
സുപ്രധാനമായ ആയുധങ്ങള്‍ക്ക് ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളെ സംബന്ധിച്ച് നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങള്‍ നടത്തുക ദുഷ്കരമാണ്. നിലവില്‍ ലോകത്ത് ഏറ്റവുമധികം ആയുധ ഇറക്കുമതി നടത്തുന്ന ഉക്രെയ്ന്‍, യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തതിനുശേഷം ഈ കടുത്ത യാഥാര്‍ത്ഥ്യം മനസിലാക്കിയവരാണ്. റഷ്യയുമായുള്ള യുദ്ധത്തില്‍ യുഎസില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ ലഭ്യമാകുന്നതിന് വേണ്ടി ഉക്രെയ്ന് തങ്ങളുടെ വിലമതിക്കാനാവാത്ത അപൂര്‍വ ധാതുക്കള്‍ വിട്ടുനല്‍കേണ്ടിവന്നു. കഴിഞ്ഞ വര്‍ഷമാണ് ഉക്രെയ്ന്‍ ആയുധ ഇറക്കുമതിയില്‍ ഇന്ത്യയെ പിറകിലാക്കിയത്. ആ രാജ്യത്തിന്റെ ആയുധ ഇറക്കുമതിയില്‍ 45 ശതമാനവും യുഎസില്‍ നിന്നായിരുന്നു. ഇതിനുപുറമേ യഥാക്രമം 11, 12 ശതമാനം വീതം ജര്‍മ്മനി, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് ഇറക്കുമതി. യുഎസിന്റെ സഹായമില്ലായിരുന്നുവെങ്കില്‍ ഉക്രെയ്ന് മാസങ്ങള്‍ക്കകം തന്നെ റഷ്യക്കു മുന്നില്‍ കീഴടങ്ങേണ്ടിവരുമായിരുന്നു.
യൂറോപ്പ്, ഏഷ്യ, ഏഷ്യ — പസഫിക് മേഖലകളിൽ വർധിച്ചുവരുന്ന സൈനിക പ്രതിസന്ധി, ആയുധങ്ങൾക്കും വെടിക്കോപ്പുകൾക്കും വേണ്ടിയുള്ള ആവശ്യം സമീപവർഷങ്ങളിൽ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. സ്റ്റോക്ക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്ഐപിആർഐ) റിപ്പോർട്ട് പ്രകാരം സൈനിക ചെലവിൽ അഭൂതപൂർവമായ വർധനവിനാണ് ലോകം സാക്ഷ്യംവഹിക്കുന്നത്. ആഗോള സൈനിക ചെലവ് മുൻവർഷം 2.718 ലക്ഷം കോടി ഡോളറായിരുന്നു. 2023നെ അപേക്ഷിച്ച് 9.4 ശതമാനം അധികമാണിത്. ശീതയുദ്ധം അവസാനിച്ചതിനുശേഷമുള്ള ഏറ്റവും വലിയ വാർഷിക വർധനയും. യുഎസ്, ചൈന, റഷ്യ, ജർമ്മനി, ഇന്ത്യ എന്നിവയാണ് ഏറ്റവും കൂടുതൽ സൈനിക ചെലവ് വഹിക്കുന്ന രാജ്യങ്ങൾ. ഈ അഞ്ച് രാജ്യങ്ങളുടെ ആകെ സൈനിക ചെലവ് 1.635 ലക്ഷം കോടി ഡോളറാണ്. ഇത് ആഗോള ആയുധ ചെലവിന്റെ 60 ശതമാനം വരും. റഷ്യയുൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലെ സൈനിക ചെലവ് കഴിഞ്ഞവർഷം 17 ശതമാനം വർധിച്ച് 69,300 കോടി ഡോളറിൽ എത്തി. 2024ൽ ആഗോളതലത്തിൽ സൈനിക ചെലവിൽ ഉണ്ടായ വർധനവിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഇതാണ്. ഉക്രെയ്ൻ യുദ്ധം മൂന്നാം വർഷത്തിലും തുടരുന്ന പശ്ചാത്തലത്തിലാണ് ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളിലെയും ആയുധ ചെലവ് വർധിക്കുന്നതിനും റെക്കോഡ് തലത്തിൽ എത്തുന്നതിനും കാരണമായത്. റഷ്യയുടെ ഈയിനത്തിലുള്ള ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 38 ശതമാനം കൂടി, 2024ൽ 14,900 കോടി ഡോളറായി. റഷ്യൻ ജിഡിപിയുടെ 7.1ഉം സർക്കാരിന്റെ ആകെ ചെലവിന്റെ 19 ശതമാനവുമാണിത്. ജിഡിപിയുടെ 34 ശതമാനം ചെലവുമായി ഉക്രെയ്നാണ് സൈനിക ബാധ്യത ഏറ്റവുമധികമുള്ള രാജ്യം.
