
ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടേണ്ട രണ്ടുദിനങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ലൈഫ് മിഷന്‍ മുഖേന 10 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചെന്ന പ്രഖ്യാപനം, മുണ്ടക്കൈ — ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്കായി കല്പറ്റയില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം. ഇത് രണ്ടും കേവലമായ ചടങ്ങുകളല്ല, മനുഷ്യന്റെ അതിജീവനത്തെയും ജീവനോപാധികളെയും ഉറപ്പാക്കുന്ന സാമൂഹിക ഇടപെടലുകളുടെ സാക്ഷാത്കാരമാണ്. സ്വന്തമായി ഒരു തുണ്ട് ഭൂമിയും അതില്‍ സുരക്ഷിതമായ വീടും എന്നത് സാധാരണ മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നമാണ്. ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഏകോപിതമായ രൂപം എന്ന നിലയിലാണ് 2017ല്‍ സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ ആരംഭിച്ചത്. ഭവന നിര്‍മ്മാണത്തെ ഒരു ക്ഷേമപദ്ധതിയായി മാത്രമല്ല, ഒരവകാശമായി കൈകാര്യം ചെയ്തു. അഞ്ച് ലക്ഷം വീടുകള്‍ എന്ന അഭിമാന നേട്ടത്തിലെത്തുമ്പോള്‍ എണ്ണപ്പെടുന്നത് ചുവരുകളും മേല്‍ക്കൂരകളും അല്ല, 20 ലക്ഷത്തില്‍പ്പരം മനുഷ്യരുടെ ജീവിതമാണ്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ മനുഷ്യന്റെ നിസഹായതയുടെ ആഴം കാണിച്ച ദുരന്തമായിരുന്നു. പ്രകൃതിയുടെ ഹിംസാത്മകതയില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണുനീര്‍ നമ്മുടെയാകെ വേദനയായി. ഇന്ന് കല്പറ്റ പട്ടണത്തിനു സമീപം ഉയര്‍ന്ന ടൗണ്‍ഷിപ്പ് സാങ്കേതികമായി ഒരു കെട്ടിടസമുച്ചയമാണെന്ന് വിശേഷിപ്പിക്കാമെങ്കിലും അത് ‘ആരും ഒറ്റയ്ക്കല്ല’ എന്ന സമൂഹത്തിന്റെ ഉറച്ച വാക്കാണ്. ദുരന്തനിവാരണവും പുനരധിവാസവും വെറും അടിയന്തര സഹായമായി ഒതുങ്ങാതെ, മാന്യമായ ജീവിതത്തിലേക്കുള്ള പൂര്‍ണ പുനഃപ്രവേശനമാകണം എന്ന തീരുമാനത്തിന്റെ പ്രായോഗിക രൂപമാണത്.
കിടപ്പാടമില്ലാത്തവര്‍ക്ക് വീടും ദുരന്തബാധിതര്‍ക്ക് സുരക്ഷിതമായ പുനരധിവാസവും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍, പറഞ്ഞത് ചെയ്യും എന്ന വാക്കാണ് പാലിക്കപ്പെടുന്നത്. നാടിന്റെ വികസനം എന്നത് കൂട്ടിയും കിഴിച്ചും അവതരിപ്പിക്കുന്ന കണക്കുകളല്ല, മറിച്ച് പിന്നിലായവരെ മുന്നിലാക്കുന്നതാണ് എന്ന തിരിച്ചറിവാണ് ഈ നേട്ടങ്ങളുടെ അടിസ്ഥാനം. ഇതിനെ ഭരണനേട്ടത്തിന്റെ ആഘോഷം മാത്രമല്ല, മനുഷ്യജീവിതത്തിന്റെ ഗൗരവവും മനുഷ്യത്വത്തിന്റെ പ്രാധാന്യവും സംരക്ഷിക്കാനുള്ള രാഷ്ടീയ ഇച്ഛാശക്തിയുടെ തെളിവായി സര്‍ക്കാര്‍ കാണുകയാണ്. ആ അര്‍ത്ഥത്തില്‍ കേരളത്തിന്റെ ദുരന്തനിവാരണ മാതൃകയും പൊതുവായ ക്ഷേമപ്രവര്‍ത്തനങ്ങളും രാജ്യത്തെ ഏറ്റവും തിളക്കമുള്ളതാണ്. സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് മിഷന്‍. 2026 ഫെബുവരി 21 വരെ 6,04,046 കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ ഭവനനിര്‍മ്മാണ ധനസഹായം അനുവദിച്ചു. ഇതില്‍ അഞ്ച് ലക്ഷത്തിലധികം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനമാണ് ഇന്ന് നടക്കുന്നത്. സ്വതന്ത്രമായ വീടുകള്‍ക്ക് പുറമെ ഭവന സമുച്ചയങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. നാല് ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഒരു സമുച്ചയം വിലയ്ക്ക് വാങ്ങി ഗുണഭോക്താക്കള്‍ക്ക് കൈമാറി. 10 സമുച്ചയങ്ങളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുന്നു. ഇതിനുപുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍/സന്നദ്ധ സംഘടനകള്‍, പാര്‍ട്ണര്‍ഷിപ്പ്/ സ്പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെ 13 ഭവന സമുച്ചയങ്ങളുടേ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറിയിട്ടുണ്ട്.
