
കുടിവെള്ള വിതരണരംഗത്തെ ജീവനക്കാരുടെ സംഘടിത പ്രസ്ഥാനം രൂപീകൃതമായിട്ട് 50 വര്‍ഷം പിന്നിട്ടിരിക്കുന്നു. അടിമത്ത സമാനമായ തൊഴിൽ സാഹചര്യം നിലനിന്നിരുന്ന പബ്ലിക് ഹെൽത്ത് എൻജിനീയറിങ് ഡിപ്പാർട്ട്മെന്റി (പിഎച്ച്ഇഡി) ലെ അടിസ്ഥാന വിഭാഗം തൊഴിലാളികള്‍ 1975 ഒക്ടോബർ നാലിനാണ് സഖാക്കളായ വിജയൻ കുനിശേരിയുടെയും കെ സുന്ദരന്റെയും നേതൃത്വത്തിൽ പാലക്കാട് സിപിഐ ഓഫിസിൽ യോഗം ചേർന്ന് യൂണിയൻ രൂപീകരിക്കാൻ തീരുമാനമെടുത്തത്. നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം 240 ദിവസം പൂർത്തിയായ സിഎല്‍ആര്‍, എസ്എല്‍ആര്‍ ജീവനക്കാരെ എന്‍എംആര്‍ സർവീസിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയറ്റിന് മുമ്പിൽ പാറശാല ശിവാനന്ദൻ നടത്തിയ നിരാഹാര സമരത്തെത്തുടർന്ന് അന്നത്തെ മുഖ്യമന്ത്രി പികെവി ഇടപെട്ട് സമരം ഒത്തുതീർപ്പാക്കി 1098 സിഎല്‍ആര്‍, എസ്എല്‍ആര്‍ തൊഴിലാളികളെ എന്‍എംആര്‍ സർവീസിൽപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. അതിന് ശേഷമുള്ള കഴിഞ്ഞ 50 വർഷക്കാലം ജീവനക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനും സ്ഥാപനത്തിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ കാലഘട്ടമായിരുന്നു. രാജാക്കന്മാരുടെ കാലഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ച തിരുവനന്തപുരത്തെ അരുവിക്കരയിലെയും പാലക്കാട് കൊല്ലങ്കോട്ടെയും കൊച്ചിയിലെ ചൊവ്വരയിലെയും കുടിവെള്ള വിതരണ പദ്ധതികൾക്ക് പുറമെ സംസ്ഥാനത്തൊട്ടാകെ ഒട്ടേറെ കുടിവെള്ള വിതരണ പദ്ധതികൾ നിലവിൽ വരികയും ഈ രംഗത്തെ ജീവനക്കാരുടെ എണ്ണത്തിലും പ്രവർത്തന മേഖലയിലും വലിയ വർധനവ് ഉണ്ടാവുകയും ചെയ്തിരുന്നു. അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് പ്രവർത്തനം ആരംഭിച്ച പേപ്പാറ ഡാം തിരുവനന്തപുരം നഗരവാസികൾക്ക് എക്കാലവും കുടിവെള്ളം ഉറപ്പാക്കിയ വികസനമായിരുന്നു. കുടിവെള്ള വിതരണരംഗത്തും സ്വീവറേജ് രംഗത്തും ഉയർന്നുവരുന്ന ആവശ്യങ്ങൾ നേരിടാൻ പിഎച്ച്ഇഡിക്ക് പകരം ഒരു പൊതുമേഖലാ സ്ഥാപനം ആവശ്യമാണെന്ന് ബോധ്യമായ പികെവി അദ്ദേഹത്തിന്റെ അവസാന മന്ത്രിസഭാ യോഗത്തിൽ വാട്ടർ സപ്ലൈ ആന്റ് സ്വീവറേജ് ബോർഡ് രൂപീകരിക്കുന്നതിന് തീരുമാനമെടുത്തതിനു ശേഷമാണ് രാജി സമർപ്പിച്ചത്. എന്നാൽ പ്രസ്തുത തീരുമാനം നടപ്പിലാക്കുന്നതിന് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. 