മധ്യ, പടിഞ്ഞാറൻ യൂറോപ്പിലെ നിരവധി രാജ്യങ്ങളിൽ സൈനിക ചെലവ് 2024ൽ അസാധാരണമായി ഉയരുന്ന സാഹചര്യമുണ്ടായി. ജർമ്മനിയുടെ ചെലവ് 28 ശതമാനം വർധിച്ച് 8,850 കോടി ഡോളറിൽ എത്തി. മധ്യ, പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും കൂടുതലും ലോകത്തിലെ നാലാമത്തെയും സൈനിക ചെലവ് നിർവഹിക്കുന്ന രാജ്യമായി ഇത് ജർമ്മനിയെ മാറ്റി. 2024 ൽ പോളണ്ടിന്റെ സൈനിക ചെലവ് 31 ശതമാനം വർധിച്ച് 3,800 കോടി ഡോളറായി. ഇത് ആ രാജ്യത്തിന്റെ ജിഡിപിയുടെ 4.2 ശതമാനമാണ്. പുനരേകീകരണത്തിനുശേഷം ആദ്യമായി, ജർമ്മനി പശ്ചിമ യൂറോപ്പിലെ ഏറ്റവും വലിയ സൈനിക ചെലവുള്ള രാജ്യമായി മാറി. നാറ്റോയുടെ സൈനിക ചെലവുകളെ പിന്തുണയ്ക്കുന്നതിൽ പ്രസിഡന്റ് ട്രംപ് പ്രകടിപ്പിച്ച വിയോജിപ്പ് കാരണം ജർമ്മനിയും മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങളും വർധിച്ചുവരുന്ന സൈനിക ചെലവുകളുടെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു എന്നാണ് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
യുഎസിന്റെ സൈനിക ചെലവ് തന്നെ 5.7 ശതമാനം വർധിച്ച് 99,700 കോടി ഡോളറിലെത്തി. ഇത് 2024ലെ നാറ്റോ രാജ്യങ്ങളുടെ മൊത്തം ചെലവിന്റെ 66 ശതമാനവും ലോക സൈനിക ചെലവിന്റെ 37 ശതമാനവുമാണ്. 2024ലെ യുഎസ് ബജറ്റിന്റെ ഒരു പ്രധാന ഭാഗം സൈനിക ശേഷികളും ആണവായുധ ശേഖരവും നവീകരിക്കുന്നതിനായാണ് നീക്കിവച്ചിട്ടുള്ളത്. ഇതാകട്ടെ ചൈന, റഷ്യ എന്നീ രാജ്യങ്ങളെക്കാള്‍ കൂടുതലുമാണ്. നാറ്റോ സഖ്യാംഗങ്ങളായ യൂറോപ്യൻ രാജ്യങ്ങള്‍ ആകെ 45,400 കോടി ഡോളറാണ് ആയുധങ്ങള്‍ക്കായി ചെലവഴിച്ചത്. ഇത് സഖ്യത്തിന്റെ ആകെ സൈനിക ചെലവിന്റെ 30 ശതമാനത്തെയാണ് ഉള്‍ക്കൊള്ളുന്നത്.