സര്‍ക്കാര്‍ ആരംഭിച്ച ‘മനസോടിത്തിരി മണ്ണ്’ കാമ്പയിന്റെ ഭാഗമായി 29.20 ഏക്കര്‍ ഭൂമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്/ഗുണഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കി. ഇതിന്റെ ഭാഗമാകുന്നതിന് നിരവധി സംഘടനകളും സുമനസുകളും സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുമുണ്ട്. വിവിധ പദ്ധതികള്‍ സംയോജിപ്പിച്ചാണ് “ലൈഫ്” നടപ്പിലാക്കുന്നത്. എല്ലാം ചേര്‍ത്ത് ഗുണഭോക്താക്കള്‍ക്ക് നാല് ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നു. സങ്കേതങ്ങളിലും ദുര്‍ഘട പ്രദേശങ്ങളിലും വസിക്കുന്ന പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപയാണ് ആനുകൂല്യം. ലൈഫ് പദ്ധതിക്കായി 2017–18 വര്‍ഷം മുതല്‍ ഇക്കഴിഞ്ഞ ദിവസം വരെ ആകെ ചെലവ് 20,831.60 കോടി രൂപയാണ്. അതില്‍ 2,488.90 കോടിയാണ് കേന്ദ്ര വിഹിതം. ബാക്കി 18,342.70 കോടി സംസ്ഥാന വിഹിതമാണ്. അതില്‍ ഹഡ്കോയില്‍ നിന്നെടുത്ത വായ്പയും ഉള്‍പ്പെടും. പരിമിതമായി ലഭിക്കുന്ന പിഎംഎവൈ ഗ്രാമീണ, നഗര പദ്ധതികളുടെ വിഹിതം, പിഎം ജന്‍മന്‍ പദ്ധതിയില്‍ നിന്നുള്ള 2.11 കോടി എന്നിവയൊഴിച്ചാല്‍ നമ്മുടെ സംസ്ഥാനത്തിന്റെ പദ്ധതിയാണിത്. ഇത്തരമൊരു സമ്പൂര്‍ണ പാര്‍പ്പിട‑സുരക്ഷാ പദ്ധതി രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും ഇല്ല. ഉള്ള പദ്ധതികള്‍ ലക്ഷ്യത്തിലെത്തുന്നുമില്ല. വയനാട് ജില്ലയിലെ മുണ്ടക്കൈ – ചൂരല്‍മല മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ലോക മനഃസാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു. അനവധി ജീവനുകളും സ്വപ്നങ്ങളും നഷ്ടപ്പെട്ട ആ ദുരന്തം സംഭവിച്ച ദിനം മുതല്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ ഊര്‍ജവും വിനിയോഗിച്ചു. വിവിധ രക്ഷാപ്രവര്‍ത്തന ഏജന്‍സികള്‍, സന്നദ്ധസംഘടനകള്‍, ജനങ്ങളുടെ നിസീമമായ സഹകരണം — ഇവയെല്ലാം ചേര്‍ന്നാണ് ആദ്യഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി പൂര്‍ത്തീകരിച്ചത്.
