15 December 2025, Monday

ഭയന്നുവിറച്ചൊരു ജീവിതം

സി ആർ ജോസ്‌പ്രകാശ്
March 1, 2025 4:33 am

ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ, ജനകീയ സർക്കാർ അധികാരത്തിൽ വരികയും ചെയ്തിട്ടുണ്ട്. എങ്കിലും ജനജീവിതത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. അത് സംസ്ഥാന സർക്കാരിന്റെ കുറ്റമായി കാണാനാകില്ല. കാരണം സംസ്ഥാനത്തിന് സ്വതന്ത്ര പദവി നൽകിയിട്ടില്ല. ഇപ്പോഴും കേന്ദ്രഭരണ പ്രദേശമാണ്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിന്‍ഹയിലൂടെയും ഉദ്യോഗസ്ഥരിലൂടെയും എല്ലാ അധികാരങ്ങളും കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാണ്. പൊലീസിന്റെ നിയന്ത്രണം പോലും കേന്ദ്രസർക്കാരിന്റെ കൈകളിലാണ്.
കേരളത്തോടും മറ്റു പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടുമുള്ള സമീപനമല്ല, കേന്ദ്രസർക്കാരിന് ജമ്മു കശ്മീരിനോടുള്ളത്. ഈ സംസ്ഥാനത്തിന് വേണ്ടി എത്ര കോടികൾ ചെലവഴിക്കാനും പദ്ധതികൾ നടപ്പിലാക്കാനും കേന്ദ്രത്തിന് മടിയില്ല. പക്ഷേ, തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാനുതകുന്ന കാര്യങ്ങൾക്ക് മാത്രമേ പണം നൽകുകയുള്ളൂ എന്ന് മാത്രം. വിഭജനാനന്തരം വെറുംകയ്യോടെ പാകിസ്ഥാനിൽ നിന്ന് ജമ്മു കശ്മീരിൽ എത്തിയവർക്ക് വേണ്ടി ജവഹർലാൽ നെഹ്രു സർക്കാർ രക്ഷാനടപടികൾ കൈക്കൊണ്ടു. പുതിയ ജീവിതം കെട്ടിപ്പടുക്കുവാൻ ഭൂമി സൗജന്യമായി നൽകി. വീടുവയ്ക്കാൻ സഹായം നൽകി. തുടർന്നുവന്ന സർക്കാരുകളും നിരവധി ക്ഷേമ പദ്ധതികൾ ഇവിടെ നടപ്പിലാക്കി. എന്നാൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന ഇന്ത്യ‑പാകിസ്ഥാൻ യുദ്ധങ്ങളും ഇടയ്ക്കൊക്കെ പൊട്ടിപ്പുറപ്പെട്ട ചെറുതും വലുതുമായ അതിർത്തി സംഘട്ടനങ്ങളും ഹിന്ദു — മുസ്ലിം തീവ്രവാദികളുടെ ക്രൂരകൃത്യങ്ങളും അവരെ നേരിടാൻ ഇറങ്ങിയ പട്ടാളക്കാർ പൊതുസമൂഹത്തെ ക്രൂരമായി വേട്ടയാടിയതും സ്ത്രീസമൂഹത്തോട് പൈശാചികമായി പെരുമാറിയതുമെല്ലാം ക്രമേണ സാധാരണ ജീവിതം അസാധ്യമാക്കി. ഇടയ്ക്കിടെ കാലാവസ്ഥ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളും വേദനക്കിടയാക്കുന്നു. സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും കശ്മീര്‍ ജനതയ്ക്ക് സാധാരണ ജീവിതം ഇന്നും സ്വപ്നം കാണാൻ പോലും കഴിയുന്നില്ല എന്നതാണവസ്ഥ.

മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജീവിതവുമായി താരതമ്യം ചെയ്താൽ, അതിദാരിദ്ര്യമുള്ളവർ ജമ്മു കശ്മീരിൽ കുറവാണ്. സാക്ഷരത മെച്ചപ്പെട്ട നിലയിലാണ്. ചികിത്സാ സംവിധാനങ്ങളും ഗതാഗത സംവിധാനങ്ങളും എല്ലാം ശരാശരിക്ക് മുകളിലാണ്. സർക്കാർ ഓഫിസുകളുടെ പ്രവർത്തനം താരതമ്യേന കാര്യക്ഷമമാണ്. കാർഷികമേഖല ചലനാത്മകമാണ്. ഈ യാഥാർത്ഥ്യങ്ങളൊക്കെ നിലനിൽക്കുമ്പോഴും അടുത്ത നിമിഷം, അടുത്ത മണിക്കൂർ, അടുത്തദിവസം എന്തു സംഭവിക്കുമെന്ന ആശങ്ക എല്ലാവരെയും വേട്ടയാടുന്നുണ്ട്. ജമ്മു കശ്മീർ ഒരു സംസ്ഥാനമാണെങ്കിലും ഒട്ടേറെ കാര്യങ്ങളിൽ ജമ്മുവും കശ്മീരും രണ്ട് ധ്രുവങ്ങളിലാണ്. ജമ്മുവിൽ നിന്ന് റോഡുമാർഗം കശ്മീരിലെത്താൻ 10 മണിക്കൂറിലധികം യാത്ര ചെയ്യണം. 310 കിലോമീറ്റർ ദൂരമുണ്ട്. ജമ്മുവിൽ 70 ശതമാനത്തിലധികം ഹിന്ദുക്കളാണ്. 20 ശതമാനത്തിലധികം മുസ്ലിങ്ങളും ധാരാളം സിഖ് സമുദായക്കാരുമുണ്ട്. കശ്മീരിലാകട്ടെ 95 ശതമാനത്തിലധികം മുസ്ലിങ്ങളാണ്.
കശ്മീർ അതിമനോഹരമാണ്. വർഷത്തിൽ കൂടുതൽ സമയവും മഞ്ഞുമൂടിക്കിടക്കുന്ന സ്ഥലം. പ്രകൃതി സൗന്ദര്യം പുഷ്പിച്ചു നിൽക്കാത്ത ഒരു ചെറിയ പ്രദേശം പോലും കാണാൻ കഴിയില്ല. ഓരോ മലയും അതിന്റെ താഴ്‌വരകളും ദാൽ തടാകവും ലോക സൗന്ദര്യത്തിന്റെ കേന്ദ്രങ്ങളിൽ ഒന്നായി കശ്മീരിനെ മാറ്റുന്നു. എന്നാൽ ജമ്മുവിലെ ഭൂപ്രകൃതി മറ്റൊന്നാണ്. ഡൽഹിയോടും പഞ്ചാബിനോടും ഹരിയാനയോടും ഉപമിക്കാവുന്നതാണ് ഇവിടുത്തെ കാലാവസ്ഥ. പകുതിയിലധികം മാസങ്ങളിൽ തണുത്ത കാലാവസ്ഥ തന്നെ. എന്നാൽ ഏപ്രിൽ മാസം പിന്നിടുമ്പോൾ ചൂടുകൂടും. 40–45 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരും. അപ്പോഴും കശ്മീർ മഞ്ഞിൽ പുതച്ചു നിൽക്കും. വൈഷ്ണോദേവി, രഘുനാഥ് മന്ദിർ എന്നീ ക്ഷേത്രങ്ങളാണ് ജമ്മുവിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ.

സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ തന്നെ പാകിസ്ഥാൻ, ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇപ്പോൾ ഹിന്ദു തീവ്രവാദികളും മുസ്ലിം തീവ്രവാദികളും ഇതിനെ അവസരമായി കാണുന്നു. ജമ്മുവിൽ ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ളതിനാൽ അവിടെ ആർഎസ്എസ്- ബിജെപി ശക്തികൾ ഹിന്ദു കാർഡ് ഫലപ്രദമായി ഉപയോഗിക്കുന്നു. അതിന്റെ നേട്ടം പാർലമെന്റ്, നിയമസഭാ, മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പുകളിൽ അവർ കൊയ്തെടുക്കുകയും ചെയ്തു. മുസ്ലിം ഭൂരിപക്ഷമുള്ള കശ്മീരിൽ ബിജെപി തീർത്തും ദുർബലമാണ്. അവിടെ നാഷണൽ കോൺഫെറൻസാണ് മുന്നിൽ. ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നതും നാഷണൽ കോൺഫെറൻസ് തന്നെ. പക്ഷേ പുതിയ സർക്കാരിന് അധികകാലം തുടരാനാകുമോ എന്നത് ഒരു ചോദ്യമാണ്. കാരണം പണവും അധികാരവും ഉപയോഗിച്ച് സർക്കാരിനെ തകർക്കാനുള്ള കരുനീക്കങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
കശ്മീരിലെ ഒരു വിഭാഗം ജനങ്ങളിൽ ‘ഇന്ത്യാ വിരുദ്ധത’ ഇന്നും ശക്തമായി തുടരുന്നു എന്നതും ഗുരുതര പ്രശ്നമായി നിലനിൽക്കുന്നു. എല്ലാ പ്രതിസന്ധികൾക്കിടയിലും ഹിന്ദു, മുസ്ലിം, സിഖ് സമുദായങ്ങളിൽ പെട്ടവർ പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും കഴിയുന്ന കാഴ്ച ഒറ്റപ്പെട്ടതല്ല. പക്ഷേ, ചില സന്ദർഭങ്ങളിൽ അവർ പോലും നിസഹായരായി മാറും. മത തീവ്രവാദത്തിന്റെ ശേഷിയതാണ്. പക്ഷേ, ഹിന്ദുവായാലും മുസ്ലിമായാലും ജമ്മു കശ്മീരിലെ ഭൂരിപക്ഷം മനുഷ്യനും ആഗ്രഹിക്കുന്നത് സമാധാനം ഉണ്ടാകാനാണ്. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ദേശീയ സംഘടനയായ ‘ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് കോൺഫെഡറേഷ’ന്റെ ജമ്മു കശ്മീരിലെ അംഗ സംഘടനയായ ‘ജമ്മു കശ്മീർ എംപ്ലോയീസ് കോ-ഓർഡിനേഷൻ കമ്മിറ്റി‘യുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനായിരുന്നു ലേഖകൻ ജമ്മുവിൽ എത്തിയത്. സമ്മേളനം നടത്തുന്ന ഹാളിനുപുറത്ത് മുദ്രാവാക്യം വിളിക്കാനോ പ്രകടനം നടത്താനോ കൊടിതോരണങ്ങൾ കെട്ടി അലങ്കരിക്കാനോ അനുമതി ഉണ്ടായിരുന്നില്ല. സമ്മേളനം തുടങ്ങി, അവസാനിക്കുന്നതുവരെ പട്ടാളക്കാരുടെ നിരവധി വാഹനങ്ങൾ റോന്തുചുറ്റിക്കൊണ്ടിരുന്നു.