ആഗോള ആയുധ കയറ്റുമതിക്കണക്കുകള്‍ അനുസരിച്ച് യുഎസ്, റഷ്യ, ഫ്രാൻസ്, ചൈന, ജർമ്മനി, ഇറ്റലി, യുകെ, സ്പെയിൻ, ഇസ്രയേൽ, ദക്ഷിണ കൊറിയ എന്നിവയാണ് 10 പ്രധാന ആയുധ നിർമ്മാണ രാജ്യങ്ങൾ. പശ്ചിമേഷ്യൻ മേഖലയിലെ സൈനിക ചെലവ് 2024ൽ 15 ശതമാനം വർധിച്ച് 24,300 കോടി ഡോളറായി. കഴിഞ്ഞ വർഷം ഇസ്രയേലിന്റെ സൈനിക ചെലവ് 65 ശതമാനം വർധിച്ച് 4650 കോടി ഡോളറിലെത്തി. 1967ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക വർധനവാണിത്. ഗാസയിൽ അവർ യുദ്ധം തുടരുകയും തെക്കൻ ലെബനനിൽ ഹിസ്ബുള്ളയുമായുള്ള സംഘർഷം രൂക്ഷമാവുകയും ചെയ്തതോടെയാണിത്. അവരുടെ സൈനിക ബാധ്യത ജിഡിപിയുടെ 8.8 ശതമാനമായി ഉയരുകയും ചെയ്തു. ലോകത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണിത്. 2024ൽ ലെബനന്റെ സൈനിക ചെലവ് 58 ശതമാനം വർധിച്ച് 635 ദശലക്ഷം ഡോളറായി. പ്രാദേശിക സംഘർഷങ്ങളിൽ പങ്കാളികളായിട്ടും സംഘടനകള്‍ക്ക് പിന്തുണ നൽകിയിട്ടും, 2024ൽ ഇറാന്റെ സൈനിക ചെലവ് 10 ശതമാനം കുറഞ്ഞ് 790 കോടി ഡോളറാവുകയാണ് ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. തങ്ങള്‍ക്കുമേലുള്ള ഉപരോധങ്ങളുടെ ആഘാതം സൈനിക ചെലവ് വർധിപ്പിക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടാക്കിയെന്നാണ് അനുമാനിക്കേണ്ടത്. കൂടാതെ പ്രധാന ഡ്രോൺ വ്യവസായം ഇറാൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാമികാസെ, മൾട്ടി-റോൾ യുഎവികൾ എന്നിവയുൾപ്പെടെയുള്ള ഡ്രോണുകള്‍ ഈ ശൃംഖലയില്‍ ഉള്‍പ്പെടുന്നു. ഷാഹെദ്-136, ഷാഹെദ്-131 പോലുള്ള താങ്ങാനാവുന്നതും എളുപ്പത്തിൽ ലഭ്യമായതുമായ ഡ്രോണുകൾ നിർമ്മിക്കുന്നതിലും ഇറാൻ പ്രസിദ്ധമാണ്.
ലോകത്ത് രണ്ടാംസ്ഥാനത്തുള്ള ചൈനയുടെ സൈനിക ചെലവ് ഏഴ് ശതമാനം വർധിച്ച് 31,400 കോടി ഡോളറിലെത്തി. ഏഷ്യയിലെയും ഓഷ്യാനിയയിലെയും മൊത്തം സൈനിക ചെലവിന്റെ 50 ശതമാനവും ചൈനയാണ് വഹിക്കുന്നത്. സൈനിക ആധുനികവൽക്കരണം, സൈബർ യുദ്ധ ശേഷി, ആണവായുധ ശേഖര വിപുലീകരണം എന്നിവയിലെല്ലാം ചൈന തുടർച്ചയായി നിക്ഷേപം നടത്തി. 2024ൽ ജപ്പാന്റെ സൈനിക ചെലവ് 21 ശതമാനം അധികരിച്ച് 5530 കോടി ഡോളറിലെത്തി. 1952ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക വർധനയാണിത്. സൈനിക ചെലവിന്റെ കാര്യത്തില്‍ ലോകത്ത് അഞ്ചാമതുള്ള ഇന്ത്യ 8610 കോടി ഡോളറാണ് നീക്കിവച്ചത്. ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയുമായുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ, പാകിസ്ഥാൻ പണഞെരുക്കമുണ്ടെങ്കിലും 2025–26 ബജറ്റിൽ പ്രതിരോധ ചെലവിൽ 18 ശതമാനം വർധനവ് അംഗീകരിച്ചിരിക്കുകയാണ്. വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കെതിരെ രാജ്യം സായുധ സേനയെയും തദ്ദേശീയ പ്രതിരോധ ഉല്പാദനത്തെയും നവീകരിക്കാൻ ശ്രമിക്കുന്നതിനാൽ, നടപ്പു സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ പ്രതിരോധ ബജറ്റിലും റെക്കോഡ് വർധനവാണ് (9.53 ശതമാനം) കാണിക്കുന്നത്. ഇന്ത്യയുടെ സായുധ സേനയ്ക്ക് 6.81 ലക്ഷം കോടി രൂപയാണ് ലഭിക്കുക. എന്നാല്‍ ഈ ബജറ്റിന്റെ 26.4 ശതമാനം മാത്രമേ പുതിയ വാങ്ങലുകൾക്കായി ചെലവഴിക്കാനാകൂ. ഏകദേശം 23.6 ശതമാനം പെൻഷനുകൾക്കാണ് വിനിയോഗിക്കേണ്ടത്. ഇത് 2008 മുതൽ ഇന്ത്യയുടെ പ്രതിരോധ ചെലവുകളിൽ വലിയ ബാധ്യതയായി നിലനില്‍ക്കുകയാണ്.