അതിനുപിന്നാലെ, പുനരധിവാസം എന്ന ദൗത്യം സര്‍ക്കാര്‍ ഏറ്റെടുത്തു. ദുരന്തബാധിതര്‍ക്ക് സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കല്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാതൃകാ ടൗണ്‍ഷിപ്പ് പടുത്തുയര്‍ത്തുകയാണ്. 2025 മാര്‍ച്ച് 27ന് തറക്കല്ലിട്ട ഈ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് നടക്കും. 64.47 ഹെക്ടര്‍ ഭൂമിയില്‍ ഉയര്‍ന്നുവരുന്ന ഈ ടൗണ്‍ഷിപ്പില്‍ 410 വീടുകളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ 178 വീടുകള്‍ പൂര്‍ത്തിയായി. 410 വീടുകളുടെയും പണി തീരുന്നതോടെ 1,662 ലധികം ആളുകള്‍ക്ക് സുരക്ഷിത കിടപ്പാടം ലഭ്യമാകും. പൊതുറോഡുകള്‍, ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സമഗ്ര പാര്‍പ്പിട പദ്ധതിയാണ്. വയനാടിന്റെ ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും പ്രത്യേകതകള്‍ പരിഗണിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. ചെറിയ ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്ന തരത്തിലാണ് വീടുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. പുനരധിവാസ പ്രവര്‍ത്തനം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതില്‍ ഒതുങ്ങുന്നതല്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തത്തില്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് ഉറപ്പാക്കി. കടമുറികള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഏഴ് ലക്ഷം രൂപ വീതവും ഒന്നില്‍ കൂടുതല്‍ കടമുറികള്‍ നഷ്ടമായാല്‍ അധികമുള്ള ഓരോ മുറിക്കും 2.5 ലക്ഷം വീതവും അനുവദിക്കുന്നു. സംരംഭകര്‍ക്ക് ഉണ്ടായ നഷ്ടത്തിന്റെ 50% വരെ നഷ്ടപരിഹാരം നല്‍കും. ഉല്പാദന മേഖലയില്‍ പരമാവധി 20 ലക്ഷം, സേവന മേഖലയിലാണെങ്കില്‍ 10 ലക്ഷം, വ്യാപാര മേഖലയിലാണെങ്കില്‍ ഏഴ് ലക്ഷം എന്നിങ്ങനെയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് അനുവദിക്കുന്നത്.
ദുരന്തബാധിതരുടെ കടബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുത്തു. 155 കുടുംബങ്ങളുടെ 1,620 വായ്പകള്‍ ഏറ്റെടുക്കുന്നതിന് ഏകദേശം 18.75 കോടി ചെലവായി. കേന്ദ്രസര്‍ക്കാര്‍ കടബാധ്യത എഴുതിത്തള്ളാന്‍ കഴിയില്ലെന്ന നിലപാട് എടുത്തപ്പോഴും സംസ്ഥാന സര്‍ക്കാര്‍ നിസംഗമായി നിന്നില്ല. കേരള ബാങ്ക് നേരത്തെ തന്നെ വായ്പകള്‍ എഴുതിത്തള്ളിയിരുന്നു. അതിന് പുറമെയുള്ള കടങ്ങള്‍ തീര്‍ക്കാനായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക കണ്ടെത്തിയത്.
വീട് നഷ്ടപ്പെട്ടവര്‍ക്ക് വാടകവീട്ടില്‍ കഴിയാന്‍ ഇതുവരെ 6.16 കോടി രൂപ നല്‍കിയിട്ടുണ്ട്. ജീവകാരുണ്യ സഹായമായി ഒരാള്‍ക്ക് 300 രൂപ വീതം 1,184 പേര്‍ക്ക് വിതരണം തുടരുന്നു; ഇതിനായി ഇതിനകം 17.7 കോടി ചെലവായി. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് 13 കോടിയില്‍ പരം രൂപ നഷ്ടപരിഹാരമായി നല്‍കി. മാതാപിതാക്കള്‍ നഷ്ടപ്പെട്ട 21 കുട്ടികള്‍ക്ക് 10 ലക്ഷം വീതം ഡിപ്പോസിറ്റായി അനുവദിച്ചു. 958 പേര്‍ക്ക് ഇപ്പോഴും ഭക്ഷണ കൂപ്പണുകള്‍ നല്‍കുന്നു. സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ വീട് വേണ്ടെന്നു പറഞ്ഞ 14 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കി.
