22 December 2024, Sunday
KSFE Galaxy Chits Banner 2

തൊഴിൽ സേനയെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍

ഡോ. ഗ്യാന്‍ പഥക്
July 22, 2024 4:18 am

കേന്ദ്രത്തിന്റെ അവഗണന മൂലം 2023–24ൽ രാജ്യത്തെ തൊഴിലാളികൾ കടന്നുപോയത് ദുരിതപര്‍വത്തിലൂടെ. കേന്ദ്ര തൊഴിൽ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടില്‍ ഈ അവസ്ഥ വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. തൊഴിലാളികൾക്കായുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് കേന്ദ്ര ബജറ്റ് 12434.82 കോടി രൂപയാണ് വകയിരുത്തിയത്. പുതുക്കിയ എസ്റ്റിമേറ്റിൽ ഇത് 11714.99 കോടിയായി കുറഞ്ഞു. മാത്രമല്ല, 2023 ഡിസംബർ 31 വരെ യഥാർത്ഥ ചെലവ് 8333.34 കോടി രൂപ മാത്രവുമായിരുന്നു. ഈ കണക്കുകള്‍ പ്രധാനമന്ത്രിയുടെ അവകാശവാദത്തെ തള്ളിക്കളയുന്നു. രാജ്യത്തെ തൊഴിലവസരം 596.7 ദശലക്ഷത്തിൽ നിന്ന് 643.3 ദശലക്ഷമായി (46.6 ശതമാനം) വർധിച്ചുവെന്നാണ് ആർബിഐയുടെ കണക്കുകൾ പരാമർശിച്ചുകൊണ്ട് മോഡിയുടെ അവകാശവാദം. അത് ശരിയാണെങ്കിൽ, തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കും ക്ഷേമ പദ്ധതികൾക്കുമുള്ള ചെലവ്, ബജറ്റ് വിഹിതത്തിൽ നിന്ന് കുറയുന്നതിന് പകരം ഗണ്യമായ വർധനവ് രേഖപ്പെടുത്തേണ്ടതായിരുന്നു. പ്രധാനമന്ത്രി ശ്രം യോഗി മന്ധൻ യോജനയ്ക്ക് കീഴിലാണ് മോഡി സർക്കാരിന്റെ തൊഴിലാളികളോടുള്ള അവഗണന ഏറ്റവും കൂടുതൽ പ്രകടമായത്. ഈ പദ്ധതിക്ക് ബജറ്റ് 350 കോടി വകയിരുത്തി. പുതുക്കിയ എസ്റ്റിമേറ്റിൽ 205.21 കോടിയായി കുറച്ചു. 2023 അവസാനം വരെയുള്ള ചെലവാകട്ടെ കേവലം 46.34 കോടി മാത്രവും. തൊഴിലാളി ക്ഷേമ പദ്ധതിക്കുള്ള ബജറ്റ് വിഹിതം 75 കോടിയായിരുന്നു. പിന്നീടത് 102 കോടിയായി വർധിപ്പിച്ചു. എന്നാൽ യഥാർത്ഥ ചെലവ് 20.25 കോടിയാണെന്ന് മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

വ്യാപാരികൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും വേണ്ടിയുള്ള പ്രധാനമന്ത്രി കർമ്മ യോഗി മാൻ‑ധൻ യോജനയെന്ന ദേശീയ പെൻഷൻ പദ്ധതിയില്‍ കേന്ദ്രം ഒരു രൂപപോലും ചെലവഴിച്ചില്ല. ബജറ്റിൽ മൂന്ന് കോടി വകയിരുത്തുകയും പുതുക്കിയ എസ്റ്റിമേറ്റ് 10 ലക്ഷമായി കുറയ്ക്കുകയും ചെയ്തു. എംപ്ലോയീസ് പെൻഷൻ സ്കീമിന് കീഴിൽ 9,167 കോടി രൂപ ബജറ്റ് വിഹിതവും 9,760 കോടി പുതുക്കിയ എസ്റ്റിമേറ്റും ഉണ്ടായെങ്കിലും ചെലവഴിച്ചത് 6875.25 കോടി രൂപ മാത്രം. ആത്മനിർഭർ ഭാരത് റോസ്ഗർ യോജനയുടെ ബജറ്റ് വിഹിതം 2272.82 കോടി രൂപയായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റിൽ ഇത് 1350 കോടിയായി. എന്നാൽ 2023 അവസാനം വരെ മൊത്തം ചെലവ് 1,265 കോടിയും. അസംഘടിത തൊഴിലാളികൾക്കായി 300 കോടി ബജറ്റിൽ വകയിരുത്തിയപ്പോൾ ചെലവ് 18.63 കോടിയും പുതുക്കിയ എസ്റ്റിമേറ്റ് 102.96 കോടിയുമാണെന്ന് വാർഷിക റിപ്പോർട്ടില്‍ പറയുന്നു.
മോഡി സർക്കാർ വലിയ ആവേശത്തോടെ ആരംഭിച്ച ‘നാഷണല്‍ കരിയർ സര്‍വീസ്’ പദ്ധതിക്ക് അനുവദിച്ചതും പുതുക്കിയതുമായ 52 കോടിയില്‍ 26.36 കോടി മാത്രമാണ് ചെലവഴിച്ചത്. ഇത് സൂചിപ്പിക്കുന്നത് ഇക്കാര്യത്തിലും കാര്യമായ പുരോഗതിയില്ലെന്നാണ്. മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റ് 127 കോടിയും ചെലവഴിച്ചത് 94.39 കോടിയുമാണ്. ഇന്ത്യയെപ്പോലെ തൊഴിൽ മിച്ചമുള്ള ഒരു രാജ്യത്ത് സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ഏകീകൃതവും സമഗ്രവുമായ വേതനനയം ഉണ്ടാകുന്നത് ബുദ്ധിമുട്ടാണെന്ന് വാർഷിക റിപ്പോർട്ട് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് 2019ലെ വേതനം സംബന്ധിച്ച കോഡ് ഉദ്ധരിക്കുകയും ചെയ്യുന്നു, ഇതുവരെ നടപ്പിലാക്കിയിട്ടില്ലെങ്കിലും.

