10 January 2025, Friday
KSFE Galaxy Chits Banner 2

പ്രതിപക്ഷ ബഹുമാനം കാത്ത നേതാവ്

കെ പ്രകാശ് ബാബു 
July 18, 2023 11:14 pm

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമാനതകളില്ലാത്ത ഒരു പൊതുപ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തെ മന്ത്രി എന്ന നിലയില്‍ 1977ല്‍ കേരളം ദര്‍ശിച്ചത് ഒരു പുതിയ കാഴ്ചപ്പാടോടെയായിരുന്നു. അന്ന് തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തന്റെ അടുത്ത സുഹൃത്തുക്കളെ അംബാസിഡര്‍ കാറില്‍ കൂടെയിരുത്തിക്കൊണ്ടായിരുന്നു യാത്ര ചെയ്തിരുന്നത്. ഒരു മന്ത്രി ആ കാറിനകത്ത് ഇരിപ്പുണ്ട് എന്ന് നമുക്ക് അറിയാന്‍ സാധിക്കില്ല. കാരണം അംബാസിഡര്‍ കാറിന്റെ പിന്‍സീറ്റില്‍ നാലോ അഞ്ചോ പേര്‍ ഉറപ്പായും ഉണ്ടാകുമായിരുന്നു. അതില്‍ ഒരാളായിരിക്കും മന്ത്രി. മുമ്പിലും രണ്ടോ മൂന്നോ പേര്‍ ഉണ്ടാകും. അത്തരത്തില്‍ ആയിരുന്നു മന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ യാത്ര. ഉമ്മന്‍ചാണ്ടി എന്ന ആള്‍ക്കൂട്ടത്തിലെ രാഷ്ട്രീയ നേതാവിനെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുപോകുകയാണ്.

 


ഇതുകൂടി വായിക്കൂ;വെള്ളിത്തിരയിലെ കുഞ്ഞൂഞ്ഞ്….


1991ല്‍ ഞാന്‍ ആദ്യമായി നിയമസഭയില്‍ എത്തുമ്പോള്‍ അന്നത്തെ കരുണാകരന്‍ സര്‍ക്കാരിലെ ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ വച്ചാണ് അദ്ദേഹവുമായി നല്ല നിലയില്‍ പരിചയത്തിനും ആ നിലയില്‍ ബന്ധപ്പെടുവാനും സാധിക്കുന്നത്. അദ്ദേഹമാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് ബില്‍ നിയമം 1991ല്‍ അവതരിപ്പിക്കുന്നത്. ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി പൈലറ്റ് ചെയ്ത ആ നിയമത്തിന്റെ സെലക്ട് കമ്മിറ്റിയില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു. ലോക്കല്‍ ഫണ്ട് ഓഡിറ്റ് ബില്ലിനെ ഫലപ്രദമായ ഒരു നിയമനിര്‍മ്മാണമാക്കാന്‍ അദ്ദേഹം നല്ലതു പോലെ പരിശ്രമിച്ചു. ഞാന്‍ അടക്കമുള്ള എംഎല്‍എ മാര്‍ പറഞ്ഞ മിക്കവാറും നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു. ആ സന്ദര്‍ഭത്തിലാണ് ഒരു മന്ത്രി എന്ന നിലയിലുള്ള ഉമ്മന്‍ചാണ്ടിയുടെ പെരുമാറ്റങ്ങള്‍ ശ്രദ്ധിച്ചത്. എപ്പോഴും വലിയ ആള്‍ക്കൂട്ടമായിരിക്കും മന്ത്രിയുടെ ഓഫിസില്‍. പൊതുവെ പാറിപ്പറന്ന തലമുടിയും മുഷിഞ്ഞ വേഷങ്ങളുമൊക്കെയായി നടക്കുന്ന മന്ത്രിയുടെ ചുറ്റിലും എപ്പോഴും ആളുകള്‍ കാണും. ആ കൂട്ടത്തിലേക്ക് ചെല്ലുമ്പോഴും എംഎല്‍എമാരോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രമുഖരായ നേതാക്കളോ മറ്റോ ആണെങ്കില്‍ അവരെയെല്ലാം ഉമ്മന്‍ചാണ്ടി പ്രത്യേകമായി ശ്രദ്ധിച്ചിരിക്കും. അവര്‍ നല്‍കുന്ന നിവേദനങ്ങളെ സംബന്ധിച്ച് പെട്ടെന്ന് കാര്യങ്ങള്‍ മനസിലാക്കി അതിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അത് ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു ഉമ്മന്‍ചാണ്ടി.


ഇതുകൂടി വായിക്കൂ; ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ നിന്ന് പള്ളിയിലേക്ക്


 