വിവിധ സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാരിതര ഏജന്‍സികളും തൊഴിലാളികളും ചേര്‍ന്ന ഏകോപിതമായ പ്രവര്‍ത്തനഫലമാണ് മാതൃകാ ടൗണ്‍ഷിപ്പ്. ദുരന്തം സംഭവിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ ഇത്രയും വലിയ പുനര്‍നിര്‍മ്മാണ ദൗത്യം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് കൂട്ടായ്മയുടെ വിജയമാണ്. ദുരന്തങ്ങളെ അതിജീവിച്ച് മുന്നേറുന്ന ഒരു സമൂഹത്തിന്റെ കരുത്തിനും ജനപക്ഷ സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്കും തെളിവായി ഈ പദ്ധതി നിലകൊള്ളുന്നു.
ഒരു സര്‍ക്കാര്‍ എന്തിനാണ് നിലനില്‍ക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം ഈ രണ്ട് നേട്ടങ്ങളിലും കാണാം. ഒരു കുടുംബത്തിന് സ്വന്തമായി ഒരു വീട് ലഭിക്കുമ്പോള്‍ മതിലുകളും മേല്‍ക്കൂരയും മാത്രമല്ല, കിട്ടുന്നത് സുരക്ഷയും മാന്യതയും ആത്മവിശ്വാസവുമാണ്. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു സമൂഹത്തെ വീണ്ടും ഉയര്‍ത്തിനിര്‍ത്തുമ്പോള്‍, അതിനെ കേവലമായ കരുണയായല്ല സാമൂഹിക ഉത്തരവാദിത്തിന്റെ നിര്‍വഹണമായാണ് സര്‍ക്കാര്‍ കാണുന്നത്.
സാമ്പത്തിക പ്രയാസങ്ങളും വിമര്‍ശനങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടും, ‘ചെയ്യാം’ എന്നുപറഞ്ഞ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനായ അഭിമാനമാണ് സര്‍ക്കാരിനുള്ളത്. ഒരു വീട് കൈമാറുമ്പോള്‍, ഒരു കുടുംബത്തിന്റെ ഭാവി കൂടി കൈമാറുകയാണ്. ഒരു ടൗണ്‍ഷിപ്പ് പണിയുമ്പോള്‍, ഒരു സമൂഹത്തിന്റെ ആത്മവിശ്വാസം പുനഃസ്ഥാപിക്കുകയാണ്. ഇങ്ങനെ ഭരണത്തിന്റെ അര്‍ത്ഥം മാറ്റിയ ഘട്ടമാണ്, കഴിഞ്ഞ ഒരു ദശാബ്ദക്കാലം. കല്പറ്റ ടൗണ്‍ഷിപ്പ് ഉദ്ഘാടന ഘട്ടത്തില്‍ ആ ദുരന്തത്തെ നമ്മുടെ നാട് എങ്ങനെ നേരിട്ടു എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. മഹാദുരന്തത്തിന്റെ ആദ്യനാളുകളില്‍ തന്നെ കേരളം ഒറ്റക്കെട്ടായി നിന്നു. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, സേനാസംവിധാനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി നാനാ മേഖലകളിലുള്ളവര്‍ ജീവന്‍ പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നത് നമ്മുടെ നാടിന്റെ കൂട്ടായ്മയുടെ ഉജ്ജ്വലമായ ഉദാഹരണമാണ്. ആ ഘട്ടത്തില്‍ തന്നെ, ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ ലോകോത്തര നിലവാരത്തില്‍ പുനരധിവസിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ഇന്ന്, ആ വാഗ്ദാനം യാഥാര്‍ത്ഥ്യത്തിലേക്ക് മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ ചരിത്ര നിമിഷം സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന ഓരോ കയ്യും, പുനരധിവാസത്തിനായി അകമഴിഞ്ഞ് സഹായം നല്‍കിയ ഓരോ മനസും ചേര്‍ന്നുണ്ടാക്കിയ മഹാനേട്ടമാണ്. ദുരന്തത്തെ അതിജീവിച്ചും വേദനയെ ശക്തിയാക്കി മാറ്റിയും മുന്നേറുന്ന നമ്മുടെ നാടിന്റെ യാത്ര, ഒറ്റക്കെട്ടായി നാം തീര്‍ത്ത ഒരു ‘റിയല്‍ കേരള സ്റ്റോറി‘യാണ്. അത് ലോകത്തിന് മുന്നില്‍ ഒരു മാതൃകയായി ഉയര്‍ന്നുനില്‍ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.