1984 ഏപ്രിൽ ഒന്നിന് കേരള വാട്ടർ ആന്റ വേസ്റ്റ് വാട്ടർ അതോറിട്ടി രൂപീകരിച്ചുകൊണ്ട് ഓർഡിനൻസ് പുറപ്പെടുവിച്ചു. മന്ത്രിയും ചെയർമാനുമായിരുന്ന എം പി ഗംഗാധരൻ സ്ഥാപനത്തെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമാക്കി മാറ്റി. ഇതിനെതിരെ ധൈര്യപൂർവം ശക്തമായി രംഗത്ത് വന്നത് എഐടിയുസി മാത്രമായിരുന്നു. ഒട്ടേറെ പ്രതികാര നടപടികളെ യൂണിയന് നേരിടേണ്ടി വന്നു. രാജ്യത്ത് നടപ്പിലായ സാമ്പത്തിക നയത്തിന്റെ വലിയ പ്രതിഫലനങ്ങൾ കുടിവെള്ള വിതരണരംഗത്തും ഉണ്ടായി. 1990ൽ ലോക ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ലോകജല സമ്മേളനങ്ങളിൽ ജലം വിലപിടിപ്പുള്ള വസ്തുവാണെന്നും അതിന്റെ കച്ചവട സാധ്യത ഉപയോഗപ്പെടുത്തണമെന്നും ധാരണയായി. ലോകത്തെ വിവിധ രാജ്യങ്ങളിലെ കുടിവെള്ള വിതരണ സംവിധാനം സ്വകാര്യവൽക്കരിക്കപ്പെട്ടു.
ബൊളീവിയയിലെ കൊച്ചം ബാംബയടക്കം വിവിധ ലാറ്റിനമേരിക്കൽ രാജ്യങ്ങളിൽ കുടിവെളള സ്വകാര്യവൽക്കരണത്തിന് എതിരെ വലിയ ജനകീയ മുന്നേറ്റങ്ങളാണ് ഉണ്ടായത്. ഛത്തീസ്ഗഢിൽ ഒരു നദി തന്നെ ബഹുരാഷ്ട കമ്പനിക്ക് വിറ്റു. 2002ൽ എ കെ ആന്റണിയുടെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൊച്ചിയിൽ നടന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിൽ (ജിം) പെരിയാറിലെ വെള്ളം മലേഷ്യൻ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ എന്ന കമ്പനിക്ക് വ്യാവസായിക കുടിവെള്ള വിതരണ പദ്ധതി തുടങ്ങുന്നതിന് വിട്ടുകൊടുക്കാൻ തീരുമാനമായി. കേരളത്തിലാകെ വലിയ ബഹുജനപ്രക്ഷോഭമാണ് ഉയർന്നുവന്നത്. പിവിയുടെ അധ്യക്ഷതയിൽ വലിയ ജനപങ്കാളിത്തത്തോടെ എറണാകുളം ടൗൺഹാളിൽ ചേർന്ന ബഹുജന കൺവെൻഷൻ ബഹുജന പ്രക്ഷോഭത്തിന് രൂപം നൽകി. വി എസ് അച്യുതാനന്ദന്‍ ആണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. പ്രൊഫ. സുകുമാർ അഴിക്കോടും പ്രൊഫ. സാനു മാസ്റ്ററും അടക്കം സാഹിത്യകാരന്മാർ മുതൽ സാധാരണക്കാർ വരെ പ്രക്ഷോഭത്തിൽ അണിനിരന്നതിനെ തുടർന്ന് യുഡിഎഫ് സർക്കാരിന് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. അക്കാലത്താണ് മലമ്പുഴയിലെ വെള്ളവും കച്ചവടം ചെയ്യാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചത്. രഹസ്യമായി നടന്ന നീക്കം അന്നത്തെ സിപിഐ നിയമസഭാ കക്ഷി നേതാവ് കെ പി രാജേന്ദ്രനാണ് നിയമസഭയിലും ജനങ്ങൾക്കും മുമ്പിലും വെളിപ്പെടുത്തിയത്. ഇതിനെതിരെ നടന്ന ബഹുജന പ്രക്ഷോഭത്തെ തുടർന്ന് സർക്കാരിന് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. 1996ൽ അധികാരത്തിൽ വന്ന എല്‍ഡിഎഫ് സർക്കാർ കുടിവെള്ള വിതരണ മേഖലയെ ശാക്തീകരിക്കുന്നതിനുള്ള നിരവധി നടപടികൾ സ്വീകരിച്ചെങ്കിലും ഇതിനിടയിൽ ഉയർന്ന ഐഎഎസ് ഉദ്യോഗസ്ഥർ കുടിവെള്ള വിതരണ മേഖലയുടെ സ്വകാര്യവൽക്കരണ നീക്കങ്ങളുമായി മുന്നോട്ട് പോയി. 