എതിരാളികളും ദക്ഷിണേഷ്യൻ രാജ്യങ്ങളുമായ പാകിസ്ഥാനും ഇന്ത്യയും ആയുധ ഇറക്കുമതിയെ വളരെയധികം ആശ്രയിച്ചിരിക്കുന്നവയാണ് എന്നത് വിരോധാഭാസമാണ്. ഉക്രെയ്നുമായി ദീർഘകാലമായി യുദ്ധം ചെയ്യുന്ന റഷ്യ, ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ വിതരണക്കാരാണെങ്കിലും അതിന്റെ തോതില്‍ കുറവ് വന്നിട്ടുണ്ട്. ഇന്ത്യ അതിന്റെ ആയുധ ഇറക്കുമതിയിൽ വൈവിധ്യവൽക്കരണം നടപ്പിലാക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ സൈനികമായി ശക്തമാകുന്നതിന് നിർണായക ആയുധങ്ങൾ നിർമ്മിക്കുന്നതിൽ രാജ്യം സ്വയംപര്യാപ്തത നേടേണ്ടതുണ്ട്. ഇറക്കുമതി ചെയ്ത ആയുധങ്ങൾ ഉപയോഗിച്ച് ഒരു രാജ്യത്തിനും ദീർഘകാല യുദ്ധം നടത്താൻ കഴിയില്ല. ഇന്ത്യയുടെ കാര്യത്തിലെന്നതുപോലെ പാകിസ്ഥാനും നിർണായക ആയുധങ്ങൾക്കായി ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അത്തരം ആയുധ ലഭ്യതയ്ക്കായി അവർ തൊട്ടടുത്ത രാജ്യമായ ചൈനയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 2020നും 24 നും ഇടയിൽ പാകിസ്ഥാന്റെ ആയുധ ഇറക്കുമതിയുടെ 81 ശതമാനവും ചൈനയില്‍ നിന്നായിരുന്നു. കഴിഞ്ഞ ദശകത്തിൽ ഈ മേഖലയിലെ ചൈനയുടെ ആധിപത്യം വർധിച്ചിട്ടുമുണ്ട്. ഇപ്പോൾ, ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ ആയുധ ഇറക്കുമതിക്കാരായ ഇന്ത്യയുടെ നാലിലൊന്നിൽ താഴെ വലിപ്പമുള്ള പാകിസ്ഥാൻ, ആഗോള ആയുധ ഇറക്കുമതിയുടെ 4.6 ശതമാനമാണ് കഴിഞ്ഞ വർഷം നടത്തിയത്. അത്യാധുനിക ആയുധങ്ങൾക്കായി ചൈനയെ പൂർണമായും ആശ്രയിക്കുന്നതിനാൽ, അവിടെ നിന്ന് തുടർച്ചയായി നിര്‍ണായകമായ പീരങ്കി ആയുധങ്ങളുടെ ഉള്‍പ്പെടെ പിന്തുണ ലഭിക്കുന്നില്ലെങ്കിൽ പാകിസ്ഥാന് ഒരു ദീർഘകാല യുദ്ധത്തിൽ ഏർപ്പെടാൻ കഴിയില്ലെന്നതും യാഥാര്‍ത്ഥ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.