നിയമസഭയിലായാലും പൊതുയോഗങ്ങളിലായാലും പ്രസംഗിക്കുമ്പോള്‍ പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നു. ഒരാളെ അനാവശ്യമായി വേദനിപ്പിക്കാനോ അവരെ ക്രൂശിക്കുന്നതിനു വേണ്ടി വ്യക്തിപരമായ വിമര്‍ശനങ്ങളോ ഒരിക്കലും നടത്തിയിരുന്നില്ല. അത് അദ്ദേഹത്തിന്റെ നല്ല സ്വഭാവമായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി അദ്ദേഹം ശ്രമിച്ചിരുന്നു. വലിയ ആള്‍ക്കൂട്ടത്തിനിടയിലും സാധാരണക്കാരായ ആളുകളുടെ പ്രശ്നങ്ങള്‍ ശ്രദ്ധിച്ചു. മറ്റ് രാഷ്ട്രീയ നേതാക്കള്‍ പറയുന്ന കാര്യങ്ങളെല്ലാം അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ കാണുന്നതിന് ഒരു തവണ ഓഫിസില്‍ പോകേണ്ടി വന്നു. ഒരു പാര്‍ട്ടി നേതാവിന്റെ ഭാര്യ ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥ ആയിരുന്നു. അവര്‍ വീടുപണിയുന്നതിന് വേണ്ടി ഒരു വായ്പ എടുത്തു. പിന്നീട് കാന്‍സര്‍ ബാധിതയായി അവര്‍ മരണപ്പെട്ടു. വായ്പയുടെ മുതലും പലിശയും എല്ലാം ചേര്‍ത്ത് വലിയ ഒരു തുക അവരുടെ ഭര്‍ത്താവായ സിപിഐ പ്രവര്‍ത്തകന് അടയ്ക്കേണ്ട സാഹചര്യം ഉണ്ടായി. നിലവിലുള്ള ഉത്തരവ് അനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വായ്പയില്‍ നിന്ന് രണ്ട് ലക്ഷം രൂപ മാത്രമെ ഇളവ് ചെയ്യുവാന്‍ അധികാരം ഉള്ളൂ. പലിശയും കൂട്ടുപലിശയും ചേര്‍ത്ത് വലിയ തുക വന്നപ്പോഴാണ് മുഖ്യമന്ത്രിയെ നിവേദനവുമായി പോയി കണ്ടത്. ഉടന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ഇളങ്കോവനെ വിളിച്ചു വരുത്തി മുഖ്യമന്ത്രി തന്നെ ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തി. എത്തരത്തില്‍ ഈ വിഷയത്തിന് പരിഹാരം കണ്ടെത്തി സഹായിക്കാന്‍ കഴിയുമെന്ന് ഗൗരവമായി ആലോചിക്കുവാന്‍ നിര്‍ദേശിച്ചു. രണ്ട് ലക്ഷം വരെ ഇളവ് ചെയ്യുവാനുള്ള അവകാശം മാത്രമേ സര്‍ക്കാരിനുള്ളൂ എന്ന കാര്യം ഇളങ്കോവന്‍ പറഞ്ഞു. അപ്പോള്‍ ഉമ്മന്‍ചാണ്ടി രണ്ട് ലക്ഷം രൂപ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുവാന്‍ പറഞ്ഞു. അങ്ങനെയാണ് ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വായ്പക്കാരന്‍ മരണപ്പെട്ടാല്‍ എഴുതിത്തള്ളാവുന്ന തുകഅഞ്ച് ലക്ഷം രൂപയായി വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം എടുക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ജീവകാരുണ്യപരമായ ഒരു സമീപനത്തിന്റെ ഫലമായിട്ടാണ് എന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.


ഇതുകൂടി വായിക്കൂ;ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി ഹൗസിലെത്തിച്ചു


”തൊഴിലാളികളില്‍ നിന്ന് തൊഴിലാളി നേതാക്കള്‍ മാറി നില്‍ക്കാന്‍ പാടില്ല. തൊഴിലാളികളില്‍ നിന്ന് മാറിക്കഴിഞ്ഞാല്‍ കരയിലെടുത്തിട്ട മീനിനെപ്പോലെയാണ് നേതാക്കള്‍” എന്ന് സഖാവ് ലെനിന്‍ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടി അതുപോലെയാണ് ജനങ്ങളുടെ കാര്യത്തില്‍. ജനങ്ങളില്‍ നിന്ന് മാറി നിന്നുകൊണ്ടുള്ള ഒരു പ്രവര്‍ത്തനവും ഉമ്മന്‍ചാണ്ടിക്ക് ഇല്ലായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെന്മല പഞ്ചായത്തിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാര്യ മരിച്ചപ്പോള്‍ വീട്ടില്‍ ഉമ്മന്‍ചാണ്ടി എത്തിയിരുന്നു. മരണശേഷം രണ്ട് ദിവസം കഴിഞ്ഞാണ് അദ്ദേഹം എത്തിയത്. അന്നാണ് എനിക്കും അവിടെ പോകുവാനുള്ള സൗകര്യം കിട്ടിയത്. അന്ന് അദ്ദേഹത്തിന്റെ തൊണ്ട അടഞ്ഞിരിക്കുകയായിരുന്നു. അത് ചോദിച്ചപ്പോള്‍, ‘എല്ലാ ദിവസവും പ്രസംഗവും പരിപാടിയും തന്നല്ലെ’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ‘ആരെയെങ്കിലും കാണിക്കുന്നത് നല്ലതല്ലെ’ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ‘ആ ഇത്തരത്തില്‍ അങ്ങു പോട്ടെ’ എന്ന അലസമായ മറുപടിയാണ് ലഭിച്ചത്.

വീണ്ടും ഒരു വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന് തൊണ്ടയ്ക്ക് അസുഖമാണെന്നും ചികിത്സയ്ക്കായി പോയതായും അറിയുന്നത്. ചികിത്സ കഴിഞ്ഞ് വന്ന ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളി വീട്ടില്‍ പോയി പന്ന്യന്‍ രവീന്ദ്രനൊപ്പം സന്ദര്‍ശിച്ചിരുന്നു. ബംഗളൂരുവില്‍ ചികിത്സയ്ക്ക് പോയി വന്നതിന് ശേഷവും അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടില്‍ പോയി കണ്ട് ഏറെ നേരം സംസാരിച്ചു. നാല് മാസം മുമ്പ് ഒരിക്കല്‍ കൂടി അദ്ദേഹത്തെ സന്ദര്‍ശിച്ചു. എംഎല്‍എ ആയി 50ാം വാര്‍ഷികം ആഘോഷിക്കുന്ന സമയത്തും നേരിട്ട് കണ്ട് ആശംസ അറിയിച്ചു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.