2000ൽ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അന്നത്തെ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി വി പി രാമകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന ജലവിഭവ വകുപ്പ് മന്ത്രിമാരുടെ സമ്മേളനത്തിൽ കുടിവെള്ള വിതരണ മേഖലയിൽ പിപിപി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ്) ആവശ്യമാണന്ന് വിലയിരുത്തി. തീരുമാനം പുറത്ത് വന്നതിനെ തുടർന്ന് കോൺഫറൻസ് ഹാളിന് മുമ്പിൽ ഓൾ കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (എഐടി) പ്രതിഷേധ പ്രകടനം നടത്തിയത് ഏറെ ശ്രദ്ധേയമായി. ഇതിനിടയിലാണ് ലോക ബാങ്ക് നിർദേശപ്രകാരം വാട്ടർ അതോറിട്ടിക്ക് ബദലായി 1450 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കിയ ജലനിധി പദ്ധതികൾ പരാജയമാണെന്ന് നിയമസഭാ കമ്മിറ്റി തന്നെ വിലയിരുത്തിയത്.
2011ൽ യുഡിഎഫ് ഭരണത്തിൽ കുടിവെള്ള വിതരണ മേഖലയിൽ സ്വകാര്യവൽക്കരണം നീക്കം ശക്തമായി. 1050 കുടിവെളള വിതരണ പദ്ധതികൾ കേരള വാട്ടർ അതോറിട്ടിയിൽ നിന്നും എടുത്തുമാറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്പിക്കാനുള്ള സർക്കാർ ഉത്തരവ് പ്രകാരം പദ്ധതികൾ ഏറ്റെടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറായില്ല. ഭരണാധികാരികൾ പുതിയ മാർഗം തേടി. 25 എംഎല്‍ഡിയിൽ താഴെയുള്ള പദ്ധതികൾ കേരള വാട്ടർ അതോറിട്ടിയിൽ നിന്നും എടുത്തു മാറ്റണമെന്ന വൈറ്റ് പേപ്പർ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന പ്ലാനിങ് ബോർഡ് ആസ്ഥാനത്ത് വലിയ പൊലീസ് ബന്തവസിൽ നടന്ന യോഗത്തിലേക്ക് കെ പി രാജേന്ദ്രന്റെ നേതൃത്വത്തിൽ, പൊലീസ് അറസ്റ്റും കേസും ഭയന്ന് പ്രമുഖ യൂണിയനുകൾ മാറിനിന്നപ്പോഴും എഐടിയുസി നടത്തിയ പ്ലാനിങ് ബോർഡ് ഓഫിസ് മാർച്ചിനെ തുടർന്ന് തീരുമാനം മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി ടി എം ജേക്കബ് അറിയിക്കുകയായിരുന്നു. പെട്രോൾ ബങ്ക് മാതൃകയിൽ കുടിവെള്ള കച്ചവടം നടത്താനുള്ള നീക്കവും ഇക്കാലത്ത് നടന്നുവെങ്കിലും നിയമസഭയിലും പുറത്തും വലിയ എതിർപ്പ് ഉയർന്നതിനെ തുടർന്ന് യുഡിഎഫ് സർക്കാരിന് പുറകോട്ട് പോകേണ്ടി വന്നു. ലാഭകരമായി കുടിവെള്ള കച്ചവടം ലക്ഷ്യമാക്കി സിയാൽ മോഡൽ പിപിപി മോഡൽ കുടിവെള്ള വിതരണ കമ്പനി രൂപീകരിച്ച് ഉമ്മൻ ചാണ്ടി സർക്കാർ ഉത്തരവായെങ്കിലും വലിയ എതിർപ്പിനെ തുടർന്ന് സിയാൽ മോഡൽ കമ്പനിയും ഉപേക്ഷിക്കേണ്ടി വന്നു. ജല ചൂഷണത്തിനെതിരെ പ്ലാച്ചിമടയിൽ നടന്ന ബഹുജന പോരാട്ടം സ്മരണീയമാണ്.
രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ കുടിവെള്ള വിതരണം നടക്കുന്ന സംസ്ഥാനം കേരളമാണ്. പ്രധാന നഗരങ്ങളിൽ ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും കുടിവെള്ള വിതരണം നടക്കുന്ന ഏക സംസ്ഥാനവും കേരളമാണ്. ആയിരം ലിറ്റർ വെള്ളം ഉല്പാദിപ്പിക്കാൻ 24 രൂപയിലേറെ ചെലവ് വരുമ്പോൾ ആയിരം ലിറ്റർ വെള്ളത്തിന് അതോറിട്ടിക്ക് ലഭ്യമാകുന്നത് 14 രൂപ മാത്രമാണ്. ഈ നഷ്ടം നികത്തുന്നതിനും സൗജന്യമായി ബിപിഎൽ കുടുംബങ്ങൾക്ക് കുടിവെള്ളം നൽകുന്നതു മൂലമുണ്ടാകുന്ന നഷ്ടം നികത്തുന്നതിനും നിയമസഭ അനുവദിച്ച നോൺ പ്ലാൻ ഗ്രാന്റ് നൽകുന്നില്ല. വാട്ടർ ചാർജിനത്തിൽ അതോറിട്ടിക്ക് ലഭിക്കേണ്ട 719 കോടിയും 523 കോടി രൂപയും സമീപകാലത്ത് സർക്കാർ തിരിച്ചു പിടിച്ചിരിക്കുകയുമാണ്. ജൽ ജീവൻ പദ്ധതി നടത്തുന്നതിനായി മാനദണ്ഡ പ്രകാരം 50% തുക കേന്ദ്ര സർക്കാരും 25% തുക സംസ്ഥാന സർക്കാരും 15% തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 10% ഉപഭോക്താക്കളും വഹിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാൽ സംസ്ഥാന സർക്കാർ വിഹിതം കേരള വാട്ടർ അതോറിട്ടിയെ കൊണ്ട് ലോൺ എടുപ്പിക്കാനായി സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ഇത് കേരള വാട്ടർ അതോറിട്ടിയെ കടുത്ത കടക്കെണിയിൽ ആക്കുകയും പൊതുജല വിതരണ സംവിധാനം ദുർബലമാക്കുകയും ചെയ്യും. ഇതിനിടയിലാണ് കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണം എഡിബി ലോണിന് വേണ്ടി സൂയസ് എന്ന ബഹുരാഷ്ട്ര ജല കുത്തക കമ്പനിക്ക് കൈമാറുന്നത്. ഈ നീക്കം കേരളത്തിലെ മറ്റു നഗരങ്ങളിലേക്ക് കൂടി വ്യാപിക്കാനാണ് സാധ്യത. ജീവന്റെ ജന്മാവകാശമായ കുടിവെള്ളം കയ്യടക്കാനുള്ള സൂയസ്, ബെക്ടൽ തുടങ്ങിയ ബഹുരാഷ്ട്ര ജല കുത്തകകളുടെ ഗൂഢാലോചനകൾക്കെതിരെയുള്ള ചെറുത്തുനില്പ് കരുത്തോടെ തുടരാൻ 50 വർഷക്കാലത്തെ പോരാട്ട ഓർമ്മകൾ കരുത്ത് പകരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.