8 March 2025, Saturday
KSFE Galaxy Chits Banner 2

യാഥാർത്ഥ്യങ്ങളെ കാണാത്ത ബജറ്റ്

പി സന്തോഷ് കുമാര്‍
February 2, 2025 4:20 am

ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്‌ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങളെയോ, ഗ്രാമീണ മേഖലയിൽ സംഭവിച്ച സാമ്പത്തിക കുഴപ്പങ്ങളോ, തൊഴിലില്ലായ്മയോ , കാർഷിക പ്രതിസന്ധിയോ മറികടക്കാൻ ആവശ്യമായ മാർഗങ്ങൾ ഇല്ലാത്ത ഒരു രേഖയാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന മേഖലകളിൽ പരിഷ്കാരങ്ങൾ അടിയന്തരമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെ പൂർണമായും അവഗണിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷാ പദ്ധതികൾ, തൊഴിലവസര സൃഷ്ടി തുടങ്ങിയ പൗരന്മാരുടെ ജീവിതം നേരിട്ട് മെച്ചപ്പെടുത്തുന്ന മേഖലകൾക്കുള്ള വിഹിതത്തിൽ അർത്ഥവത്തായ വർധനവ് ഉണ്ടായിട്ടില്ല. വിദേശ കടം 70,000കോടി യുഎസ് ഡോളറിലധികം ഉയർന്നതും രൂപയുടെ മൂല്യം ആശങ്കാപൂർണമായ നിലയിലേക്ക് താഴ്ന്നതും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ ദുർബലപ്പെടുത്തിയിട്ടുണ്ട്. പരോക്ഷ നികുതികളെ സർക്കാർ അമിതമായി ആശ്രയിക്കുന്നതും ആശങ്കാജനകമാണ്. 

2025–26ലെ ബജറ്റ് അനുസരിച്ച്, വരുമാനത്തിന്റെ 40 ശതമാനത്തിലധികവും ആദായനികുതിയിൽ നിന്നും ജിഎസ്‌ടി പോലുള്ള പരോക്ഷ നികുതികളിൽ നിന്നുമായിരിക്കും. ഇത് ബഹുഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും, പ്രത്യേകിച്ച് തൊഴിലാളിവർഗത്തിനും ദരിദ്രർക്കും, കടുത്ത പ്രഹരമായിരിക്കും. കോർപറേറ്റ് മേഖലയുടെ ലാഭം വർധിക്കുമ്പോഴും അവരുടെ നികുതി നിരക്ക് ഇപ്പോഴും 17 ശതമാനത്തിൽ തന്നെയാണ് നിൽക്കുന്നത്. ആദായനികുതി ഇളവുകൾ വഴി ഉപരിമധ്യവർഗത്തിന് നാമമാത്രമായ ആശ്വാസം നൽകുമ്പോൾ, കോർപറേറ്റ് നികുതി നിരക്കുകൾ കൂട്ടാതിരിക്കാൻ സർക്കാർ തീരുമാനിച്ചു.
സാധാരണ പൗരന്മാർ ജീവിക്കാന്‍ പണത്തിന് ബുദ്ധിമുട്ടുമ്പോൾ, വൻകിട കോർപറേഷനുകൾക്ക് വലിയ ഇളവുകൾ തുടർന്നും ലഭിക്കുമെന്ന് ബജറ്റ്‌ ഉറപ്പാക്കുന്നു. ജനങ്ങളുടെ ക്ഷേമത്തെക്കാൾ സമ്പന്നരുടെയും ശക്തരുടെയും താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന സർക്കാർ രീതിയിൽ തന്നെയാണ് ഇതിന്റെ ഉള്ളടക്കം. മന്ദഗതിയിലുള്ള വളർച്ച, തൊഴിലില്ലായ്മ, സ്കിൽ മിസ്‌മാച്ച് എന്നിവയെ സാമ്പത്തിക സർവേ ഗൗരവമായി എടുത്തിട്ടുണ്ടെങ്കിലും, ബജറ്റ് ഈ ആശങ്കകളെ പൂർണമായും അവഗണിച്ചു. സ്കിൽ ഇന്ത്യ പോലുള്ള ഒരു ദശാബ്ദത്തിലേറെ നീണ്ട നൈപുണ്യ, തൊഴിൽ പരിശീലന പരിപാടികൾക്ക് ശേഷം, വർക്ക് ഫോഴ്സിന്റെ വെറും 4.1 ശതമാനം പേർക്ക് മാത്രമേ തൊഴിൽ പരിശീലനം ലഭിച്ചിട്ടുള്ളൂ. അതേസമയം 11.6 ശതമാനം പേർക്ക് പാരമ്പര്യമായി തൊഴിൽ വൈദഗ്ധ്യമുണ്ട്. ഇവ പ്രധാനമായും ജാതി അടിസ്ഥാനമാക്കിയുള്ള തൊഴിലുകളാണ്. 65 ശതമാനം തൊഴിലാളികൾക്കും തൊഴിൽ അല്ലെങ്കിൽ സാങ്കേതിക പരിശീലനം ലഭിച്ചിട്ടില്ലെന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്.