രാജ്യത്തെ സാമൂഹിക സുരക്ഷാ പദ്ധതികൾ സംഘടിത മേഖലയിലെ ഒരു വിഭാഗം തൊഴിലാളികളെ മാത്രമേ ഉൾക്കൊള്ളുന്നുള്ളുവെന്ന് റിപ്പോർട്ട് പറയുന്നു. സർക്കാരിന് പരിമിതമായ പങ്കുമാത്രമേ ഇക്കാര്യത്തിലുള്ളൂ എന്നും റിപ്പോര്‍ട്ട് സമ്മതിക്കുന്നു. സാമൂഹിക സുരക്ഷയ്ക്ക് നിയമങ്ങളുണ്ടെങ്കിലും തൊഴിലുടമകളുടെ നിർബന്ധിത ചെലവിൽ അല്ലെങ്കിൽ തൊഴിലുടമകളുടെയും ജീവനക്കാരുടെയും സംയുക്തവിഹിതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ആനുകൂല്യങ്ങൾ നൽകുന്നത്. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം പ്രധാനമായും തൊഴിലുടമകളിൽ നിക്ഷിപ്തമാണ്.
2023 മാർച്ച് 31 വരെ ഇഎസ്ഐ പദ്ധതിയിലെ കവറേജ് തുച്ഛമായിരുന്നു. ഇൻഷുർ ചെയ്ത 3.43 കോടി തൊഴിലാളികളും 13.31 കോടി ഗുണഭോക്താക്കളും മാത്രമാണുണ്ടായിരുന്നത്. ഈ പദ്ധതിയുടെ പ്രകടനവും മോശമാണ്. ഫാക്ടറികൾ അടച്ചുപൂട്ടിയത്, വ്യവസായിക സാമ്പത്തിക പുനർനിർമ്മാണ ബോർഡ്-നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ കേസുകൾ, തൊഴിലുടമകളെ കണ്ടെത്താനാകാത്തത്, കോടതികളിലെ തർക്കങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാൽ 2819.67 കോടി രൂപ വീണ്ടെടുക്കാനാകാത്തതായി കണ്ടെത്തി. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ആക്ട് 1948 പ്രകാരമുള്ള വ്യവസ്ഥകൾക്കും ഇന്ത്യൻ ശിക്ഷാ നിയമത്തിനു കീഴിലും തൊഴിലുടമകളിൽ നിന്ന് ഇഎസ്ഐ കുടിശിക തിരിച്ചുപിടിക്കുന്നതിന് റിക്കവറി നടപടികളിലൂടെയും നിയമപരമായ ശിക്ഷാ നടപടികളിലൂടെയും പ്രോസിക്യൂഷനിലൂടെയും ഇഎസ്ഐ കോർപറേഷൻ നടപടികൾ സ്വീകരിച്ചുവരികയാണ്.
ഇപിഎഫിനെ സംബന്ധിച്ചിടത്തോളം, പരിധിയില്‍ വരുന്ന സ്ഥാപനങ്ങളുടെ എണ്ണം വെറും 2,71,731 ആണ്. ഇത് രാജ്യത്തെ മൊത്തം സംരംഭങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ്. 2024 ജനുവരിയിലെ കണക്കനുസരിച്ച് രാജ്യത്ത് 26 ലക്ഷം രജിസ്റ്റർ ചെയ്ത കമ്പനികളുണ്ടായിരുന്നു. അതിൽ 16 ലക്ഷവും സജീവമാണുതാനും. നിലവിലെ നിയമപ്രകാരം പല കമ്പനികൾക്കും ഈ പദ്ധതിക്ക് കീഴിൽ സാമൂഹിക സുരക്ഷാ പരിരക്ഷ നൽകേണ്ടതില്ല എന്നതും ശ്രദ്ധേയമാണ്. മിനിമം പെൻഷൻ വ്യവസ്ഥ പ്രകാരം, ഇപിഎസിനു കീഴിലുള്ള ഇപിഎഫ് അംഗങ്ങൾക്ക് ഇപ്പോഴും പ്രതിമാസം കേവലം 1000 രൂപ മാത്രമാണ് പെൻഷൻ ലഭിക്കുന്നത്. 

(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.