‘ഒത്തുകൂടാനും ഹാൾ മീറ്റിങ് നടത്താനും ഇപ്പോൾ കഴിയുന്നുണ്ടല്ലോ’ എന്ന ആശ്വാസത്തിലായിരുന്നു ദീർഘകാലത്തെ സംഘടനാ പ്രവർത്തനത്തിന്റെ അനുഭവപാഠമുള്ള സംഘടനയുടെ പ്രസിഡന്റ് മൊഹമ്മദ് മഖ്ബൂൾ. കാരണം 12 വർഷക്കാലം ഒരു സംഘടനാ പ്രവർത്തനവും അവിടെ സാധ്യമായിരുന്നില്ല. എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടു. പല കാരണങ്ങളാൽ മൂന്ന് പ്രാവശ്യം മൊഹമ്മദ് മഖ്ബൂൾ ജയിലിലടയ്ക്കപ്പെട്ടു. ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു. ദീർഘമായ നിയമ പോരാട്ടത്തിനൊടുവിൽ സുപ്രീം കോടതി വിധിയിലൂടെയാണ് സർവീസിൽ മടങ്ങിയെത്തിയത്. ഇത് നിരവധി സംഘടനാ നേതാക്കളുടെ അനുഭവവുമാണ്.
സമ്മേളനത്തിനുശേഷം സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസിൽ പോയി സംസ്ഥാന സെക്രട്ടറി മിസറാബുവുമായി രണ്ടു മണിക്കൂറിലധികം നീണ്ടുനിന്ന സംഭാഷണം നടത്തി. ഹിന്ദു-മുസ്ലിം തീവ്രവാദത്തിനെതിരെയും മതനിരപേക്ഷത സംരക്ഷിക്കുന്നതിനുവേണ്ടിയും കമ്മ്യൂണിസ്റ്റ് പാർട്ടി ജമ്മു കശ്മീരിൽ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഈ പ്രവർത്തനത്തിൽ ഏർപ്പെട്ട 16 സഖാക്കളാണ് തോക്കിനിരയായതെന്നും അതിൽ നിരവധി നേതാക്കൾ ഉൾപ്പെട്ടിരുന്നുവെന്നും വേദനയോടെ പറഞ്ഞു. മത തീവ്രവാദം ശക്തിപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സംഭവിച്ച ശക്തിക്ഷയം മറികടക്കാനുള്ള ശ്രമം നടത്തിവരികയാണെന്നും മിസറാബു പറഞ്ഞു. കോൺഗ്രസും വല്ലാതെ ക്ഷീണിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മുവിൽ നിന്നും പാകിസ്ഥാൻ അതിർത്തി പങ്കിടുന്ന ‘ആർഎസ് പുര’ത്തെത്താൻ 26 കിലോമീറ്റര്‍ ദൂരമേയുള്ളൂ. അവിടെ ഇന്ത്യൻ പട്ടാളത്തിന്റെ പരേഡും കലാപരിപാടികളും എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം നടക്കും. ആയിരക്കണക്കിന് ഇന്ത്യക്കാർ ഇവിടെ എത്തിച്ചേരുന്നു. പരേഡ് കഴിഞ്ഞതിനുശേഷം, അതിർത്തിയിലുള്ള ഇടുങ്ങിയ റോഡിലൂടെ വളരെ ദൂരം കാറിൽ യാത്ര ചെയ്തു. അതിർത്തിയോട് ചേർന്ന ഗ്രാമമായ ‘സംജീദ്ഘട്ടിൽ’ താമസിക്കുന്ന അജയ് ശർമ്മ ഒപ്പമുണ്ടായിരുന്നതിനാൽ അതിർത്തിയിലെ വഴികൾ നല്ല നിശ്ചയമായിരുന്നു. കശ്മീരിൽ ജനിച്ചു വളർന്ന മൊഹമ്മദ് മഖ്ബുൾ, അതിർത്തിയിൽ താമസിക്കുന്ന ഹിന്ദുവായ അജയ് ശർമ്മ, പഞ്ചാബിയായ ഡോ. ശശിപാൽ സിങ് എന്നിവരായിരുന്നു കാറിൽ എന്നോടൊപ്പം ഉണ്ടായിരുന്നത്.
ഒരു കമ്പിവേലിക്കപ്പുറവും ഇപ്പുറവുമായി രണ്ടു രാജ്യങ്ങൾ. ഇന്നലെകളിൽ ഒന്നായിരുന്നവർ. മതങ്ങൾ മനുഷ്യരെ പലതായി വിഭജിച്ചു. ലക്ഷക്കണക്കിന് മനുഷ്യരിൽ വിഭജനം സൃഷ്ടിച്ച മുറിവുകൾ ഇന്നും നീറിപ്പുകഞ്ഞ് നിൽക്കുന്നു. മത തീവ്രവാദത്തിന്റെ ഭീകരതയിൽ നിന്ന് രക്ഷപ്പെട്ട്, എല്ലാ മനുഷ്യരുമായി സഹകരിച്ച്, പൗരാവകാശങ്ങൾ ആസ്വദിച്ച് കഴിയുന്ന ഒരു കാലം അവരെല്ലാം സ്വപ്നം കാണുന്നു എന്ന് അവരുടെ സംഭാഷണത്തിൽ നിന്നു മനസിലായി. ഇക്കാര്യത്തിൽ കേരളത്തെ കുറിച്ചോർക്കുമ്പോൾ അഭിമാനവും അസൂയയും ഉണ്ടെന്നും അവർ പറഞ്ഞു.

(ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് കോൺഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.