ബിജെപി നേതൃത്വം നൽകുന്ന സർക്കാരിന്റെ മുൻഗണനകൾ തെറ്റായ ദിശയിലാണ് എന്നതിന്റെ തെളിവാണ് ഈ കണക്കുകൾ. 2024 സാമ്പത്തിക വർഷത്തിൽ കോർപറേറ്റ് ലാഭം 15 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നും എന്നാൽ വേതനവും തൊഴിൽ സൃഷ്ടിയും ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ പുറകിലാണ് എന്നും സർവേ അസന്ദിഗ്ധമായി പ്രസ്താവിച്ചു.
സാമ്പത്തിക സർവേയും ബജറ്റും രണ്ട് വ്യത്യസ്ത മന്ത്രാലയങ്ങൾ തയ്യാറാക്കിയതാണെന്ന് തോന്നുന്നു. വന്‍കിട കോർപറേറ്റുകളുടെ ലാഭം 20 ശതമാനത്തിൽ കൂടുതൽ വർധിച്ചു, പക്ഷേ ആ മേഖലയിൽ തൊഴിൽ വളർച്ച വെറും 1.5 ശതമാനം മാത്രമാണ്. ഈ സാഹചര്യം ഉണ്ടായിരുന്നിട്ടും കോർപറേറ്റ് നികുതി മിതമായ തോതിൽ പോലും വർധിപ്പിക്കുന്നതിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറി. വേതനം വർധിപ്പിക്കൽ, സാമൂഹിക സുരക്ഷ, തൊഴിൽസൃഷ്ടി എന്നിവയിലൂടെ തൊഴിലാളികളെ സഹായിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ല.
ഉല്പാദന മേഖലയിലും സേവന മേഖലയിലും തൊഴിലവസരങ്ങൾ ഇല്ലാതാകുന്നു എന്ന് സാമ്പത്തിക സർവേ പറയുമ്പോഴും അതിനെ നേരിടാൻ വേണ്ടതൊന്നും ബജറ്റിൽ സ്വീകരിക്കുന്നില്ല. ഭൂരിപക്ഷത്തിന്റെ ജീവിതത്തിൽ പുരോഗതി കൈവരിക്കാനുള്ള മറ്റൊരു അവസരം നഷ്ടപ്പെടുത്തിയ ബജറ്റാണിത്. കോർപറേറ്റുകളെ സേവിക്കാൻ മാത്രമാണ് ബിജെപി പ്രത്യയശാസ്ത്രപരമായി രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷം ജനങ്ങൾക്കും നേരെയുള്ള ഈ ആക്രമണവും അനീതിയും സിപിഐ, തുറന്നുകാട്ടുകയും എതിർക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.