവധി പ്രക്ഷോഭസമരങ്ങൾക്ക് നേതൃത്വം കൊടുത്തു, ജയിലിലും കഴിഞ്ഞു. മർദനം നിരവധിയേറ്റു. എഐഎസ്എഫ് നിരയിൽ നിന്നും എഐവൈഎഫിലെത്താൻ പ്രധാന പ്രേരണ സി കെ ചന്ദ്രപ്പനായിരുന്നു. ചന്ദ്രപ്പനുമായി ചേർന്ന് നടത്തിയ തൊഴിലിനുവേണ്ടിയുള്ള പ്രക്ഷോഭം ഒരു വലിയ ഊർജമായിരുന്നുവെന്ന് സഖാവ് ഓർമ്മിക്കുമായിരുന്നു. ഭട്ടിൻഡ പാർട്ടി കോൺഗ്രസിലാണ് സഖാവിനെ ആദ്യമായി പരിചയപ്പെട്ടത്. ചന്ദ്രപ്പനാണ് പരിചയപ്പെടുത്തിയത്. അന്ന് ഞങ്ങളെല്ലാം ഒരേ അഭിപ്രായക്കാരായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ സഖാവ് ചന്ദ്രപ്പന്റെ ആശയത്തെ ഞങ്ങളാരും പിന്തുണച്ചില്ല. ഡാങ്കെയുൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങളെ എതിർത്തു തോല്പിച്ചവരുമായിരുന്നു. സഖാവ് പാർട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്താണ് ഞാൻ കേരളത്തിലെ പാർട്ടി സെക്രട്ടറി ആയത്. പിന്നീട് കേന്ദ്ര എക്സിക്യൂട്ടീവിലും സെക്രട്ടേറിയറ്റിലും പാർലമെന്റിലും ഒരുമിച്ചു പ്രവർത്തിക്കാനും കഴിഞ്ഞത് രാഷ്ട്രീയ ജീവിതത്തിലെ അത്യപൂർവ ബഹുമതിയായി മനസിൽ കൊണ്ടു നടക്കുന്നു. അധികാരം പലരെയും വല്ലാതെ മാറ്റി അഹങ്കാരികളാക്കാറുണ്ട്, എന്നാൽ അധികാരം വിനയത്തിന്റെ ചേരുവയിൽ ചേർത്തു വച്ച നേതാവാണ് അദ്ദേഹം. പാർലമെന്റിൽ വീണ്ടും മത്സരിക്കാൻ തയ്യാറായില്ല. പാർട്ടി പ്രവർത്തനത്തിൽ പൂർണമായും മുഴുകുകയായിരുന്നു. ഇടയ്ക്ക് ആന്ധ്രയിലെ പാർട്ടി ലീഡർ അസീസ്‌പാഷ പറഞ്ഞിരുന്നു സുധാകർ പന്ന്യനെ അന്വഷിച്ചിരുന്നുവെന്ന്. കാണാനാവാതെ പോയ വിഷമം വേദനയായി മനസിൽ സൂക്ഷിക്കാം. ഒരു കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെ ജീവിക്കണം, എന്തൊക്കെ ആകാം, എന്തെല്ലാം ആയിക്കൂടാ എന്ന് ഓരോ സഖാവിനെയും അനുഭവത്തിലൂടെ പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് താവളമാണ് ഇന്ത്യയുടെ തലസ്ഥാനത്തുള്ള അജോയ് ഭവൻ. അവിടെ എ ബി ബർധനും സുധാകർ റെഡ്ഡിയും സി കെ ചന്ദ്രപ്പനും ഇന്ദ്രജിത്ത് ഗുപ്തയും എല്ലാം ഭക്ഷണം കഴിക്കുന്ന കാന്റീൻ പലതും പഠിപ്പിക്കും. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ദേശീയ കൗൺസിൽ യോഗം പിരിയുന്നു. എല്ലാവരും കാന്റീനിൽ ക്യുവിൽ. ആദ്യ തവണ ഞാൻ ക്യുവിൽ മുന്നിലാണ്. പാർട്ടി ജനറല്‍ സെക്രട്ടറി സഖാവ് ബർധൻ പ്ലേറ്റ് എടുത്തു കഴുകി ക്യുവിൽ നിൽക്കുമ്പോള്‍ അദ്ദേഹത്തിനുവേണ്ടി ഞാൻ ക്യുവിൽ നിന്ന് മാറിയതാണ്. പക്ഷെ, അദ്ദേഹം അതിന് സമ്മതിച്ചില്ല. എന്നോട് പഴയ സ്ഥലത്ത് നിൽക്കാൻ പറഞ്ഞു. ഇവിടെ അതാണ് സിസ്റ്റം. വലിപ്പ ചെറുപ്പമോ, പ്രായവ്യത്യാസമോ ഇല്ല. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഒരിക്കലും പോറലേൽക്കാതെ സംരക്ഷിക്കുന്ന പാർട്ടി കേന്ദ്രം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഭിമാനമാണ്. അവിടെയിരുന്നാണ്, ഒന്നാം യുപിഎ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടി നേതൃത്വം കൊടുത്തത്. ഇന്ത്യയിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ യോജിച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എ ബി ബർധനും. ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ഡി രാജയും സി കെ ചന്ദ്രപ്പനും തൊട്ടു മുമ്പ് ഇന്ദ്രജിത്ത് ഗുപ്തയും നേതൃത്വം നൽകിയ പാർട്ടി കേന്ദ്രത്തിൽ സുധാകർ റെഡ്ഡി അഭിമാനമായിരുന്നു. കേരളത്തിൽ നിരവധി തവണ അദ്ദേഹം എത്തിയിട്ടുണ്ട്. ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാത്തതാണ് ശീലം. ഒരു ജീവിതം മുഴുവൻ സമൂഹത്തിന് വേണ്ടി മാറ്റിവച്ച ധീരനായ വിപ്ലവകാരിയാണ് സഖാവ് സുധാകർ റെഡ്ഡി. സഖാവിന്റെ ഒളിമങ്ങാത്ത ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. പ്രിയ സഖാവെ, ലാൽസലാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.